Breaking

Wednesday, October 31, 2018

കാത്തിരിക്കാം, റണ്ണൊഴുക്കിന്

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ- വിൻഡീസ് അഞ്ചാം ഏകദിനത്തിനായി തയ്യാറാക്കുന്നത് റണ്ണൊഴുകുന്ന പിച്ച്. പരിശീലനത്തിനടക്കം ആറ് പിച്ചുകളാണ് തയ്യാറാക്കിയിട്ടുള്ളത്. വ്യാഴാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. 2-1 ന് ഇന്ത്യ മുന്നിലാണ് പിച്ച് റിപ്പോർട്ട് കർണാടകയിലെ മാണ്ഡ്യയിൽ നിന്നെത്തിച്ച കളിമണ്ണുകൊണ്ടു നിർമിച്ച പിച്ചായിരിക്കും മത്സരത്തിനായി തിരഞ്ഞെടുക്കുന്നത്. മത്സരത്തിനായി രണ്ടു പിച്ചുകളും പരിശീലനത്തിനായി നാലു പിച്ചുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഇരു ടീമുകൾക്കും 300 റൺസിന് മുകളിൽ സ്കോർചെയ്യാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ബി.സി.സി.ഐ. ദക്ഷിണമേഖലാ ക്യുറേറ്റർ ആർ. ശ്രീറാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ചൊവ്വാഴ്ച പിച്ചുകൾ പരിശോധിച്ചു. പിച്ചിന്റെ നിർമാണത്തിൽ ബി.സി.സി.ഐ. പൂർണതൃപ്തി രേഖപ്പെടുത്തിയതായി കെ.സി.എ. അധികൃതർ അറിയിച്ചു. മഴ പെയ്താലും കളിമുടങ്ങാത്ത തരത്തിലാണ് ഗ്രൗണ്ടിലെ ഒരുക്കങ്ങൾ. മഴയുണ്ടായാൽ അരമണിക്കൂറിനകം ഉണങ്ങുന്ന തരത്തിലാണ് പിച്ചും ഔട്ട്ഫീൽഡും നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ ഇന്ത്യ- ന്യൂസീലൻഡ് ട്വന്റി-20 മത്സരം മഴകാരണം ഉപേക്ഷിക്കേണ്ടിവരുമെന്ന ഘട്ടത്തിലായിരുന്നു. എന്നാൽ വെള്ളം പെട്ടെന്ന് ഒഴുകിപ്പോകുന്നതരത്തിൽ ആധുനിക സജ്ജീകരണങ്ങളോടെ തയ്യാറാക്കിയ ഗ്രൗണ്ടിൽ മത്സരം നടത്താൻ സാധിച്ചത് കെ.സി.എയ്ക്ക് ആത്മവിശ്വാസം നൽകുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ക്യുറേറ്റർ എ.എം. ബിജുവിന്റെ നേതൃത്വത്തിൽ 40 പേർ ചേർന്നാണ് പിച്ചും ഗ്രൗണ്ടും മത്സരത്തിനായി തയ്യാറാക്കുന്നത്. ജനുവരിയിൽ ഇവിടെ ഇന്ത്യ എ- ഇംഗ്ലണ്ട് എ ഏകദിന മത്സരവും നടക്കും. കാലാവസ്ഥ തുലാവർഷം ഇതുവരെയും സംസ്ഥാനത്ത് ശക്തിപ്രാപിച്ചിട്ടില്ല. വ്യാഴാഴ്ച തിരുവനന്തപുരത്ത് ഉയർന്ന ചൂട് 31 ഡിഗ്രിയും കൂറഞ്ഞ ചൂട് 24 ഡിഗ്രിയുമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇനിയും സീറ്റുണ്ട് 40,000 സീറ്റുകളാണ് സ്പോർട്സ് ഹബ്ബിൽ തയ്യാറാക്കിയിരിക്കുന്നത്. അവധിദിനമല്ലെങ്കിലും വ്യാഴാഴ്ച സ്റ്റേഡിയം നിറയുമെന്നുതന്നെയാണ് കെ.സി.എ. അധികൃതരുടെ പ്രതീക്ഷ. ചൊവ്വാഴ്ചയോടെ മത്സരത്തിന്റെ 80 ശതമാനം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി കെ.സി.എ. അധികൃതർ പറഞ്ഞു. ടിക്കറ്റ് വിൽപ്പന ഓൺലൈനിലൂടെ മാത്രമാണ്. പേടിഎം, ഇൻസൈഡർ എന്നീ ഓൺലൈൻ സൈറ്റുകൾക്ക് പുറമെ, സംസ്ഥാനത്തെ 2700 അക്ഷയ ഇ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് വിൽപ്പന നടക്കുന്നുണ്ട്. മുൻ വർഷങ്ങളിലേതുപോലെ ടിക്കറ്റുകൾ കൗണ്ടർ വഴി വിൽപ്പനയില്ല. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാൻ ഡിജിറ്റൽടിക്കറ്റുകളോ, പ്രിന്റ് ഔട്ടുകളോ ഉപയോഗിക്കാം. സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കാൻ ടിക്കറ്റിനുപുറമെ പ്രൈമറി ടിക്കറ്റ് ഹോൾഡറുടെ തിരിച്ചറിയൽ രേഖ നിർബന്ധമാണ്. ഒരാൾക്ക് ഒരു യൂസർഐഡിയിൽ നിന്ന് പരമാവധി ആറ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. Content Highlights: India vs West Indies Fifth ODI Preview


from mathrubhumi.latestnews.rssfeed https://ift.tt/2Q9cggG
via IFTTT