പാരിസ്: വിമാനയാത്രക്കിടെ കാണാതായ അർജന്റീനൻ ഫുട്ബോൾ താരം എമിലിയാനൊ സാലെ ജീവനോടെയുണ്ടാകാനുള്ള സാധ്യത മങ്ങുന്നു. സാലെ സഞ്ചരിച്ച ചെറുവിമാനത്തിന്റെ അവശിഷ്ടങ്ങൾ ഫ്രഞ്ച് തീരമായ നോർമണ്ടിയിൽ നിന്ന് കണ്ടെത്തി. വിമാനത്തിന്റെ സീറ്റുകളുടെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇതോടെ താരം അപകടത്തിൽപെട്ടതായി സ്ഥിരീകരിച്ചു. നേരത്തെ സാലെയ്ക്ക് വേണ്ടിയിുള്ള തിരച്ചിൽ അവസാനിപ്പിച്ചിരുന്നെങ്കിലും ലയണൽ മെസ്സിയടക്കമുള്ള താരങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് വീണ്ടും തുടരുകയായിരുന്നു. ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേക്കുള്ള യാത്രാമധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപമാണ് സാലെ സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് വിട്ട് പുതിയ ക്ലബ്ബ് കാർഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സാലെ. കഴിഞ്ഞ ശനിയാഴ്ച്ചയാണ് റെക്കോഡ് തുകയായ 138 കോടി രൂപയ്ക്ക് കാർഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസിൽ നിന്ന് സാലെയെ വാങ്ങിയത്. നാന്റെസിൽ നിന്ന് വിമാനം പ്രാദേശിക സമയം തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ വിമാനം അപ്രത്യക്ഷമാകുകായിരുന്നു. സിംഗിൾ ടർബൈൻ എഞ്ചിനുള്ള പൈപ്പർ പി.എ-46 മാലിബു ചെറുവിമാനമാണ് കാണാതായത്. ഇതിൽ സാലെയെക്കൂടാതെ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്, മറ്റു യാത്രക്കാരൊന്നുമില്ലായിരുന്നു. വിമാനം കാണാതായ ശേഷം സാലെ അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും തകരാൻ പോകുകയാണെന്നും സൂചിപ്പിക്കുന്ന തരത്തിലുള്ളതാണ് സാലെ അയച്ച സന്ദേശം. പേടിയാകുന്നുവെന്നും തന്നെ കണ്ടെത്താൻ ആരെയെങ്കിലും അവർ അയക്കുമോ എന്ന് അറിയില്ലെന്നും സന്ദേശത്തിൽ സാലെ പറയുന്നുണ്ട്. Content Highlights: Seat cushions found in search for Emiliano Sala missing plane
from mathrubhumi.latestnews.rssfeed http://bit.ly/2HP8CJc
via
IFTTT