Breaking

Sunday, May 30, 2021

80:20 അനുപാതം ഇടതുസർക്കാരിന് പറ്റിയ അബദ്ധമെന്ന് ലീഗ്

മലപ്പുറം: ന്യൂനപക്ഷ മെറിറ്റ് സ്കോളർഷിപ്പ് അനുപാതം 80:20 എന്ന് നിശ്ചയിച്ചത് ഇടതു സർക്കാരിന് സംഭവിച്ച അബദ്ധമാണെന്ന് മുസ്‌ലിം ലീഗ്. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ ക്ഷേമത്തിനായി സച്ചാർ കമ്മിറ്റിയുടെ നിർദേശപ്രകാരം നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ 20 ശതമാനം വി.എസ്. അച്യുതാനന്ദൻ സർക്കാറാണ് മറ്റു വിഭാഗങ്ങൾക്കുകൂടി അനുവദിച്ചതെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ആ അബദ്ധമാണ് ഹൈക്കോടതി ഉത്തരവിലേക്ക് നയിച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.സച്ചാർ കമ്മിഷൻ ശുപാർശകൾ, രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഇടതുസർക്കാർ പാലോളി കമ്മിറ്റി എന്ന പേരിൽ നടപ്പാക്കുകയായിരുന്നു. മുസ്‌ലിങ്ങളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ശുപാർശകൾ മറ്റു ന്യൂനപക്ഷ വിഭാഗത്തിനുകൂടി അനുവദിച്ച് കേരള സർക്കാർ ഉത്തരവിറക്കി. 2011 ജനുവരി 31-നായിരുന്നു ആദ്യ ഉത്തരവ്. മുസ്‌ലിം യുവജനതയ്ക്കായുള്ള പരിശീലനകേന്ദ്രത്തിലെ 10 മുതൽ 20 ശതമാനം വരെ സീറ്റുകളിൽ മറ്റു ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക സമുദായങ്ങൾക്കും പ്രവേശനം അനുവദിച്ചു. രണ്ടാമത് ഉത്തരവിൽ (22.02.2011) വിദ്യാർഥിനികൾക്കുള്ള സ്കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപെൻഡ്‌ എന്നിവ ലത്തീൻ ക്രിസ്ത്യൻ, പരിവർത്തന ക്രിസ്ത്യൻ വിഭാഗങ്ങൾക്കുകൂടി അനുവദിച്ചു. മുസ്‌ലിം വിഭാഗത്തിനും മറ്റുള്ളവർക്കുമായി പ്രത്യേകം പദ്ധതികൾ തയ്യാറാക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ വെള്ളം ചേർക്കുകയാണ് ഇടതുസർക്കാർ ചെയ്തത്. ഹൈക്കോടതി പ്രശ്നത്തിന്റെ ഉപരിതലത്തിൽ നിന്നാണ് പരിശോധിച്ചത്. വിധിക്കെതിരേ സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും ലീഗ് ഇടപെടുന്നതിന്റെ നിയമസാധുത പരിശോധിക്കുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാമും പത്രസമ്മേളനത്തിൽ പങ്കെടുത്തു.അനുപാതം നിശ്ചയിച്ചത് യു.ഡി.എഫ്. -പാലോളിന്യൂനപക്ഷ സ്കോളർഷിപ്പിന് 80:20 എന്ന അനുപാതം നിശ്ചയിച്ചത് 2011-ൽ അധികാരത്തിൽ വന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാറാണെന്ന് സി.പി.എം. നേതാവ് പാലോളി മുഹമ്മദ് കുട്ടി. പ്രത്യക്ഷത്തിൽത്തന്നെ വലിയ അന്തരം തോന്നുന്ന ആ അനുപാതമാണ് അപകടമുണ്ടാക്കിയതെന്ന് പാലോളി കമ്മിറ്റി അധ്യക്ഷനായിരുന്ന അദ്ദേഹം പ്രതികരിച്ചു. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിലെ മുസ്‌ലിങ്ങളുടെ സാഹചര്യം താരതമ്യേന മെച്ചമാണെന്നായിരുന്നു സച്ചാർ കമ്മിഷന്റെ കണ്ടെത്തൽ. സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കുമ്പോൾ മറ്റു ന്യൂനപക്ഷങ്ങളെക്കൂടി പരിഗണിക്കണമെന്നായിരുന്നു എൽ.ഡി.എഫ്. സർക്കാരിന്റെ തീരുമാനം. അതുകൂടി കണക്കിലെടുത്താണ് പാലോളി കമ്മിറ്റിയുണ്ടാക്കിയത്. അതിൽ ക്രിസ്ത്യൻ പ്രതിനിധികളുമുണ്ടായിരുന്നു. ആനുകൂല്യങ്ങൾ മറ്റു ന്യൂനപക്ഷങ്ങൾക്കുകൂടി കൊടുക്കണമെന്ന് എൽ.ഡി.എഫ്. തീരുമാനിച്ചിരുന്നെങ്കിലും 80:20 അനുപാതം യു.ഡി.എഫ്. സർക്കാരാണ് വെച്ചത് -പാലോളി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2RMhZPz
via IFTTT