ന്യൂഡൽഹി: മുൻ മേധാവി ചന്ദ കൊച്ചാറിനെ പുറത്താക്കിയതായി ഐ.സി.ഐ.സി.ഐ. ബാങ്ക്. ബാങ്കിന്റെ പെരുമാറ്റച്ചട്ടവും ആഭ്യന്തരനയങ്ങളും ലംഘിച്ചതായി റിട്ട. ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. വീഡിയോകോണിന് 3250 കോടി രൂപയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പേരിൽ കൊച്ചാർ കഴിഞ്ഞ ഒക്ടോബറിൽ രാജിവെച്ചിരുന്നു. എന്നാൽ, രാജി പുറത്താക്കലായി കണക്കാക്കുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. അവർക്കുള്ള ഇൻക്രിമെൻറുകളും ബോണസുകളും ആരോഗ്യസഹായങ്ങളുമടക്കം മുൻകാല പ്രാബല്യത്തോടെ റദ്ദാക്കി. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ സി.ഇ.ഒ. ആയി ചുമതലയേറ്റ 2009 ഏപ്രിൽമുതൽ 2018 മാർച്ചുവരെ കൈപ്പറ്റിയ ബോണസ് കൊച്ചാർ തിരിച്ചുനൽകണമെന്ന് പുറത്താക്കൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന്റെ ആഭ്യന്തരനയത്തോട് ജാഗ്രതയില്ലാതെയും ബഹുമാനമില്ലാതെയും കൊച്ചാർ പെരുമാറിയെന്നാണ് ആഭ്യന്തരസമിതിയുടെ കണ്ടെത്തൽ. അവരുടെ ഈ സമീപനത്തിലൂടെ ബാങ്കിന്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായെന്നും റിപ്പോർട്ടിൽ പറയുന്നു. 1984-ൽ മാനേജ്മെന്റ് ട്രെയ്നിയായാണ് കൊച്ചാർ ഐ.സി.ഐ.സി.ഐ. ബാങ്കിലെത്തിയത്. 2009-ൽ സി.ഇ.ഒ. പദവിയിലെത്തി. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് 56-കാരിയായ കൊച്ചാർ. ബാങ്ക് മേധാവിയായിരിക്കെ, വീഡിയോകോണിന് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചതിലൂടെ കൊച്ചാർ സ്വകാര്യലാഭമുണ്ടാക്കിയതായി സി.ബി.ഐ. നേരത്തേ ആരോപിച്ചിരുന്നു. കൊച്ചാർ അംഗമായ സമിതിയാണ് വായ്പ അനുവദിച്ചതെന്നും ഇതിനു പ്രതിഫലമായി ഭർത്താവ് ദീപക് കൊച്ചാറിന്റെ നുപവർ റെന്യൂവബിൾസ് കമ്പനിയിൽ വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂത് കോടികളുടെ നിക്ഷേപം നടത്തിയതായും സി.ബി.ഐ. നേരത്തേ ആരോപിച്ചിരുന്നു. കടബാധ്യതയിൽപെട്ട വീഡിയോകോൺ വായ്പയുടെ 84 ശതമാനവും തിരിച്ചടച്ചിട്ടുമില്ല. Content Highlioghts:icici dismissed chanda kochar
from mathrubhumi.latestnews.rssfeed http://bit.ly/2FXAyZv
via
IFTTT