Breaking

Sunday, September 20, 2020

‘വെള്ളരിപ്രാവ്’ പിന്തിരിപ്പിച്ചത് അഞ്ഞൂറോളം പേരെ

തിരുവനന്തപുരം: തീവ്രവാദസംഘങ്ങളിൽ ആകൃഷ്ടരാകുന്നവരെ പിന്തിരിപ്പിക്കാൻ സംസ്ഥാന പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ പീജിയനി'ന്റെ പ്രവർത്തനങ്ങളിലൂടെ അഞ്ഞൂറോളംപേരെ രക്ഷിച്ചെടുക്കാനായെന്ന് പോലീസ്. 2016-ൽ ആരംഭിച്ച പദ്ധതി രണ്ടു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. ഇത്തരം ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നവരെ കൗൺസലിങ്ങിലൂടെയും മറ്റു മാർഗങ്ങളിലൂടെയും പിന്തിരിപ്പിക്കുകയും ഒപ്പം പ്രദേശങ്ങൾ കേന്ദ്രീകരിച്ചും പള്ളികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ബോധവത്കരണം നടത്തിയുമാണ് തടയുന്നത്. തീവ്രവാദ ആശയങ്ങളിലേക്ക് വഴിതെറ്റുന്നവരെ സൈബർഡോമിന്റെയും മറ്റും സഹായത്തോടെ കണ്ടെത്തുകയും അവർക്ക് കൗൺസലിങ് ഉൾപ്പെടെ നൽകുന്നുമുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, ഇത്തരത്തിൽ വഴുതിപ്പോകുമായിരുന്ന അഞ്ഞൂറോളംപേരെ പിന്തിരിപ്പിക്കാനായെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രവാദ ആശയങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടുന്നുവെന്ന് കണ്ടപ്പോഴായിരുന്നു പദ്ധതിയുമായി രംഗത്തെത്തിയത്. കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽനിന്നാണ് കൂടുതൽ പേരെ പിന്തിരിപ്പിക്കാനായത്. പത്തനംതിട്ട ഒഴികെയുള്ള സ്ഥലങ്ങളിൽനിന്ന് ഇത്തരക്കാരെ കണ്ടെത്താനായെന്നും പോലീസ് പറയുന്നു. സഹായിക്കാൻ പള്ളി ഇമാമുകളും തീവ്ര ആശയങ്ങളിലേക്ക് ആകൃഷ്ടരാകുന്നവരെ സൈബർഡോമിലെയും സൈബർ സെല്ലുകളിലെയും ഒരു വിഭാഗം വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തും. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഈ പ്രവർത്തനം ഇപ്പോഴും തുടരുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. വ്യക്തിപരമായി തീവ്ര ആശയക്കാരെ പിന്തിരിപ്പിക്കുന്നതിനൊപ്പം പ്രദേശങ്ങൾ കേന്ദ്രീകരിച്ചും പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പള്ളികളും മറ്റു മതസ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ജമാഅത്ത് കമ്മിറ്റികളുടെ സഹകരണത്തോടെ നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളിൽ ഇമാമുമാരുടെയും മറ്റും സഹായമുണ്ടായിരുന്നു. ആദ്യം കാസർകോട് ജില്ലയിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനമെങ്കിലും പിന്നീടത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചതായും പോലീസ് പറഞ്ഞു. content highlights: operation pigeon helps more than 500 people for not joning terrorist groups


from mathrubhumi.latestnews.rssfeed https://ift.tt/32NG6QC
via IFTTT