Breaking

Thursday, January 31, 2019

രക്തസാക്ഷി ദിനത്തില്‍ ഗാന്ധിക്കോലത്തിന് നേരെ വെടിയുതിര്‍ത്തു; ഹിന്ദു മഹാസഭ നേതാവ് വിവാദത്തില്‍

അലിഗഡ്: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഗാന്ധിക്കോലത്തിനു നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്തു. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്.

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നേരത്തെ 'ശൗര്യ ദിവസ്' എന്ന പേരിലായിരുന്നു ഹിന്ദുമഹാസഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുര വിതരണവും നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നേരത്തെ സംഘടന നടത്തിവന്നിരുന്നു. ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തത് ശൗര്യ ദിവസ് ആയി വി.എച്ച്.പി, ബജ്റംഗ്ദള്‍ എന്നി സംഘടനകള്‍ നേരത്തെ ആഘോഷിച്ചിരുന്നു. പൂജകളും ഹോമങ്ങളും മതപരിപാടികളുമായാണ് 'ശൗര്യ ദിവസ്' ആഘോഷിക്കുന്നത്.

നാഥൂറാം ഗോഡ്സെയെക്ക് മുന്‍പ് ജനിച്ചിരുന്നെങ്കില്‍ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ തന്റെ കൈകള്‍ കൊണ്ട് കൊലപ്പെടുത്തുമായിരുന്നുവെന്ന് പൂജ ശകുന്‍ നേരത്തെ വിവാദ പ്രസ്താവന നടത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇനി ഗാന്ധിയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെയും വെടിവെച്ച് കൊല്ലും. രാജ്യത്തിന്റെ വിഭജനത്തിന് കാരണം ഗാന്ധിയാണ്. വിഭജന സമയത്ത് നിരവധി ഹിന്ദുക്കളാണ് മരണപ്പെട്ടത്. ഇനി ആരെങ്കിലും വിജഭനകാര്യം പറഞ്ഞാല്‍ അവരെയും കൊല്ലുമെന്നും പാണ്ഡെ അന്ന് പറഞ്ഞിരുന്നു.



from Anweshanam | The Latest News From India http://bit.ly/2DKocSf
via IFTTT