Breaking

Thursday, January 31, 2019

ഒത്തുകളി വിവാദം, ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഒത്തുകളി വിവാദത്തിൽ പെട്ട ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പെരുമാറ്റം അത്രനല്ലതല്ലായിരുന്നുവെന്ന് സുപ്രീംകോടതി. വാതുവെപ്പുകേസിൽ ബിസിസിഐയുടെ ആജീവനന്ത വിലക്കിനെതിരെ ശ്രീശാന്ത് സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് അശോക് ഭൂഷൺ, കെ.എം, ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ സൽമാൻ ഖുർഷിദ് ആണ് ഹാജരായത്. വാദത്തിനിടെ നിരവധി ചോദ്യങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഒത്തുകളിയേക്കുറിച്ചുള്ള വിവരങ്ങൾ എന്തുകൊണ്ടാണ് ബിസിസിഐയെ അറിയിക്കാതിരുന്നതെന്ന് കോടതി ആരാഞ്ഞു. ഒത്തുകളിയേപ്പറ്റി പറയുന്ന ഫോൺസംഭാഷണങ്ങൾ പരാമർശിച്ചാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. ഒത്തുകളിയേക്കുറിച്ച് വിവരമുണ്ടായിട്ടും അത് ബിസിസിഐയെ അറിയിക്കാതിരുന്നതിനാണ് വിലക്കെങ്കിൽ അത് പരമാവധി അഞ്ചുവർഷത്തേക്ക് മാത്രമേ പാടുള്ളുവെന്ന് സൽമാൻ ഖുർഷിദ് വാദിച്ചു. ഇതിനിടെയാണ് ശ്രീശാന്തിന്റെ പെരുമാറ്റം ഇക്കാര്യത്തിൽ അത്ര നല്ലതല്ലായിരുന്നുവെന്നും അക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും കോടതിയുടെ ഭാഗത്തുനിന്ന് പരാമർശമുണ്ടായത്. ശ്രീശാന്ത് ഒത്തുകളിച്ചിട്ടില്ല എന്നത് വ്യക്തമാണെന്നും ഖുർഷിദ് വാദിച്ചു. വിലക്ക് കാരണം തന്റെ കരിയർ പാഴായി പോവുകയാണെന്നും ഇന്ത്യയ്ക്ക് പുറത്തുള്ള ടീമുകളിൽ കളിക്കാനെങ്കിലും അനുവദിക്കണമെന്നും ശ്രീശാന്ത് കോടതിയോട് ആവശ്യപ്പെട്ടു. നിലവിലില്ലാത്ത കേസിന്റെ പേരിലാണ് തനിക്കെതിരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ശ്രീശാന്ത് പറയുന്നു. ഒത്തുകളിക്ക് വേണ്ടി 10 ലക്ഷം രൂപ കൈപ്പറ്റി എന്നതിന് യാതൊരു തെളിവുമില്ലെന്നും ശ്രീശാന്ത് വാദിച്ചു. അധിക രേഖകൾക്കു മറുപടി നൽകാൻ ബിസിസിഐയുടെയും ശ്രീശാന്തിന്റെയും അഭിഭാഷകർക്ക് കൂടുതൽ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു. ഇനി ഫെബ്രുവരി 20 ആകും കേസ് പരിഗണിക്കുക. 2013ലെ ഐപിഎൽ ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്ത് ഉൾപ്പെടെയുള്ളവരെ ബിസിസിഐ വിലക്കിയത്. വിലക്ക് ഏർപ്പെടുത്തിയ നടപടി ക്രൂരമാണെന്നും ഇംഗ്ലിഷ് കൗണ്ടി മൽസരങ്ങളിൽപ്പോലും കളിക്കാനാകുന്നില്ലെന്നും ശ്രീശാന്ത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വാതുവയ്പ് വിവാദത്തിൽ ഡൽഹി പട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാൻ ബിസിസിഐ തയാറായിട്ടില്ല. ഇതിനെതിരെ ശ്രീശാന്ത് നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾബെഞ്ച് അനുകൂലമായി വിധിച്ചെങ്കിലും ബിസിസിഐയുടെ അപ്പീൽ അംഗീകരിച്ച് ഡിവിഷൻ ബെഞ്ച് വിലക്ക് നിലനിർത്തുകയായിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയിലെത്തിയത്. Content Highlights:spot-fixing case, conduct of Sreesanth was not good. There is no doubt about this, say Supreme Court


from mathrubhumi.latestnews.rssfeed http://bit.ly/2RrCaMg
via IFTTT