ന്യൂഡൽഹി: ഫൈസർ, മൊഡേണ എന്നീ അമേരിക്കൻ വാക്സിനുകൾ ഇന്ത്യയിലേക്ക്. ഫൈസർ വാക്സിൻ ഇക്കൊല്ലംതന്നെ ലഭ്യമാകുമെന്നാണ് സൂചന. മൊഡേണ വാക്സിൻ അടുത്തവർഷമേ വിതരണത്തിനെത്തൂ. ഇന്ത്യയിലെ വിതരണത്തിന് ഫൈസർ ചില ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന്മേൽ കേന്ദ്രത്തിന്റെ തീരുമാനം വൈകാതെയുണ്ടാകും. വാക്സിനുകൾ സംസ്ഥാനങ്ങൾക്ക് നേരിട്ടുനൽകില്ലെന്ന് അമേരിക്കൻ കമ്പനികൾ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇടപെടൽ. ഫൈസർ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് നേരത്തേ കേന്ദ്രം അനുമതി നൽകിയിരുന്നില്ല. രണ്ടാംതരംഗം വ്യാപകമാവുകയും രാജ്യത്ത് വാക്സിൻക്ഷാമം രൂക്ഷമാവുകയും ചെയ്തപ്പോഴാണ് സംസ്ഥാനങ്ങളുടെ സമ്മർദത്തിനുവഴങ്ങി വിദേശത്തുനിന്ന് സംഭരിക്കാനുള്ള നീക്കം ആരംഭിച്ചത്. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി അഞ്ചുകോടി ഡോസ് വാക്സിൻ നൽകാമെന്ന നിർദേശമാണ് ഫൈസർ കേന്ദ്രത്തിന് സമർപ്പിച്ചിട്ടുള്ളത്. ഉപാധിയെന്നനിലയ്ക്ക് വാക്സിൻ വാങ്ങുന്ന രാജ്യം നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെക്കണം. അമേരിക്കയുൾപ്പെടെ 116 രാജ്യങ്ങളുമായും അവർ ഇത്തരത്തിൽ കരാർ ഉണ്ടാക്കിയാണ് വാക്സിൻ നൽകുന്നത്. അന്തിമാനുമതി ലഭിച്ചാൽ ഇന്ത്യയിൽ വീണ്ടും പരീക്ഷണം നടത്തുന്നതടക്കമുള്ള നിബന്ധനകൾ ഒഴിവാക്കണമെന്നും ഫൈസർ ആവശ്യപ്പെട്ടിട്ടുണ്ടത്രെ. മൊഡേണ അടുത്തകൊല്ലം അഞ്ചുകോടി ഡോസ് ലഭ്യമാക്കാനാണ് ശ്രമം നടക്കുന്നത്. പ്രമുഖ മരുന്നുകമ്പനിയായ സിപ്ല മുഖേനയായിരിക്കും അത് ഇന്ത്യയിലെത്തുക. Content Highlights: Moderna, Pfizer Covid Vaccines Likely In India Next Year: Report
from mathrubhumi.latestnews.rssfeed https://ift.tt/3oUHcTT
via
IFTTT