വർക്കല: മകന്റെ അടുത്തെത്താൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമ്മ കാറിടിച്ചു മരിച്ചു. വർക്കല അയിരൂർ പാലത്തിനു സമീപം കലാനിവാസിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ശാന്തമ്മ(76)യാണ് മരിച്ചത്. അപകടത്തെത്തുടർന്ന് നിർത്താതെ പോയ കാർ അയിരൂരിൽനിന്ന് പോലീസ് പിടികൂടി. കാറോടിച്ചിരുന്ന അയിരൂർ തേവണംപണയിൽ വീട്ടിൽ റെനിമോനെ അറസ്റ്റുചെയ്തു. ചൊവ്വാഴ്ച വൈകീട്ട് 6.30-നായിരുന്നു സംഭവം. മകനോടൊപ്പം താമസിക്കുന്ന ശാന്തമ്മ, എന്നും രാവിലെ സ്വന്തം വീട്ടിലേക്കു പോവുകയും വൈകീട്ട് മകൻ വന്ന് കൂട്ടിക്കൊണ്ടുപോവുകയുമാണ് പതിവ്. ചൊവ്വാഴ്ചയും പതിവുപോലെ വിളിക്കാനെത്തിയ മകന്റെ അടുത്തെത്താൻ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ഊന്നിൻമൂട് ഭാഗത്തുനിന്ന് അയിരൂരിലേക്കു പോയ കാർ, ശാന്തമ്മയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്നു കാർ.ഇടിച്ചശേഷം 40 മീറ്ററോളം ശാന്തമ്മയെ വലിച്ചുകൊണ്ട് കാർ മുന്നോട്ടുനീങ്ങി. റോഡരികിൽ വീണ ശാന്തമ്മയെ ഉപേക്ഷിച്ച് കാർ നിർത്താതെപോയി. വിവരമറിഞ്ഞ് അയിരൂർ ജങ്ഷനിൽ വച്ച് പോലീസ് കാർ തടഞ്ഞ് റെനിമോനെ പിടികൂടുകയായിരുന്നു. കാറിൽ റെനിമോനും സുഹൃത്ത് അരുണുമാണ് ഉണ്ടായിരുന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ ഉടൻ വർക്കലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കാർ ഡ്രൈവർക്കെതിരേ കുറ്റകരമായ നരഹത്യക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു.മക്കൾ: ശശികല, സുജാത, പരേതനായ മണികണ്ഠൻ, അനിൽകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ സുഭാഷ്, ബീന.
from mathrubhumi.latestnews.rssfeed https://ift.tt/2RGdI03
via
IFTTT