Breaking

Wednesday, October 31, 2018

ഏകതാപ്രതിമ: മോദിയുടെ സ്വപ്നപദ്ധതി

അഹമ്മദാബാദ്: ചൈനയിലെ 153 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തുപ്രതിമയെയും അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയെയുമൊക്കെ ഉയരത്തിൽ പിന്തള്ളിയാണ് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ഏകതാപ്രതിമ ചരിത്രത്തിലേക്ക് ഉയരുന്നത്. നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ ഈ പ്രതിമ 33 മാസത്തെ തുടർച്ചയായ ജോലിക്കൊടുവിലാണ് പൂർത്തിയായത്. രാം വി. സുത്തർ രൂപകല്പനയും എൽ ആൻഡ് ടി നിർമാണവും നിർവഹിച്ചു- 2989 കോടി രൂപ ചെലവ്. ഇതിന്റെ അടിയിലായി 72 അടി ഉയരമുള്ള പട്ടേൽ മ്യൂസിയമുണ്ട്. 4647 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇവിടെ അദ്ദേഹത്തിന്റെ ചരിത്രം പൂർണമായി സമാഹരിച്ചിട്ടുണ്ട്. ഒരു വീഡിയോഭിത്തിയിൽ പ്രതിമയുടെ നിർമാണഘട്ടങ്ങളും കാണാം. രാജ്യത്തെ ഗ്രാമങ്ങളിൽനിന്ന് ശേഖരിച്ച മണ്ണും ഇരുമ്പുംകൊണ്ട് നിർമിച്ച ഏകതാഭിത്തി, 128 മുറികളുള്ള ത്രിനക്ഷത്ര ഹോട്ടലായ ശ്രേഷ്ഠഭാരത് ഭവൻ എന്നിവയും പ്രതിമയ്ക്കു സമീപമാണ്. പ്രതിമയുടെ നെഞ്ചൊപ്പം ലിഫ്റ്റിലെത്തിയാൽ 200 പേർക്കുള്ള സന്ദർശക ഗാലറിയായി. നർമദാ നദീതീരത്ത് 250 ഹെക്ടറിൽ പൂക്കളുടെ താഴ്വരയും ഒരുക്കിയിട്ടുണ്ട്. 250 കൂടാരങ്ങളുള്ള ആധുനിക ടെന്റ് സിറ്റി സന്ദർശകർക്കായി അല്പം ദൂരെയായി നിർമിച്ചിട്ടുണ്ട്. ആദ്യം അണക്കെട്ടിന്റെയും ഇപ്പോൾ പ്രതിമയുടെയും പേരിൽ തങ്ങളുടെ ജീവനോപാധികൾ നശിപ്പിക്കുന്നതിനെതിരേ ചില ആദിവാസി സംഘടനകളും കർഷകരും രംഗത്തുവന്നിട്ടുണ്ട്. ഇവർ ഉപവാസവും ഹർത്താലുമടക്കം പല സമരപരിപാടികൾക്കും ആഹ്വാനംചെയ്തിട്ടുണ്ട്. 22 ഗ്രാമമുഖ്യന്മാർ പരസ്യമായി എതിർപ്പറിയിച്ചു. കോൺഗ്രസിന്റെ പരോക്ഷ പിന്തുണയുമുണ്ട്. സർദാർ പട്ടേലിനെ ബഹുമാനിക്കാത്ത കോൺഗ്രസ്, മോദിയോടുള്ള പകപോക്കാൻ ഈ അവസരം ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. വിനോദസഞ്ചാരകേന്ദ്രമായി വികസിക്കുന്ന ഇവിടെ തദ്ദേശവാസികൾക്ക് ഇപ്പോൾത്തന്നെ ജോലി നൽകിത്തുടങ്ങിയതായും അറിയിച്ചു. ഉദ്ഘാടനം കൊഴുപ്പിക്കാൻ വ്യോമസേനയുടെ വിമാന അഭ്യാസങ്ങൾ, കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാപ്രകടനങ്ങൾ, സൈനിക വിഭാഗങ്ങളുടെയും പോലീസിന്റെയും ബാൻഡ് അവതരണങ്ങൾ തുടങ്ങിയവയൊക്കെ ഒരുക്കിയിട്ടുണ്ട്. പ്രതിഷേധഭീഷണി ഉള്ളതിനാൽ വലിയ സുരക്ഷാസന്നാഹമുണ്ട്. വഡോദരയിൽ നിന്നുള്ള ഹൈവേയിൽ 12 ഇടത്ത് ചെക്പോസ്റ്റുകളുണ്ട്. കെവാഡിയയിൽമാത്രം നാലായിരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2qrOTDT
via IFTTT