Breaking

Friday, February 8, 2019

കോൺഗ്രസ് സ്ഥാനാർഥിനിർണയം ഈമാസം പൂർത്തിയാക്കും

: യുവാക്കൾക്കും പരിചയസമ്പന്നർക്കും ഒരുപോലെ പ്രാതിനിധ്യം നൽകി ലോക്സഭാ സ്ഥാനാർഥിനിർണയം ഈ മാസംതന്നെ പൂർത്തിയാക്കാൻ കോൺഗ്രസ് ദേശീയനേതൃത്വം തീരുമാനിച്ചു. എ.ഐ.സി.സി. ആസ്ഥാനത്ത് പാർട്ടിയധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കം ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചങ്ങാത്ത മുതലാളിത്തത്തിലൂടെയുള്ള അഴിമതിയിലും ബി.ജെ.പി, ആർ.എസ്.എസ്. സംഘടനകളുടെ രാജ്യത്തെ ഭിന്നിപ്പിക്കുന്ന നയത്തിലും ഊന്നി തിരഞ്ഞെടുപ്പു മുന്നൊരുക്കം നടത്താൻ ജനറൽ സെക്രട്ടറിമാർക്ക് രാഹുൽ നിർദേശം നൽകി. റഫാൽ അഴിമതി, അസം പൗരത്വ പ്രശ്നം എന്നിവ ഉയർത്തി മോദി ദേശസുരക്ഷ അപകടത്തിലാക്കി എന്ന വാദമുഖമുയർത്തുക, കാർഷികപ്രശ്നങ്ങളും തൊഴിലില്ലായ്മയും ബാങ്ക് കുംഭകോണവും മുഖ്യപ്രചാരണായുധമാക്കുക തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങൾ. പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന പാർട്ടിയുടെ വാഗ്ദാനം താഴെത്തട്ടിലെത്തിക്കാൻ പ്രത്യേക സംവിധാനമുണ്ടാകണമെന്നും രാഹുൽ നിർദേശിച്ചു. തിരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെട്ടവരെ ഒഴിവാക്കാനും സ്ഥാനാർഥിനിർണയത്തിൽ വിജയംമാത്രം ഘടകമാക്കാനും രാഹുൽ നിർദേശിച്ചു. പ്രചാരണം വിലയിരുത്താൻ ദേശീയതലത്തിൽ നിരീക്ഷണസമിതിയുണ്ടാക്കാനും ധാരണയായി. പ്രിയങ്കയുടെ കടന്നുവരവ് ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആത്മവിശ്വാസം ഉണ്ടാക്കിയതായി യോഗം വിലയിരുത്തി. ഫെബ്രുവരി 11-ന് രാഹുലും പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും യു.പി.യിലേക്ക് പോകും. 12 മുതൽ 14 വരെ പ്രിയങ്ക ലഖ്നൗവിൽ ചെലവഴിക്കും. നടന്നത് സുദീർഘമായ യോഗമാണെന്നും എല്ലാ സംസ്ഥാനങ്ങളെപ്പറ്റിയും ചർച്ച നടന്നെന്നും സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പിന്നീട് പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്കാ ഗാന്ധിയായിരുന്നു യോഗത്തിലെ താരസാന്നിധ്യം. അവരുടെ ആദ്യ ഔദ്യോഗിക യോഗമായിരുന്നു വ്യാഴാഴ്ചത്തേത്. Content Highlights:congress-loksabha election candidate


from mathrubhumi.latestnews.rssfeed http://bit.ly/2SCfIVw
via IFTTT