Breaking

Thursday, January 31, 2019

താങ്കള്‍ക്ക് പ്രധാനമന്ത്രിയുടെ സമ്മര്‍ദമുണ്ടെന്ന് അറിയാം; പരീക്കര്‍ക്ക് രാഹുലിന്റെ മറുപടി കത്ത്

ന്യൂഡൽഹി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ രാഹുൽ ഗാന്ധി സന്ദർശിച്ചതുമായി ബന്ധപ്പെട്ടുയർന്ന രാഷ്ട്രീയ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. പരീക്കർ തനിക്കെതിരെ നടത്തിയ രൂക്ഷ പ്രതികരണത്തിന് വിശദീകരണവുമായി കോൺഗ്രസ് അധ്യക്ഷൻ രംഗത്തെത്തി. പരീക്കറെ സന്ദർശിച്ചപ്പോൾ റഫാൽ ഇടപാടിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയെന്ന് താൻ പൊതുമധ്യത്തിൽ പറഞ്ഞിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. പുതുതായി നമ്മൾ നടത്തിയ ചർച്ചയെ സംബന്ധിച്ച് ഞാൻ ഒന്നും തന്നെ പരസ്യമാക്കിയിട്ടില്ലെന്നും രാഹുൽ പരീക്കർക്ക് അയച്ച മറുപടി കത്തിൽ അറിയിച്ചു. സന്ദർശനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ നിർഭാഗ്യകരവും അനാവശ്യവുമാണെന്നും സംഭവത്തിൽ നിലപാട് വ്യക്തമാക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണെന്നും വിശദീകരിച്ചാണ് രാഹുൽ പരീക്കർക്ക് മറുപടി നൽകിയിരിക്കുന്നത്. ഗോവയിൽ അമ്മ സോണിയാ ഗാന്ധിക്കൊപ്പം നടത്തിയ സ്വകാര്യ സന്ദർശനത്തിനിടെയാണ് രാഹുൽ പരീക്കറെ സന്ദർശിച്ചത്. ഇതിന് ശേഷം രാഹുൽ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റം വരുത്തിയ തന്നെ അറിയിച്ചില്ലെന്ന് പരീക്കർ പറഞ്ഞതായി രാഹുൽ ഡൽഹിയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ പറഞ്ഞിരുന്നു. മണിക്കൂറുകൾക്കകം പരീക്കർ കോൺഗ്രസ് അധ്യക്ഷന് കത്തെഴുതി. എന്റെ ഓഫീസിലേക്കുള്ള താങ്കളുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള മാധ്യമവാർത്തകൾ ദുഃഖമുണ്ടാക്കുന്നതാണ്. രാഷ്ട്രീയനേട്ടത്തിനായുള്ള താങ്കളുടെ സന്ദർശനം എന്നെ വല്ലാതെ തളർത്തിയിരിക്കുന്നു. താങ്കളെനിക്കൊപ്പം ചെലവഴിച്ച അഞ്ചുമിനിറ്റിൽ റഫാലോ, മറ്റു രാഷ്ട്രീയവിഷയങ്ങളോ ചർച്ചയായിട്ടില്ല. ഔപചാരിക സന്ദർശനത്തിനുശേഷം തെറ്റായ പ്രസ്താവനകൾ നടത്തിയതിലൂടെ താങ്കളുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഞാൻ സംശയിക്കുന്നുവെന്നും പരീക്കർ രാഹുലിനെഴുതിയ കത്തിൽ പറഞ്ഞിരുന്നു. ഈ കത്തിന് മറുപടിയുമായിട്ടാണ് രാഹുൽ ബുധനാഴ്ച രാത്രിയോടെ രംഗത്തെത്തിയിരിക്കുന്നത്. പരീക്കറുമായുള്ള സംഭാഷണവിവരങ്ങൾ ആരുമായും പങ്കുവെച്ചിട്ടില്ലെന്നും തന്റെ പ്രസംഗത്തിൽ പൊതുമണ്ഡലത്തിലുള്ള രണ്ടു വിഷയങ്ങൾ പ്രതിപാദിക്കുക മാത്രമാണ് ചെയ്തത്. 2015-ഏപ്രിലിൽ ഗോവയിലെ മത്സ്യ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്ന താങ്കൾ. ഈ സമയത്താണ് പ്രധാനമന്ത്രി ഫ്രാൻസിൽ വെച്ച് റഫാൽ കരാർ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നടത്തിയ പുതിയ കരാറിനെ സംബന്ധിച്ച് താങ്കൾക്ക് യാതൊരു അറിവുമില്ലെന്ന് താങ്കൾ തന്നെ മുൻപ് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതാണ് യാഥാർത്ഥ്യം. എനിക്കറിയാം. നമ്മുടെ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി താങ്കളുടെമേൽ എത്രത്തോളം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന കാര്യം. ഇതാണ് അപ്രതീക്ഷിതമായി താങ്കൾ എനിക്കെതിരെ രംഗത്തെത്താൻ കാരണമായതെന്നും രാഹുൽ കത്തിൽ പറയുന്നു. Content Highlights:"Pressure By PM Forced You": Rahul Gandhi Writes Back To Manohar Parrikar


from mathrubhumi.latestnews.rssfeed http://bit.ly/2UwabgC
via IFTTT