Breaking

Monday, January 28, 2019

ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കും; അക്രമികള്‍ക്കെതിരെ കര്‍ശന നടപടി- മുഖ്യമന്ത്രി

തിരുവനന്തപുരം: ഹർത്താൽ തടയുന്നതിനുള്ള നിയമ വശങ്ങൾ പരിശോധിക്കുമെന്നുംഹർത്താലുകൾ ഒഴിവാക്കാൻ സർവകക്ഷിയോഗം വിളിക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തിന്റെ മുന്നോട്ടുള്ളപോക്ക് തടയാനുള്ള ബോധപൂർവശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തിന് ദുഷ്പേര് ഉണ്ടാക്കുന്ന തരത്തിൽ ചില ഹർത്താലുകൾ നടത്തി. ഹർത്താലിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയാണ് എടുത്ത് വരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം ഹർത്താൽ നിയമവിരുദ്ധമാക്കാനുള്ള നടപടികളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല. മിന്നൽ ഹർത്താലുകൾ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹർത്താൽ നിയന്ത്രണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കാൻ സർക്കാർ തയ്യാറാകുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആദ്യം പുറത്ത് ചർച്ചകൾ നടത്താം പിന്നീട് നമുക്ക് സഭാനടപടികളിലേക്ക് കടക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശബരിമല സ്ത്രീപ്രവേശനം നടന്നതിന് പിറ്റേ ദിവസം നടത്തിയ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച വകയിൽ 28.43 ലക്ഷം രൂപയും സ്വകാര്യ മുതൽ നശിപ്പിച്ച വകയിൽ 1.03 കോടിരൂപയുടേയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന് ഇതേവരെ ഒരു പങ്കുംവഹിക്കാത്ത ചില ശക്തികൾ ബോധപൂർവംഅക്രമം അഴിച്ചുവിടുന്നു. അവർക്ക് കേരളം മുന്നോട്ട് പോകരുത് എന്ന് മാത്രമല്ല. പിന്നോട്ടടിപ്പിക്കാനാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് പേരാമ്പ്രയിൽ പള്ളിക്ക് നേരെ കല്ലെറിഞ്ഞ സംഭവം സർക്കാർ ഗൗരവത്തോടെ കാണുന്നു. മിഠായിത്തെരുവിലെ അക്രമസംഭവങ്ങൾ പരിശോധിച്ച് വരികയാണ്. കാസർഗോഡ്, മഞ്ചേശ്വരം ഭാഗത്ത് വർഗീയ സംഘർഷങ്ങളുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വർഗീയ സംഘർഷത്തിലൂടെ മറ്റു സ്ഥലങ്ങളിൽ ലാഭം നേടിയ ആളുകൾ ഒരു ശ്രമം ഇവിടേയും നടത്തി നോക്കുകയാണ്. പോലീസിനൊപ്പം ജനങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Avoid hartal-call all party meeting-cm pinarayi vijayan-kerala assembly


from mathrubhumi.latestnews.rssfeed http://bit.ly/2MCnARa
via IFTTT