Breaking

Wednesday, October 31, 2018

നിലയ്ക്കലിലെ സംഘർഷം; പരിക്കിൽനിന്ന് മോചിതയാകാതെ മാധ്യമപ്രവർത്തക

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ പരിക്കേറ്റ മാധ്യമപ്രവർത്തക സരിത സരസ്വതി ബാലൻ ഇപ്പോഴും ചികിത്സയിൽ. രണ്ടാഴ്ചയിലേറെയായിട്ടും നട്ടെല്ലിനേറ്റ പരിക്കിന്റെ വേദനയിൽ പൂജപ്പുര പഞ്ചകർമ ആശുപത്രിയിൽ ചികിത്സയിലാണ് സരിത. നട്ടെല്ലിന് ചതവേറ്റിട്ടുണ്ട്. നീർക്കെട്ടുമുണ്ട്. അരമണിക്കൂർപോലും ഇരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇടയ്ക്ക് പനിവന്നപ്പോൾ ചികിത്സനിർത്തി. അപ്പോഴേയ്ക്കും വേദന ഇരട്ടിച്ചു -സരിത പറയുന്നു. ഒക്ടോബർ 17-ന് ബുധനാഴ്ചയാണ് 'ദി ന്യൂസ് മിനിറ്റ്' എന്ന ന്യൂസ് പോർട്ടലിന്റെ പ്രത്യേക ലേഖികയായ സരിത നിലയ്ക്കലിലെത്തുന്നത്. വാർത്ത ശേഖരിക്കാനായി എത്തിയ സരിതയെ ബസിൽനിന്ന് സമരാനുകൂലികൾ വിളിച്ചിറക്കി. മാധ്യമപ്രവർത്തകയാണെന്ന് പലവട്ടം പറഞ്ഞിട്ടും ചെവിക്കൊള്ളാൻ സമരക്കാർ തയ്യാറായില്ല. മറ്റുമാധ്യമങ്ങളിലെ സുഹൃത്തുക്കൾ ഓടിയെത്തി സമരക്കാരോട് മാധ്യമപ്രവർത്തകയാണെന്ന് പറഞ്ഞുവെങ്കിലും സമരക്കാർ അത് ഗൗനിച്ചില്ലെന്ന് സരിത പറയുന്നു. പോലീസുകാർ ചുറ്റുമുണ്ടായിട്ടും അക്രമശ്രമങ്ങളുണ്ടായി. വാഹനത്തിലേക്ക് കയറുമ്പോഴായിരുന്നു പിറകിൽനിന്നും ആരോ ചവിട്ടിയത്. ആ സമയത്ത് പരിക്കിന്റെ വേദനയേക്കാളേറെ ഭയമായിരുന്നു. നിലയ്ക്കൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയ താൻ രാത്രിയാണ് പുറത്തിറങ്ങുന്നത്. സുഹൃത്തുക്കൾ കാറുമായി വന്ന് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും നട്ടെല്ലിന്റെ വേദന കുറഞ്ഞിട്ടില്ല. ആയുർവേദമായതോടെ വേദനയെല്ലാം സഹിക്കേണ്ട സ്ഥിതിയാണ് -സരിത പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2qrOOjz
via IFTTT