Breaking

Friday, February 8, 2019

അനുമതിയില്ല; ഉല്ലാസ പായ്‌ക്കപ്പൽ കസ്റ്റംസ് കസ്റ്റഡിയിൽ

കൊച്ചി: കസ്റ്റംസ് അധികൃതരുടെ അനുമതിയില്ലാതെ എത്തിയ വിദേശ ഉല്ലാസ പായ്ക്കപ്പൽ കസ്റ്റംസ് പ്രിവന്റീവ് അധികൃതർ കസ്റ്റഡിയിലെടുത്തു. കൊച്ചി ബോൾഗാട്ടിയിലെ മറീനയിൽ ഉല്ലാസനൗക നങ്കൂരമിട്ട ശേഷം ഉടമ വിദേശത്തേക്ക് മടങ്ങിയതിനെത്തുടർന്നാണ് സംഭവം പുറത്തായത്. സ്വിറ്റ്സർലൻഡ് രജിസ്ട്രേഷനുള്ള 'എസ്.വൈ. സീ ഡ്രീംസ്' എന്ന ഉല്ലാസനൗകയാണ് സംശയകരമായ സൗഹചര്യത്തിൽ കൊച്ചിതീരത്ത് എത്തിയത്. തന്ത്രപ്രധാനമായ ലക്ഷദ്വീപിൽ കസ്റ്റംസ് വകുപ്പിന്റെയും കോസ്റ്റ് ഗാർഡിന്റെയും കണ്ണുവെട്ടിച്ച് ഉല്ലാസനൗക എത്താനിടയായതിനെക്കുറിച്ച് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി.) ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചു. അംഗീകൃത തുറമുഖങ്ങളിൽ നങ്കൂരമിടാൻ മാത്രമേ വിദേശ യാനങ്ങൾക്ക് അനുമതിയുള്ളു. 2018 ഫെബ്രുവരി 23-ന് കൊച്ചി തുറമുഖത്ത് എത്തിയ ഉല്ലാസനൗക 26 മുതൽ നവംബർ 13 വരെ ഒൻപതു മാസം ബോൾഗാട്ടി മറീനയിൽ നങ്കൂരമിട്ടു. നവംബർ 13-ന് ലക്ഷദ്വീപിലേക്ക് പോയശേഷം ഡിസംബർ ഒന്നിന് വീണ്ടും ബോൾഗാട്ടിയിൽ തിരിച്ചെത്തി. അന്നു മുതൽ മറീനയിൽ കിടക്കുകയാണ്. പതിനെട്ട് ദിവസത്തിനിടെ ലക്ഷദ്വീപിലെ ബങ്കാരം, കൽപ്പേനി, അഗത്തി, അമിനി, കരവത്തി ദ്വീപുകളിൽ ഉല്ലാസനൗക നങ്കൂരമിട്ടതായി കസ്റ്റംസ് കണ്ടെത്തി. കൊച്ചി തീരം കേന്ദ്രീകരിച്ച് വിദേശയാനങ്ങൾ അനുമതിയില്ലാതെ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന ഐ.ബി.യുടെ മുന്നറിയിപ്പിനെത്തുടർന്ന് നിരീക്ഷണം കർശനമാക്കിയ സാഹചര്യം നിലനിൽക്കെയാണ് വിദേശ ഉല്ലാസ പായ്ക്കപ്പൽ10 മാസത്തോളം കൊച്ചി തീരത്ത് തങ്ങിയതും അനുമതിയില്ലാതെ ലക്ഷദ്വീപിൽ എത്തിയതും. നാവികസേനയുടെ തന്ത്രപ്രധാന ബെയ്സുകൾ ദ്വീപ് സമൂഹത്തിലുണ്ട്. ഇതേത്തുടർന്ന് റഡാറുകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ റഡാർ നിരീക്ഷണത്തെയും കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണകപ്പലുകളെയും വെട്ടിച്ചാണ് ഉല്ലാസനൗക 18 ദിവസം ഇവിടെ ചുറ്റിയടിച്ചത്. അനുമതിയില്ലാതെ ലക്ഷദ്വീപിൽ പ്രവേശിച്ചത് എന്തിനാണെന്ന കാര്യം അന്വേഷണത്തിലാണെന്ന് കസ്റ്റംസ് കമ്മിഷണർ (പ്രിവന്റീവ്) സുമിത് കുമാർ അറിയിച്ചു. പായ്ക്കപ്പലിന്റെ വാതിൽ പൂട്ടിക്കിടക്കിടക്കുന്നതിനാൽ അധികൃതർക്ക് അകത്തുകടന്ന് പരിശോധിക്കാൻ സാധിച്ചില്ല. ഉല്ലാസനൗകയുടെ ഉടമയും സ്വിറ്റ്സർലൻഡ് സ്വദേശിയുമായ തോമസ് റെയ്ചെർട്ട് ഒരു മാസം കഴിഞ്ഞേ കൊച്ചിയിൽ മടങ്ങിയെത്തൂ. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ പി.ജി. ലാലു, സൂപ്രണ്ടുരായ ജോസ്കുട്ടി ജോർജ്, എസ്.കെ. ചിത്ര, വിവേക്, ഇൻസ്പെക്ടർമാരായ സണ്ണി തോമസ്, സിദ്ധാർഥ് ചൗധരി, റോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉല്ലാസനൗക കസ്റ്റഡിയിലെടുത്തത്. content highlights:bolgatty marina, foreign boat


from mathrubhumi.latestnews.rssfeed http://bit.ly/2I04aau
via IFTTT