Breaking

Wednesday, October 31, 2018

സ്റ്റാറിന്റെ അപ്പീൽ തള്ളി; കുറഞ്ഞ നിരക്കിൽ ഇഷ്ടമുള്ള ചാനൽ കാണാൻ അവസരം

മുംബൈ:ടെലിവിഷൻ സംപ്രേഷണ രംഗത്ത് ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ സുപ്രീംകോടതി ശരിവച്ചതോടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഇഷ്ടമുള്ള ചാനൽ കാണാനുള്ള സൗകര്യത്തിന് വഴി തുറന്നു. സ്റ്റാർ ഇന്ത്യ ട്രായിയുടെ നിയന്ത്രണങ്ങൾക്കെതിരേ നൽകിയ അപ്പീൽ ചൊവ്വാഴ്ച സുപ്രീംകോടതി തള്ളിയതോടെയാണിത്. നേരത്തെ മദ്രാസ് ഹൈക്കോടതി ട്രായ് തയ്യാറാക്കിയ നിബന്ധനകൾ ശരിവച്ചിരുന്നു. ഇതിനെതിരേയായിരുന്നു സ്റ്റാറിന്റെ അപ്പീൽ. ചാനലുകളുടെ നിരക്ക് നിശ്ചയിക്കാനും മറ്റ് നിയന്ത്രണങ്ങൾ നടപ്പിലാക്കാനും ട്രായിക്ക് അധികാരമില്ലെന്നായിരുന്നു സ്റ്റാറിന്റെ വാദം. ഇത് കോടതി തള്ളിക്കളഞ്ഞു. ഉപഭോക്താവിന് തങ്ങൾക്കിഷ്ടമുള്ള ചാനലുകൾ മാത്രം തിരഞ്ഞെടുത്ത് അതിനു മാത്രം പണം നൽകാനുള്ള സംവിധാനമാണ് ട്രായ് കൊണ്ടു വരുന്നത്. 100 ചാനലുകൾക്ക് നൽകേണ്ടത് വെറും 130 രൂപയും നികുതിയും മാത്രം. ടാറ്റ സ്കൈ, ഡിഷ് ടി.വി. തുടങ്ങി രാജ്യത്തെ ഡി.ടി.എച്ച്. കമ്പനികളോ കേബിൾ ടെലിവിഷൻ കമ്പനികളോ കൂട്ടമായി നൽകുന്ന ചാനൽ പാക്കേജുകൾ വാങ്ങേണ്ട ഗതികേട് ഇനിയുണ്ടാവില്ല. പേ, എച്ച്.ഡി. (ഹൈ ഡെഫിനിഷൻ), പ്രീമിയം ചാനലുകൾക്കും വില നിയന്ത്രണമുണ്ട്. ഓരോ വിഭാഗത്തിലുള്ള ചാനലുകൾക്കും പരമാവധി വില ട്രായ് നിശ്ചയിച്ചിട്ടുണ്ട്. പ്രത്യേക പാക്കേജുകളുടെ നിരക്ക് പ്രഖ്യാപിക്കാൻ 180 ദിവസമാണ് ട്രായ് അനുവദിച്ചിരിക്കുന്നത്. ട്രായിയുടെ നിർദേശ പ്രകാരം സ്റ്റാർ ഒഴികെ മറ്റെല്ലാ കമ്പനികളും തങ്ങളുടെ ചാനലുകളുടെ നിരക്കുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. സോണി, സീ തുടങ്ങിയ കമ്പനികൾ തങ്ങളുടെ മുഴവുൻ സൗജന്യ ചാനലുകളും ഇതിന്റെ ഭാഗമായി പേ ചാനലുകളാക്കി മാറ്റിക്കഴിഞ്ഞു. 2016 ഒക്ടോബറിൽ തന്നെ ട്രായ് പുതിയ നിയന്ത്രണങ്ങളുടെ കരട് പുറത്തിറക്കിയിരുന്നു. ഡി.ടി.എച്ച്. കമ്പനികൾ ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ പോയതിനാലാണ് ഇത് നടപ്പിലാക്കാൻ വൈകിയത്. മദ്രാസ് ഹൈക്കോടതിയുടെ വിധി പുറത്തുവന്ന ശേഷമാണ് ട്രായ് കഴിഞ്ഞ ജൂലായ് മൂന്നിന് ഇത് നടപ്പിലാക്കിയത്. ഡിസംബർ അവസാനത്തോടെ ട്രായിയുടെ നിയന്ത്രണങ്ങൾക്കനുസൃതമായി ടെലിവിഷൻ സംപ്രേഷണം മാറുമെന്നാണ് പ്രതീക്ഷ.


from mathrubhumi.latestnews.rssfeed https://ift.tt/2SqXT8Z
via IFTTT