Breaking

Wednesday, October 31, 2018

മാനസിക സമ്മർദവും ജോലിഭാരവും: ഒാഡിറ്റർമാരെ കിട്ടാനില്ല

തൃശ്ശൂർ: ഓഡിറ്റിങ്ങിലെ പിശകിന് ഓഡിറ്ററിൽനിന്ന് വൻതുക പിഴയീടാക്കുന്നതും ജോലിയിലെ സങ്കീർണതയും കാരണം ഓഡിറ്റർമാർ പുതിയ സ്ഥാപനങ്ങളുടെ ജോലി ഏറ്റെടുക്കുന്നില്ല. ഇതിനാൽ വ്യാപാര സ്ഥാപനങ്ങൾ റിട്ടേൺ നൽകാനാകാതെ പ്രതിസന്ധിയിലായി. നികുതി നിയമപ്രകാരം രണ്ടുകോടിയിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങളെല്ലാം ഓഡിറ്റ് നടത്തി വേണം ആദായനികുതിയൊടുക്കാൻ. ഓഡിറ്റ് പ്രാക്ടീസിങ് നടത്തുന്നവരെയാണ് ഇതിനായി ആശ്രയിക്കുന്നത്. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡിന്റെ പുതിയ ഉത്തരവുപ്രകാരം ഓഡിറ്റ് റിപ്പോർട്ടിലെ ഓരോ തെറ്റിനും ഓഡിറ്ററിൽനിന്ന് 10,000 രൂപവീതം പിഴയീടാക്കും. ഈ വർഷംമുതൽ ആദായനികുതി റിട്ടേണിൽ സ്ഥാപനങ്ങളുടെ ജി.എസ്.ടി. വിവരങ്ങളും കൃത്യമായി കാണിക്കണം. അതിനാൽ ആദായനികുതിക്കൊപ്പം ജി.എസ്.ടി. കണക്കും പരിശോധിക്കണം. ജി.എസ്.ടി.യുടെ വാർഷിക റിട്ടേൺ സമർപ്പിക്കേണ്ടത് ഡിസംബർ 31-നുള്ളിലാണ്. സാധാരണഗതിയിൽ ജി.എസ്.ടി. കണക്ക് അതിന് തൊട്ടുമുമ്പ് പൂർത്തിയാക്കിയാൽ മതി. എന്നാൽ, വ്യാപാര സ്ഥാപനങ്ങളുടെ ആദായനികുതി റിട്ടേൺ ഒക്ടോബർ 31-നുള്ളിൽ സമർപ്പിക്കണം. അതിനായി ജി.എസ്.ടി. കണക്കും പൂർത്തിയാക്കണം. ഇത് ഇരട്ടിപ്പണിയാണ്. ചിലപ്പോൾ, കിട്ടുന്ന പ്രതിഫലത്തെക്കാൾ കൂടുതലാകും പിഴ. പിഴ ചുമത്തപ്പെട്ടാൽ അക്കാര്യം ചാർട്ടേഡ് അക്കൗണ്ടന്റ് അസോസിയേഷനിൽ അറിയിക്കും. തെറ്റുസംബന്ധിച്ച് ഇപ്പോൾ സംഘടനയും അന്വേഷിക്കുന്നുണ്ട്. കമ്പനികളെ സഹായിക്കാനായി കണക്ക് പെരുപ്പിച്ചുകാണിച്ചതാണോ എന്നാണ് അന്വേഷിക്കുക. തെറ്റുകാരനെന്ന് കണ്ടെത്തിയാൽ അംഗത്വം റദ്ദാക്കും. ജോലിയിൽ അയോഗ്യരാകുകയും ചെയ്യും. മിക്കപ്പോഴും ഓഡിറ്റർമാർ കമ്പനികളുടെ നിർദേശമനുസരിച്ച് കണക്കുകൾ പെരുപ്പിച്ചുകാണിക്കാൻ നിർബന്ധിതരാകും. ഈ കണക്കുകാണിച്ച് കടമെടുത്ത് മുങ്ങുന്ന ഉടമകളുണ്ട്. അതിനുശേഷം നടത്തുന്ന