Breaking

Wednesday, October 31, 2018

മുറിവൈദ്യന്മാരെ വിലസാൻ വിടരുത് -സുപ്രീംകോടതി

ന്യൂഡൽഹി: സൗകര്യങ്ങളില്ലാത്ത മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകി മുറിവൈദ്യന്മാരെ വിലസാൻ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. കേരളത്തിലെ നാല് മെഡിക്കൽ കോളജുകളിലേക്കുള്ള പ്രവേശനം റദ്ദാക്കിക്കൊണ്ടുള്ള വിധിന്യായത്തിലാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ. നിലവാരമില്ലാത്ത മെഡിക്കൽവിദ്യാഭ്യാസം നൽകാൻ അനുവദിച്ചാൽ അതു ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു ഭീഷണിയാകും. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ അധ്യാപകരോ ഇല്ലാത്ത മെഡിക്കൽ കോളജുകൾക്കു പ്രവർത്തിക്കാൻ അനുമതി നൽകുന്നത് സമൂഹത്തിന്റെ താത്പര്യങ്ങൾക്ക് എതിരാകും. അധ്യയനത്തിനുള്ള വസ്തുക്കൾ മാത്രമായി രോഗികളെ കാണുന്ന അവസ്ഥയുണ്ടാകും. പകുതി പാകമായ ഡോക്ടർമാരെ ഇത്തിൾക്കണ്ണികളായി വിലസാൻ അനുവദിച്ചുകൂടാ-ജസ്റ്റിസുമാരായ അരുൺ മിശ്ര, വിനീത് സരൺ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. വയനാട് ഡി.എം., പാലക്കാട് പി.കെ. ദാസ്, വർക്കല എസ്.ആർ., തൊടുപുഴ അൽ അസർ മെഡിക്കൽ കോളജുകൾക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചിരുന്നു. എന്നാൽ, മെഡിക്കൽകൗൺസിൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകി. ഇതിനെതിരേ മെഡിക്കൽ കൗൺസിൽ സമർപ്പിച്ച ഹർജിയിലാണ് തിങ്കളാഴ്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത്. മെഡിക്കൽകോളജുകളിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കാൻ അവസരം നൽകണമെന്ന പൊതുനിർദേശം ഹൈക്കോടതി നൽകാൻ പാടില്ലായിരുന്നുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വകുപ്പുകൾ പരിശോധിക്കാതെ ഇത്തരം നിർദേശം നൽകുന്നത് നിയമവിരുദ്ധമാണ്. പരിശോധന നടത്തിയശേഷമാണ് നിയമപ്രകാരം തീരുമാനമെടുക്കേണ്ടത്. പരിശോധനയുടെ ഫലം എന്താകുമെന്ന് നേരത്തേ കണക്കുകൂട്ടിയാകരുത് നിർദേശങ്ങളും നിയന്ത്രണങ്ങളും. ഒരുവർഷത്തിനകം പരിഹരിക്കാൻ സാധിക്കാത്ത പോരായ്മകൾ ഉണ്ടാകാം. മറിച്ചാണെങ്കിൽപ്പോലും പ്രവേശനത്തിന് അനുമതി നൽകിക്കൊണ്ട് ഇത്തരം ഉത്തരവുകൾ ഇറക്കരുത്. പരിശോധനയ്ക്ക് ഉത്തരവിടുകയും പോരായ്മകൾ കണ്ടെത്തിയാൽ മെഡിക്കൽ കൗൺസിലിനും സർക്കാരിനും തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്നത് വിദ്യാർഥികളുടെ ഭാവി നശിപ്പിക്കും. വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത് ഇത്തരത്തിൽ ഉപാധികളോടെയാകരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2PBc6Sg
via IFTTT