Breaking

Friday, February 1, 2019

യുഡിഎഫ് നേതൃയോഗം ഇന്ന്; സീറ്റ് വിഭജനത്തില്‍ ചര്‍ച്ച തുടങ്ങും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് യു ഡി എഫ് നേതൃയോഗം ഇന്ന് നടക്കും. ഉഭയകക്ഷി ചർച്ചകള്‍ക്ക് നേതാക്കളെ യോഗം ചുമതലപ്പെടുത്തും. അതേസമയം കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തോട് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

വൈകിട്ട് 6.30 ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൌസില്‍ ചേരുന്ന യു.ഡി.എഫ് യോഗം ഉഭയകക്ഷി ചര്‍ച്ചയിലേക്ക് വഴിമാറും. അധിക സീറ്റെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്ന മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് എന്നിവരുമായുള്ള ചര്‍ച്ചകളാണ് പ്രധാനം.

ലീഗും കേരള കോണ്‍ഗ്രസ് എമ്മും കൂടതൽ സീറ്റുകൾ ആവശ്യപ്പെട്ട് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് യു ഡി എഫ് യോഗം ചേരുന്നത്. ലീഗിന് നിലവിലുള്ള പൊന്നാനി , മലപ്പുറം സീറ്റുകള്‍ക്കു പുറമേ ഒരു സീറ്റ് കൂടി വേണമെന്നാണ് ആവശ്യം. വടകരയോ വയനാടോ ആണ് ലീഗ് ലക്ഷ്യമിടുന്നത്. കേരള കോണ്‍ഗ്രസ് എമ്മും അധികമൊരു സീറ്റിനായി രംഗത്തെത്തിയിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടി വേണമെന്നാണ് പി ജെ ജോസഫിന്‍റെ ആവശ്യം. ഈ സാഹചര്യത്തിലാണ് സീറ്റ് വിഭജന ചര്‍ച്ചകൾക്ക് തുടക്കമിടാൻ യുഡിഎഫ് യോഗം ചേരുന്നത്. ഘടക കക്ഷികളുമായി ചര്‍ച്ച വരും ദിവസങ്ങളില്‍ തുടങ്ങാനുള്ള തീരുമാനം യോഗത്തിലുണ്ടാകും.

അതേസമയം ജെ ഡി യു പോയ സാഹചര്യത്തില്‍ അവര്‍ക്കു നല്‍കിയിരുന്ന പാലക്കാട് സീറ്റുകൂടി എടുത്ത് 16 സീറ്റുകളില്‍ മല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അത്യാര്‍ത്തി പിടിച്ചുള്ളതും ഔചിത്യരഹിതവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമായ ആവശ്യങ്ങള്‍ ഘടക കക്ഷികള്‍ ഉന്നയിക്കരുതെന്ന ആവശ്യവുമായി വി എം സുധീരന്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമനുസരിച്ച്‌ 15 സീറ്റുകളില്‍ കോണ്‍ഗ്രസും രണ്ടിടത്ത് ലീഗും ഓരോ സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് എം , ജെ ഡി യു , ആര്‍ എസ് പി എന്നിവരാണ് മല്‍സരിച്ചത്.



from Anweshanam | The Latest News From India http://bit.ly/2SnxU4S
via IFTTT