Breaking

Wednesday, October 3, 2018

ഒരു ദിർഹത്തിന് 20 കടന്ന് രൂപ; ഇത് ചരിത്രത്തിലാദ്യം

ദുബായ്: യു.എ.ഇ. ദിർഹവുമായുള്ള രൂപയുടെ വിനിമയനിരക്ക് ചരിത്രത്തിലാദ്യമായി 20 കടന്നു. ഒരു ദിർഹത്തിന് 20.05 രൂപയാണ് ചൊവ്വാഴ്ചത്തെ വിനിമയ നിരക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്ക് കൂടിക്കൊണ്ടിരിക്കയായിരുന്നു. ജൂലായിൽ ഒരു ദിർഹത്തിന് 18.60 രൂപ ആയിരുന്നു. ഓഗസ്റ്റ് പകുതിയോടെയാണ് 19 രൂപ കടന്നത്. പിന്നീട് നിരക്ക് താഴ്ന്നിട്ടില്ല. സെപ്റ്റംബർ പകുതിയോടെ 19.75 എന്ന നിലയിലേക്ക് എത്തി. ഒടുവിൽ സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നതുപോലെ നിരക്ക് 20 രൂപ കടന്നു. അസംസ്കൃതഎണ്ണ വിലയും നിലവിലെ ആഗോള രാഷ്ട്രീയസാഹചര്യങ്ങളും കണക്കിലെടുത്താൽ കുറച്ചുനാൾകൂടി ഈ സ്ഥിതി തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അമേരിക്ക-ചൈന വ്യാപാരബന്ധത്തിലെ ഉലച്ചിൽ, ലിറയുടെ മൂല്യത്തിലുള്ള ഇടിവ്, അമേരിക്കയിലെ ബാങ്ക്പലിശ വർധന തുടങ്ങിയ ഘടകങ്ങളെല്ലാം ഇന്ത്യൻ രൂപയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ശമ്പളം ലഭിക്കുന്ന സമയത്തെ വിനിമയനിരക്കിലെ വർധന സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ഗുണകരമാകും. കഴിഞ്ഞ ഏതാനും ആഴ്ചകളായി നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തിൽ 15 മുതൽ 20 ശതമാനംവരെ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, രൂപയുടെ മൂല്യമിടിഞ്ഞതിനാൽ നാട്ടിൽ വിലക്കയറ്റം രൂക്ഷമാകും. അതുകൊണ്ടുതന്നെ കടം വാങ്ങിയും വായ്പയെടുത്തും ക്രെഡിറ്റ് കാർഡിൽനിന്നെടുത്തും മറ്റും ഈ സമയത്ത് നാട്ടിലേക്ക് പണമയക്കുന്നത് ബുദ്ധിയല്ലെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം.


from mathrubhumi.latestnews.rssfeed https://ift.tt/2OtIwgW
via IFTTT