Breaking

Wednesday, October 31, 2018

പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ പെന്‍ഷന്‍ പദ്ധതി: ആദായം 10 ശതമാനം

പതിറ്റാണ്ടുകൾ വിദേശത്ത് അധ്വാനിച്ച് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പ്രതീക്ഷയേകി കേരള സർക്കാരിന്റെ ഡിവിഡന്റ് പെൻഷൻ പദ്ധതി. പ്രവാസികളിൽനിന്ന് നിക്ഷേപമായി സമാഹരിക്കുന്ന തുക കിഫ്ബിയിൽ നിക്ഷേപമായി സ്വീകരിച്ച് മാസം നിശ്ചിത തുക പെൻഷനായി നൽകുന്നതാണ് പദ്ധതി. പ്രവാസികൾക്ക് സാമ്പത്തിക സുരക്ഷയൊരുക്കുന്നതിനൊപ്പം കിഫ്ബിയിലേയ്ക്ക് വലിയൊരു തുക നിക്ഷേപമായി ലഭിക്കുമെന്നതും പദ്ധതിയുടെ മെച്ചമായി കണക്കാക്കുന്നു. ഓരോ പ്രവാസിക്കും പ്രവാസം അവസാനിപ്പിച്ചവർക്കും ഉപകാരപ്രദമാണിത്. പ്രവാസിക്കും പങ്കാളിക്കും ജീവിതാവസാനംവരെ പെൻഷൻ നൽകുന്നതും ഇവരുടെ മരണാനന്തരം തുക അനന്തരാവകാശികൾക്ക് കൈമാറുന്നതുമാണ് പദ്ധതി. മൂന്നുമുതൽ 55 ലക്ഷം രൂപവരെ ഒരുമിച്ചോ ഗഡുക്കളായോ നിക്ഷേപിക്കാം. വർഷം തുകയുടെ പത്തുശതമാനം ലാഭവിഹിതം ലഭിക്കും. ഈ തുക വീതിച്ച് ഓരോ മാസവും പെൻഷൻ ഇനത്തിൽ അക്കൗണ്ടിലെത്തും. നിക്ഷേപകൻ മരിച്ചാൽ പങ്കാളിക്കും പെൻഷൻ ലഭിക്കും. രണ്ടുപേരുടെയും മരണശേഷം നിക്ഷേപിച്ച തുകയിൽ കൂടുതൽ തുക അനന്തരാവകാശിക്ക് ലഭിക്കും. ഇതിനിടയിൽ തുക തിരികെയെടുക്കാനോ അതിന്മേൽ വായ്പയെടുക്കാനോ സാധിക്കില്ല. ഇതര സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും മലയാളികൾക്ക് നിക്ഷേപിക്കാം. പലകോണുകളിലുമായി ഒരുകോടി പ്രവാസികളുണ്ടെന്നാണ് കണക്ക്. ഗൾഫിലും കേരളത്തിലും മുംബൈ പോലുള്ള വാണിജ്യ നഗരങ്ങളിൽ എവിടെയെങ്കിലും മൂന്നിടങ്ങളിലായി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ആർക്കാണ് യോജിച്ചത് മികച്ച പെൻഷൻ വരുമാനം ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് നിക്ഷേപിക്കാം. ആന്വിറ്റി പെൻഷൻ പദ്ധതികളിൽ 6-7 ശതമാനം മാത്രം പെൻഷൻ ലഭിക്കുമ്പോൾ 10 ശതമാനം ആദായം വളരെ ആകർഷകമാണ്. സീനിയർ സിറ്റിസൺസ് സ്കീമിലാകട്ടെ 8.7 ശതമാനവുമാണ് പലിശ. ന്യൂനത ഇടയ്ക്കുവെച്ച് നിക്ഷേപം തിരികെയെടുക്കാനാവില്ല. നിക്ഷേപത്തിന്മേൽ വായ്പയെടുക്കാനും കഴിയില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2SsLiC2
via IFTTT