Breaking

Thursday, May 27, 2021

മരണ മുനമ്പിൽനിന്ന് മടങ്ങിയിട്ടും പ്രിലിജിന്റെ മനസ്സിൽ കടലിന്റെ താണ്ഡവം

മല്ലപ്പള്ളി (പത്തനംതിട്ട): ടൗട്ടേ ചുഴലിക്കാറ്റിന്റെ താണ്ഡവത്തിൽ ഇളകിമറിഞ്ഞ തിരമാലകൾ. അവയ്ക്കിടയിൽ ജീവൻ തുലാസിലാടിയ 20 മണിക്കൂർ. മരണമുഖത്ത് നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടും പഴയ താളത്തിലെത്തിയിട്ടില്ല തുരുത്തിക്കാട് കൊച്ചുപറമ്പിൽ പ്രിലിജ് ഫിലിപ്പ് സക്കറിയയുടെ മനസ്സ്. കടലിൽ കൈകോർത്തുകിടന്ന കൂട്ടുകാരനെ കരയിലെത്തിക്കാവാതെപോയ നൊമ്പരത്തിലാണ് ഈ ഇരുപത്തൊമ്പതുകാരൻ. അപകടത്തിൽ മരിച്ച അടൂർ പഴകുളം ആലുംമൂട് വില്ലയിൽ വിവേക് സുരേന്ദ്രനൊപ്പം പപ്പാ 305 ബാർജിൽ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു പ്രിലിജ്. മൂന്ന് ബാർജുകളാണ് പുറങ്കടലിൽ ഉണ്ടായിരുന്നത്. അപകട മുന്നറിയിപ്പ് കിട്ടിയപ്പോൾ രണ്ടെണ്ണം കരയിലേക്ക് മടങ്ങി. ഇവർ 200 മീറ്റർ മാറ്റി നങ്കൂരമിട്ടു. കൊടുംകാറ്റിനെ അതിജീവിക്കാമെന്നായിരുന്നു ക്യാപ്റ്റന്റെ ധാരണ. അത് തെറ്റായിരുന്നെന്ന് പിന്നീട് തെളിഞ്ഞു. മേയ് 16 രാത്രിയിലെ കാറ്റും മഴയും കനത്തു. 17-ന് രാവിലെ നങ്കൂരങ്ങൾ തകർന്ന് ബാർജ് ഇളകിയാടി. റിഗ്ഗിന്റെ വശങ്ങളിലെവിടെയോ തട്ടി പുറംചട്ട പൊളിഞ്ഞു. വെള്ളം കയറിത്തുടങ്ങി. ബക്കറ്റുകൊണ്ട് കോരി കളഞ്ഞിട്ടും തീരുന്നില്ല. അപായസന്ദേശം അയയ്ക്കാൻ റേഡിയോ ഓഫീസർ നോക്കിയെങ്കിലും നടന്നില്ല. പിന്നെയെല്ലാം ടൈറ്റാനിക് സിനിമയിലെ ഭീതിപ്പെടുത്തുന്ന രംഗങ്ങൾ പോലെ. ഒരു വശം കടലിൽ താഴുന്നു. എല്ലാവരും എതിർഭാഗത്തെ കമ്പിയിൽ പിടിച്ചുനിൽക്കാൻ ടീം ലീഡർ സുരേഷ് കൃഷ്ണന്റെ നിർദേശം വന്നു. വഴുതിവീണവർ മുങ്ങിത്താഴുന്നത് കണ്ടുനില്ക്കാൻ മാത്രമേ മറ്റുള്ളവർക്ക് കഴിഞ്ഞുള്ളൂ. മൂന്ന് ലൈഫ് ബോട്ടുകളിൽ രണ്ടും കേടുവന്നതായിരുന്നു. അവസാനത്തേത് തിരയിൽപ്പെട്ട് തകർന്നു. രക്ഷിക്കാനെത്തിയ നാവികസേനയുടെ ഐ.എൻ.എസ്. കൊച്ചിയും കൽക്കത്തയും കപ്പലുകൾ അകലെ കാണാം. ബാർജുമായി ഇടിക്കുമെന്ന ഭീതിയിൽ അവർക്ക് അടുക്കാനാവുന്നില്ല. അരികിലേക്ക് നീന്തിച്ചെല്ലാൻ ശ്രമിച്ചവരെയും ഓളപ്പാത്തികൾ കവർന്നു. വൈകീട്ട് ആറ് മണിയായതോടെ ബാർജ് പൂർണമായി മുങ്ങുന്ന സ്ഥിതിയായി. ബാക്കിയായവർ മരണം മുന്നിൽകണ്ട് കടലിലേക്ക് ചാടി. കുറേപ്പേർ ഒന്നിച്ച് നിന്നാൽ രക്ഷപ്പെടുമെന്ന ചിന്തയിൽ പരസ്പരം കൈകൾ കോർത്ത് ലൈഫ് ജാക്കറ്റിന്റെ കരുത്തിൽ പൊങ്ങിക്കിടന്നു. അതിലൊരാളായിരുന്നു വിവേക്. പക്ഷേ അടുത്ത തിരയിൽ എല്ലാവരും പലവഴിക്ക് ചിതറിപ്പോയി. വിവേകിനെ പിന്നെ കണ്ടതേയില്ല. ഇരുട്ട് പരന്നതോടെ ആളുകളും രക്ഷാക്കപ്പലുകളും കണ്ണിൽനിന്ന് മറഞ്ഞു. മഴയും കാറ്റും തിരമാലകളും പരസ്പരം പൊരുതുന്നതിനിടയിൽ നേരവും കാലവും അറിയാതെ മണിക്കൂറുകൾ കടന്നു. ഒടുവിലെപ്പെഴോ അടുത്തെത്തിയ കപ്പലിൽനിന്ന് നീട്ടിയ ലൈഫ് ബോയിൽ പിടികിട്ടി. അവരിട്ട വലയിൽ കുരുങ്ങി ഡെക്കിലെത്തിയതുമാത്രം ഓർമയുണ്ട്. പിന്നീടറിഞ്ഞു 18 പുലർച്ചെ രണ്ടിനാണ് രക്ഷപ്പെടുത്തിയതെന്ന്. ഏഴ് മാസമേയായിരുന്നുള്ളൂ പ്രിലിജ് ഈ ബാർജിൽ ജോലിക്ക് കയറിയിട്ട്. കടലിലേക്ക് മടങ്ങുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല. 224 ജീവനക്കാരുണ്ടായിരുന്ന ബാർജിലെ 186 പേരെ നാവികസേന വീണ്ടെടുത്തു. മറ്റ് ബോട്ടുകളിലെയടക്കം 71 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ 20 എണ്ണം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. Content Highlights: Barge P305 tragedy, mumbai barge accident


from mathrubhumi.latestnews.rssfeed https://ift.tt/2RMufPO
via IFTTT