Breaking

Monday, May 31, 2021

കഴിവിനു പ്രാധാന്യം നൽകാൻ സി.പി.എം.; ഘടകകക്ഷികൾക്കും സമ്മർദം

കൊച്ചി: ഗവ. പ്ലീഡർമാരുടെ നിയമനത്തിൽ കഴിവിനു പ്രാധാന്യംനൽകാൻ സി.പി.എം. തീരുമാനിക്കുമ്പോൾ വെട്ടിലാവുന്നത് ഘടകകക്ഷികൾ. ഗവ. പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കുമേൽ കടുത്ത സമ്മർദമാണുള്ളത്. പുറമേനിന്നുള്ള വ്യക്തികളും മുതിർന്ന അഭിഭാഷകരും മുന്നണിക്കു പുറത്തുള്ള രാഷ്ട്രീയകക്ഷി നേതാക്കളിൽനിന്നുപോലും ഘടകകക്ഷികൾക്കുമേൽ ‘ജി.പി.’ തസ്തികയ്ക്കായി സമ്മർദമുണ്ട്.നൽകുന്ന ലിസ്റ്റിൽനിന്ന് യോഗ്യതയുള്ളവരെ അഡ്വക്കേറ്റ് ജനറലിന് (എ.ജി.) തീരുമാനിക്കാമെന്ന ഉദാരസമീപനവും പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നവർക്കാണ് സി.പി.എം. പ്രാധാന്യം നൽകുന്നത്. അഡീഷണൽ അഡ്വക്കേറ്റ്, അഡീഷണൽ ഡി.ജി.പി. തസ്തികകളിലേക്കും ചരടുവലി ശക്തമാണ്. രണ്ട് അഡീഷണൽ എ.ജി. തസ്തികയിൽ ഒന്ന് സി.പി.ഐ.ക്ക് അവകാശപ്പെട്ടതാണ്. അഡ്വ. രഞ്ജിത് തമ്പാൻ രാജിവെച്ചൊഴിഞ്ഞ തസ്തികയിലെത്താൻ സി.പി.ഐ.ക്കുള്ളിൽ കടുത്ത സമ്മർദമാണ്. അഡീഷണൽ ഡി.ജി.പി. ഒരു തസ്തികയാണുള്ളത്. ഇക്കുറി ആ സ്ഥാനത്തിനായി കേരള കോൺഗ്രസ് എമ്മും രംഗത്തുണ്ട്. ഇക്കുറി ഇടതുപക്ഷത്തെ ചെറുപാർട്ടികളെല്ലാം ജി.പി. ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അവർക്കെല്ലാംവേണ്ടി സി.പി.എം. ലിസ്റ്റ് വെട്ടിച്ചുരുക്കേണ്ടിവരും. ഗവ. പ്ലീഡർമാരുടെ ശമ്പളം കഴിഞ്ഞ മാർച്ചിനുശേഷം വർധിപ്പിച്ചിരുന്നു. 53 ഗവ. പ്ലീഡർ, 53 സീനിയർ പ്ലീഡർ, 22 സ്പെഷ്യൽ പ്ലീഡർ എന്നിങ്ങനെയാണുള്ളത്. ഗവ. പ്ലീഡർക്ക് ഒരുലക്ഷവും സീനിയർ പ്ലീഡർക്ക് 1.20 ലക്ഷവും സ്പെഷ്യൽ പ്ലീഡർക്ക് 1.30 ലക്ഷവുമാണ് ശമ്പളം. ഹൈക്കോടതിയിൽ നല്ല പ്രാക്ടീസുള്ള അഭിഭാഷകർക്ക് ഇത് ആകർഷകമല്ല. അതിനാൽ പാർട്ടിനിർദേശമുണ്ടായിട്ടും സ്വീകരിക്കാതിരിക്കുന്ന അഭിഭാഷകരുമുണ്ട്.ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യാത്തവർ ഗവ. പ്ലീഡർമാരായി എത്തി കോടതിയുടെ സമയം കളയുന്നുവെന്ന വിമർശനവും നിയമവൃത്തങ്ങളിലുണ്ട്. കഴിഞ്ഞ ഇടതുസർക്കാർ ഗവ. പ്ലീഡർമാരുടെ പ്രകടനം വിലയിരുത്താൻ അപ്രൈസൽ കൊണ്ടുവന്നെങ്കിലും പൊതുവേ എല്ലാവരും കേമന്മാരാണെന്ന റിപ്പോർട്ടാണ് കിട്ടിയത്. ഇതിൽ വിശ്വാസ്യത പോരാഞ്ഞ്, എപ്പോൾ വേണമെങ്കിലും ഒഴിവാക്കാമെന്ന വ്യവസ്ഥയിലാണ് ജി.പി.മാർക്ക് പിന്നെ കാലാവധി നീട്ടിനൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/34uq6mD
via IFTTT