Breaking

Thursday, January 31, 2019

കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്നും ടോമിന്‍.ജെ.തച്ചങ്കരിയെ മാറ്റി

തിരുവനന്തപുരം: ടോമിൻ ജെ തച്ചങ്കരിയെ കെ.എസ്.ആർ.ടി.സി സി എം.ഡി സ്ഥാനത്തു നിന്നും മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ എം.പി ദിനേശിനാണ് പുതിയ കെ.എസ്.ആർ.ടി.സി എം.ഡിയുടെ ചുമതല. നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ വിവിധ പരിപാടികളുമായി രംഗത്തെത്തിയ ടോമിൻ ജെ തച്ചങ്കരിക്കെതിരെ സി.ഐ.ടി.യു അടക്കമുള്ള യൂണിയനുകൾ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തച്ചങ്കരിയുടെ സ്ഥാനമാറ്റം. മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ജനുവരി 31-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകൾ തുടർന്നും വി. വേണു നിർവഹിക്കും. ആസൂത്രണ-സാമ്പത്തിക കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിന് നിലവിലുള്ള ചുമതലകൾക്ക് പുറമെ വനം, വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയും നൽകും. പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകൾക്ക് പുറമെ പൊതുഭരണവകുപ്പിന്റെ അധിക ചുമതല നൽകും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊർജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലകൾ നൽകാൻ തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എക്സ്. അനിൽ വിരമിക്കുന്ന മുറയ്ക്ക് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ സിങ്ങിന് അധിക ചുമതലകളായി നൽകും. ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ പൊതുഭരണം (എ.ഐ.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല ഇദ്ദേഹം വഹിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർ മാലികിന് ആസൂത്രണ സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു ഡയറക്ടർ എന്നീ വകുപ്പുകളുടെ അധിക ചുമതലകൾ നൽകാൻ തീരുമാനിച്ചു. പത്തനംതിട്ട എ.ഡി.എം വി.ആർ. പ്രേംകുമാറിനെ ഹയർസെക്കൻഡറി ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. അസാപ് സി.ഇ.ഒയുടെ അധിക ചുമതല തുടർന്നും അദ്ദേഹം വഹിക്കും. Content Highlights: Tomin J Thachankary replaced from KSRTC CMD, MP Dinesh new CMD


from mathrubhumi.latestnews.rssfeed http://bit.ly/2HCo3UD
via IFTTT