Breaking

Thursday, January 31, 2019

തിരഞ്ഞെടുപ്പിനുമുമ്പ് കൂടുതൽ പണത്തിനായി ആർ.ബി.ഐ.യ്ക്കുമേൽ കേന്ദ്രസമ്മർദം

മുംബൈ: തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് റിസർവ് ബാങ്കിന്റെ മിച്ചധനത്തിൽനിന്ന് 40,000 കോടി രൂപകൂടി വാങ്ങാൻ കേന്ദ്രസർക്കാർ സമ്മർദം ശക്തമാക്കി. വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കുന്ന ജനപ്രിയപദ്ധതികൾക്ക് ഈ പണംകൊണ്ട് രൂപംനൽകാനാണ് ആലോചന. കഴിഞ്ഞ സാമ്പത്തികവർഷത്തെ ലാഭത്തിൽനിന്ന് 50,000 കോടി രൂപ റിസർവ് ബാങ്ക് നേരത്തേതന്നെ കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. ഇതിനുപുറമേ കരുതൽധനത്തിൽനിന്ന് കൂടുതൽ പണം നൽകാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതടക്കമുള്ള ആവശ്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിച്ചതുകൊണ്ടാണ് ഉർജിത് പട്ടേലിന് ആർ.ബി.ഐ. ഗവർണർസ്ഥാനം രാജിവെക്കേണ്ടിവന്നത്.തങ്ങളുടെ വിശ്വസ്തനായ ശക്തികാന്ത ദാസ് പുതിയ ഗവർണറായി സ്ഥാനമേറ്റതോടെയാണ് പണത്തിനായുള്ള സമ്മർദം കേന്ദ്രം ശക്തിപ്പെടുത്തിയത്. റിസർവ് ബാങ്ക് നിയമത്തിന്റെ 47-ാം വകുപ്പിൽ ലാഭത്തിന്റെ ഒരു വിഹിതമാണ് ഓരോ വർഷവും കേന്ദ്രസർക്കാരിന് കൈമാറാൻ നിഷ്‌കർഷിക്കുന്നത്. എന്നാൽ, ചെലവുകഴിച്ചുള്ള മുഴുവൻ മിച്ചവും കേന്ദ്രത്തിന് നൽകുകയാണ് പൊതുവേ ആർ.ബി.ഐ. ചെയ്യുന്നത്. നോട്ടുനിരോധനം കാരണമുള്ള അധികച്ചെലവുകാരണം ലാഭം കുറഞ്ഞതുകൊണ്ട് 2016-17 സാമ്പത്തികവർഷത്തെ ലാഭവിഹിതമായി 30,659 കോടി രൂപയേ നൽകിയിട്ടുള്ളൂ. 2018-19 സാമ്പത്തികവർഷത്തെ ലാഭവിഹിതമായാണ് 50,000 രൂപ നൽകിയത്. അതുപോരെന്നാണ് സർക്കാർ നിലപാട്. ചരക്ക്‌-സേവന നികുതിയിൽനിന്നുള്ള വരുമാനം ലക്ഷ്യത്തിലും താഴെപ്പോയതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിവിൽപ്പനയിൽനിന്ന് ഉദ്ദേശിച്ച തുക കിട്ടാത്തതുമാണ് കൂടുതൽ പണത്തിന് ആർ.ബി.ഐ.യെ സമീപിക്കാൻ കേന്ദ്രത്തെ നിർബന്ധിതരാക്കിയത്. രാജ്യത്തെ പാവപ്പെട്ടവർക്കെല്ലാം നിശ്ചിതതുക മാസവരുമാനമായി അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്. കർഷകർക്ക് ഭൂവിസ്തൃതിയനുസരിച്ച് സഹായധനം നൽകാനും ആലോചനയുണ്ട്. തിരഞ്ഞെടുപ്പിനുമുമ്പ് ഇവ നടപ്പാക്കണമെങ്കിൽ ആർ.ബി.ഐ.യിൽനിന്ന് പണം കിട്ടിയേ തീരൂ. ശക്തികാന്ത ദാസ് ഗവർണറായതോടെ കേന്ദ്രനിർദേശത്തിന് ആർ.ബി.ഐ. ഉടൻ വഴങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, മിച്ചധനം ചെലവഴിക്കുന്ന കാര്യത്തിൽ മാർഗരേഖ ആവിഷ്‌കരിക്കുന്നതിന് സമിതിയെ നിയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്.മുൻ ആർ.ബി.ഐ. ഗവർണർ ബിമൽ ജലാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. വെള്ളിയാഴ്ച ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് കേന്ദ്രസർക്കാർ പണത്തിനായി ആർ.ബി.ഐ.യ്ക്കുമേൽ സമ്മർദം ശക്തമാക്കിയത്.


from mathrubhumi.latestnews.rssfeed http://bit.ly/2HBL0aC
via IFTTT