Breaking

Wednesday, October 31, 2018

ബാഗിന്റെ അമിതഭാരം; പുസ്തകം സ്‌കൂളില്‍ വെച്ചുകൂടേ എന്ന് ഹൈക്കോടതി

കൊച്ചി: കുട്ടികൾക്ക് സ്കൂൾബാഗിന്റെ അമിതഭാരമെന്ന പ്രശ്നം പരിഹരിക്കാൻ സ്കൂളിൽ കുറേ പുസ്തകങ്ങൾ സൂക്ഷിക്കാൻ സൗകര്യം നൽകിക്കൂടേയെന്ന് ഹൈക്കോടതി. കുട്ടികളെക്കൊണ്ട് ഇത്രയും ഭാരമുള്ള ചുമടെടുപ്പിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. സ്കൂൾബാഗിന്റെ ഭാരം കുറയ്ക്കണമെന്ന സി.ബി.എസ്.ഇ.യുടെ സർക്കുലർ നിലനിൽക്കുമ്പോഴാണിത്. ഇ-ബുക്കും സ്മാർട്ട് ബോർഡും നിലവിൽവന്ന കാലമാണിത്. സ്കൂൾ ബാഗിന്റെ അമിതഭാരം എങ്ങനെ കുറയ്ക്കാമെന്ന് പഠിച്ച് വിശദീകരണം നൽകാൻ കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഹർജിയിൽ സംസ്ഥാനസർക്കാരിനെക്കൂടി കക്ഷിയാക്കാൻ ഹർജിക്കാരനോടും നിർദേശിച്ചു. കുട്ടിയുടെ ശരീരഭാരത്തെക്കാൾ 10 ശതമാനം ഭാരമുള്ള ബാഗ് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻബെഞ്ചിന്റെ നിരീക്ഷണം. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഡോ. ജോണി സിറിയക്കാണ് ഹർജിക്കാരൻ. രാജ്യത്തെ സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യപ്രശ്നത്തിനു മുഖ്യകാരണം സ്കൂൾ ബാഗുകളുടെ അമിതഭാരമാണെന്ന പഠനറിപ്പോർട്ടുകൾ മുൻനിർത്തിയാണ് ഹർജി. ഇക്കാര്യത്തിൽ 2016 സെപ്റ്റംബർ 12-ന് സി.ബി.എസ്.ഇ. അതിനുകീഴിലെ സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. അത് നടപ്പാക്കിയിട്ടില്ലെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. ഈ നിർദേശം സ്കൂളുകൾ പാലിക്കാത്തതെന്തെന്ന് കോടതി കേന്ദ്രത്തോടും സി.ബി.എസ്.ഇ.യോടും ആരാഞ്ഞു. സാമ്പത്തികപ്രശ്നമാണ് കാരണമായി സ്കൂളുകൾ ഉന്നയിക്കുന്നതെന്നായിരുന്നു മറുപടി.കുട്ടികളിൽനിന്ന് സ്കൂളുകൾ ഉയർന്ന ഫീസ് വാങ്ങുന്നില്ലേ എന്ന് കോടതി ചോദിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2RokpOw
via IFTTT