പരിശോധനയിലാണ് കള്ളക്കണക്ക് കണ്ടെത്തുക. ഇതിന് ഓഡിറ്റർക്കെതിരേ കേസെടുക്കും. ഇത്തരം കമ്പനികളിൽനിന്ന് ഓഡിറ്റർമാർ കൂട്ടത്തോടെ ജോലിയവസാനിപ്പിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം നടപടികൾ വ്യാപകമായതിനാലാണ് പുതിയ സ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങിന് ആളെ കിട്ടാത്തത്. വലിയ സംഖ്യ പിഴയേർപ്പെടുത്തിയതോടെ റിസ്ക് ഇൻഷുറൻസ് എടുക്കുന്ന പ്രവണതയും ഓഡിറ്റർമാരിൽ കൂടിയിട്ടുണ്ട്. ഈ വർഷം രാജിവെച്ചത് 204 കന്പനികളിലെ ഓഡിറ്റർമാർ ദേശീയതലത്തിൽ ഈ വർഷം ജനുവരി ഒന്നുമുതൽ ജൂലായ് 17 വരെയായി 204 കന്പനികളിലെ ഓഡിറ്റർമാർ രാജിവെച്ചു. മുംബൈ, ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലെ കന്പനികളാണിവ. നിക്ഷേപകരുടെയും ഓഹരിയുടമകളുടെയും പരാതിയെത്തുടർന്ന് കന്പനികാര്യ മന്ത്രാലയം ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരുകയാണ്. കന്പനി നിയമത്തിലെ 143(12) വകുപ്പനുസരിച്ച്, കന്പനിയോ ജീവനക്കാരോ സാന്പത്തികത്തട്ടിപ്പ് കാണിച്ചതായി ഓഡിറ്റിങ്ങിനിടെ കണ്ടെത്തിയാൽ ഓഡിറ്റർ ഈ വിവരം എത്രയും പെട്ടെന്ന് കേന്ദ്രസർക്കാരിനെ അറിയിക്കണം. രാജിവെയ്ക്കുകയാണെങ്കിൽ ഓഡിറ്റർ ഇക്കാര്യം ബന്ധപ്പെട്ട കന്പനി രജിസ്ട്രാറെ കാരണംസഹിതം അറിയിക്കണം. തുടർന്ന് ഇക്കാര്യം പരിശോധിക്കുകയും ആവശ്യമെങ്കിൽ കന്പനിയും ഓഡിറ്ററുമായി ചർച്ചചെയ്യുകയും ചെയ്യും. സ്ഥിതി ഗുരുതരം 'ഓഡിറ്റർമാർ കാവൽ നായ്ക്കളാണ്, ചെന്നായ്ക്കളല്ല' എന്നാണ് പറയപ്പെടുന്നത്. പക്ഷേ, പുതിയ ആദായനികുതി നിയമപരിഷ്കാരമനുസരിച്ച് ഓഡിറ്റർമാർ ചെന്നായ്ക്കൾ ആകേണ്ട സ്ഥിതിയാണ്. കണക്കിൽ തെറ്റ് കണ്ടെത്തിയാൽ 25 ലക്ഷംവരെ പിഴയും ആറുമാസംമുതൽ ഏഴുവർഷംവരെ കഠിന തടവുമാണ് ശിക്ഷ. ജി.എസ്.ടി. പോർട്ടൽ ഇതുവരെ പൂർണമായിട്ടില്ല. സംശയങ്ങൾക്ക് കൃത്യമായ മറുപടിയുമില്ല. -സി.വി. രാജൻ, ചാർട്ടേഡ് അക്കൗണ്ടന്റ്സ് അസോസിയേഷൻ തൃശ്ശൂർ ജില്ലാസെക്രട്ടറി


from mathrubhumi.latestnews.rssfeed https://ift.tt/2qrP5D7
via IFTTT