Breaking

Wednesday, October 31, 2018

ശബരിമല: വ്യാജ മീ ടുവിന്റെ ബഹളമായിരിക്കുമെന്ന് രാഹുൽ ഈശ്വർ

കൊച്ചി: ശബരിമലയിൽ യുവതീപ്രവേശമുണ്ടായാൽ വ്യാജ മീ ടു ആരോപണങ്ങളുടെ ബഹളമായിരിക്കുമെന്ന് അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ. തനിക്കെതിരേ സ്ത്രീവിഷയം ഉന്നയിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കോടതി ജാമ്യവ്യവസ്ഥകളുടെ പശ്ചാത്തലത്തിൽ എഴുതിത്തയ്യാറാക്കിയ കുറിപ്പുമായാണ് പത്രസമ്മേളനം നടത്തിയത്. ‘‘മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ ഒരു വരി മാറിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ഞാൻ. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ഇനി സ്റ്റേഷനിൽ ഒപ്പിടാൻ ദിവസമില്ല. ഞാൻ പറഞ്ഞാൽ അല്ലേ പ്രശ്നം. എന്റെ വക്കീൽ സംസാരിക്കും’’ എന്ന മുഖവുരയോടെയായിരുന്നു പത്രസമ്മേളനം.മീ ടു ആരോപണങ്ങളുടെയും രാഹുലിനെ തള്ളി താഴമൺ മഠം നടത്തിയ പ്രസ്താവനയുടെയും പശ്ചാത്തലത്തിലായിരുന്നു പത്രസമ്മേളനം. മുത്തശ്ശി ദേവകി അന്തർജനം, അമ്മ മല്ലിക നമ്പൂതിരി, ഭാര്യ ദീപ, അഭിഭാഷക എന്നിവർ ഒപ്പമുണ്ടായിരുന്നു. തിക്കിത്തിരക്കി വരിനിൽക്കേണ്ടിവരുന്ന സന്നിധാനത്ത് യുവതികളായ ഫെമിനിസ്റ്റുകളും കൂടി പ്രവേശിച്ചാൽ വ്യാജ മീ ടു ആരോപണങ്ങളുണ്ടാകും. ശബരിമലയുടെ പവിത്രതയ്ക്കെതിരേയുള്ള തീവ്ര ഫെമിനിസ്റ്റ് നീക്കമാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു. സ്ത്രീവിഷയത്തിൽ പേടിപ്പിച്ചാൽ പലരും പേടിക്കും. പക്ഷേ, എനിക്ക് ഭയമില്ല. ശക്തമായി മുന്നോട്ടുപോകും. നവംബർ അഞ്ചുമുതൽ ശബരിമലയിലുണ്ടാകും. നവംബർ അഞ്ചിനും 13-നും മുമ്പ് കൂടുതൽ വ്യാജ ആരോപണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. എല്ലാ മക്കളും കൊച്ചുമക്കളും തനിക്ക് ഒരു പോലെയാണെന്ന് ദേവകി അന്തർജനം പറഞ്ഞു. മകനെതിരേ വരുന്ന ആരോപണങ്ങളെല്ലാം തള്ളുന്നതായി അമ്മ മല്ലിക നമ്പൂതിരി പറഞ്ഞു. നവംബർ അഞ്ചിന് രാഹുലിനെ ശബരിമലയിൽ എത്തിക്കാതിരിക്കാനാണ് ആരോപണങ്ങളെന്നും അവർ പറഞ്ഞു. മീ ടു ആരോപണത്തിൽ പറയുന്നതിന് രണ്ടുവർഷം മുൻപ് രാഹുലിനെ പരിചയമുണ്ടെന്ന് ഭാര്യ ദീപ പറഞ്ഞു. അമ്മയെയും അറിയാം. ഒരു ബന്ധുവും ജോലിക്കാരിയുമടക്കം അന്ന് ആ വീട്ടിൽ നാലുപേർ ഉണ്ടായിരുന്നു. തെറ്റായ ആരോപണത്തിൽ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നും ദീപ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Q9a74j
via IFTTT