Breaking

Thursday, January 31, 2019

നരന് നരന്‍ അശുദ്ധ വസ്തു എന്ന കുമാരാനാശന്‍ കവിത ശബരിമല വിഷയത്തില്‍ പരാമര്‍ശിച്ച് തോമസ് ഐസക്ക്

നരന് നരൻ അശുദ്ധ വസ്തുപോലും, ധരയിൽ നടപ്പത് തീണ്ടലാണു പോലും എന്ന കുമാരനാശാന്റെ കവിതയെ ശബരിമല വിഷയത്തിൽ ഓർമ്മിപ്പിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. പ്രളയം അതിജീവിക്കാൻ രൂപപ്പെട്ടജനകീയ ഐക്യം തകർക്കാനുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമമാണ് കേരളം കണ്ടതെന്ന് ശബരിമല വിധിക്ക് ശേഷമുണ്ടായ അക്രമത്തെ മുൻനിർത്തി തോമസ് ഐസക്ക് പറഞ്ഞു.സുപ്രീം കോടതി വിധിയെ വർഗ്ഗീയ ധ്രുവീകരണത്തിനുള്ള സുവർണ്ണാവസരമായി ഉപയോഗിക്കാൻ വർഗ്ഗീയ വാദികൾ അരയും തലയും മുറുക്കി ഇറങ്ങി. ഇത് പ്രളയത്തിനു ശേഷം കേരളം നേരിട്ട രണ്ടാമത്തെ ദുരന്തമായിരുന്നുവെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു. അമ്പലങ്ങളല്ല, ഇനി പള്ളിക്കൂടങ്ങളും വ്യവസായങ്ങളുമാണ് വേണ്ടതെന്ന ഗുരുവചനത്തെ ഓർത്ത പ്രസംഗത്തിൽ കുമാരനാശനെ കൊണ്ട് ഓട്ടു കമ്പനിയും ശുചിത്വം വളർത്താൻ കേശവൻ വൈദ്യരെ കൊണ്ട് സോപ്പു കമ്പനിയും തുടങ്ങാൻ ഗുരു ആഹ്വാനം ചെയ്ത കഥയും ബജറ്റിൽ ധനമന്ത്രി ഓർമ്മിപ്പിച്ചു. തുല്യതയുടെയും നീതിബോധത്തിന്റെയും കാര്യത്തിൽ കൂടുതൽ പ്രബുദ്ധമായ ഒരു സാമൂഹിക നിർമ്മിതിക്കുവേണ്ടിയുള്ള സംഭാവന കൂടിയാവണം ഈ ബജറ്റെന്ന് പറഞ്ഞ് കൊണ്ടായിരുന്നു പ്രഖ്യാപനങ്ങൾ തുടങ്ങിയത്. ബജറ്റിലെ നവോത്ഥാന പ്രസംഗത്തിന്റെപൂർണ്ണരൂപം മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങിനെയായിരുന്നാലും അവരുടെ ജാതി ഒന്നാണെന്ന ശ്രീനാരായണ ഗുരുദർശനം ഏറ്റവും പ്രസക്തമായ കാലമാണിത്. ഗുരു വിഭാവനം ചെയ്ത മനുഷ്യജാതിയിലുള്ളവരായാണ് നവോത്ഥാനം മലയാളികളെ പുനഃസൃഷ്ടിച്ചത്. മനുഷ്യനെ നവീകരിക്കുന്നതോടൊപ്പം നവോത്ഥാനം കേരളത്തെ ആധുനികവത്കരിക്കുന്നതിനും മുതിർന്നു. അതു കൊണ്ടാണ് കുമാരനാശാനെ കൊണ്ട് നാരായണ ഗുരു ഓട്ടു കമ്പനി തുടങ്ങിച്ചത്. മനുഷ്യന് വൃത്തിയും ആരോഗ്യവുമുണ്ടാവാനാണ് ശിഷ്യനായ സി.ആർ. കേശവൻ വൈദ്യരെ കൊണ്ട് ഗുരു സോപ്പു കമ്പനി തുടങ്ങിച്ചത്. അമ്പലങ്ങളല്ല, ഇനി പള്ളിക്കൂടങ്ങളും വ്യവസായങ്ങളുമാണ് വേണ്ടതെന്ന് ഗുരു പറഞ്ഞു. അയ്യങ്കാളിയും ചാവറയച്ഛനും മന്നത്തു പദ്മനാഭനും മക്തി തങ്ങളും വിദ്യാലയ നിർമ്മിതിക്കായി ഒരുങ്ങിയതും ഈ സാഹചര്യത്തിലാണ്. ഇവയെല്ലാമാണ് കേരള പുനർനിർമ്മാണത്തിനായി മുന്നോട്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിലുണ്ടാവേണ്ടത്. എന്നാൽ പ്രളയം അതിജീവിക്കാൻ രൂപപ്പെട്ട ജനകീയ ഐക്യം തകർക്കാനുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമമാണ് പിന്നീട് കണ്ടത്. ആരാധനക്കുള്ള സ്ത്രീകളുടെ തുല്യ അവകാശം ഉയർത്തിപ്പിടിച്ചു കൊണ്ട് ശബരിമലയിൽ യുവതീ പ്രവേശനം സുപ്രീം കോടതി അനുവദിച്ചു. എന്നാൽ സുപ്രീം കോടതി വിധിയെ വർഗ്ഗീയ ധ്രുവീകരണത്തിനുള്ള സുവർണ്ണാവസരമായി ഉപയോഗിക്കാൻ വർഗ്ഗീയ വാദികൾ അരയും തലയും മുറുക്കി ഇറങ്ങി. ഇതായിരുന്നു രണ്ടാമത്തെ ദുരന്തം. തെരുവിൽ അഴിച്ചുവിട്ട അക്രമ പരമ്പരകളിലൂടെ കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെയാകെ അട്ടിമറിക്കാമെന്നായിരുന്നു അവരുടെ വ്യാമോഹം. അതേസമയം നവോത്ഥാന ആശയങ്ങളെയും പ്രവർത്തനങ്ങളെയും മുന്നോട്ടു കൊണ്ടുപോവുന്നതിൽ നമുക്കുണ്ടായിരുന്ന അലംഭാവവും ദൗർബല്യവും വെളിപ്പെട്ട അവസരം കൂടിയായിരുന്നു അത്. തീക്ഷ്ണമായ ആശയസംവാദവും സംഘർഷവുമാണ് സുപ്രീം കോടതി വിധിയെ തുടർന്ന് കേരളം കണ്ടത്. നവോത്ഥാന മൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടുള്ള മഹാ മുന്നേറ്റത്തിലേക്കാണ് ആ സംവാദം ഉയർന്നത്. നരന് നരൻ അശുദ്ധ വസ്തുപോലും ധരയിൽ നടപ്പത് തീണ്ടലാണു പോലും നരകം ഇവിടമാണ് ഹന്ത കഷ്ടം. ഹര ഹര ഇങ്ങിനെ വേറെ നാടുണ്ടോ എന്ന് പഴയ കേരളത്തെ നോക്കി കുമാരനാശാൻ നടത്തിയ വിലാപം നാം മറന്നിട്ടില്ല. ഈ ശുദ്ധാശുദ്ധ സങ്കൽപത്തെ നല്ലൊരളവ് തുടച്ചു നീക്കിയാണ് നവോത്ഥാന കേരളം വികസിച്ചത്. കേരള നവോത്ഥാനത്തിന്റെ മഹാകവിയാണ് കുമാരനാശാൻ. ആശാന്റെ എക്കാലത്തെയും മഹാകൃതിയായ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകരിച്ചതിന്റെ നൂറാം വാർഷികമാണിത്. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മലയാള സാഹിത്യകാരന് എസ്എൻഡിപി യോഗത്തിന്റെ സ്ഥാപക സെക്രട്ടറിക്ക്, മിടുക്കനായ വ്യവസായിക്ക്, ഉന്നത ശീർഷനായ പത്രാധിപർക്ക് ചിന്താവിഷ്ടയായ സീതയുടെ നൂറാം വാർഷികത്തിൽ അഭിവാദ്യമർപ്പിക്കുന്നു. പാവയോ ഇവൾ എന്ന് ആശാന്റെ സീത രാമനോട് ചോദിച്ചതിന്റെ നൂറാം വാർഷികത്തിലാണ് തങ്ങൾ അശുദ്ധകളല്ലെന്ന് പ്രഖ്യാപിക്കാൻ കേരളത്തിലെ ലക്ഷോപലക്ഷം സ്ത്രീകൾ തെരുവിലിറങ്ങിയത്. അവർ തീർത്ത പ്രതിരോധത്തിന്റെ വൻമതിൽ തങ്ങൾ പാവകളല്ല എന്ന ധീര പ്രഖ്യാപനമായിരുന്നു. മത നിരപേക്ഷതയുടെയും പുരോഗമന ചിന്താഗതിയുടെയും ഊർജ്ജം പ്രസരിക്കുന്ന ഭൂമിയായി കേരളം തുടരുമെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതിൽ. ആശാന്റെ സീത പറയുന്ന പോലെ എൻ മനവും ചേതനയും വഴങ്ങിടാഎന്ന് പ്രഖ്യാപിച്ച മതിൽ ലോകത്തിനു മുന്നിൽ മലയാളികളുടെ ആത്മാഭിമാനം വാനോളം ഉയർത്തി. അതിന്റെ തുടർച്ചയായി തുല്യതയുടെയും നീതിബോധത്തിന്റെയും കാര്യത്തിൽ കൂടുതൽ പ്രബുദ്ധമായ ഒരു സാമൂഹിക നിർമ്മിതിക്കുവേണ്ടിയുള്ള സംഭാവന കൂടിയാവണം ഈ ബജറ്റെന്ന് ഞാൻ ആഗ്രഹിക്കുന്നുഎന്നു പറഞ്ഞു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം തുടങ്ങിയത്. content highlights:Sabarimala. Kerala renaissance, Kumarananashan, Sreenarayanaguru , Budget speech of Thomas Issac


from mathrubhumi.latestnews.rssfeed http://bit.ly/2S04p9V
via IFTTT