തിരുവനന്തപുരം: നിലവിളക്കും നിറപറയും ആചാരങ്ങളും സാക്ഷിയായ കതിർമണ്ഡപത്തിൽ കാർമികനായി മെത്രാപ്പോലീത്ത. പുരോഹിതൻതന്നെ താലിയും ഹാരവും കൈമാറി. യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണ് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹത്തിനു കാർമികനായത്.മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ചു നടത്തുന്ന നിർധന യുവതികളുടെ വിവാഹപദ്ധതിയുടെ ഭാഗമായാണ് കാഴ്ചപരിമിതരായ ആറ്റിങ്ങൽ സ്വദേശി രവികുമാറിന്റെയും മലപ്പുറം താളൂർ സ്വദേശിനി സുജാതയുടെയും വിവാഹം നടന്നത്.വധുവിനു ചാർത്താനുള്ള താലിമാല മെത്രാപ്പോലീത്ത കൈമാറുമ്പോൾ കൊട്ടും കുരവയും ഉയർന്നു. സാക്ഷികളായി സെയ്ന്റ് പീറ്റേഴ്‌സ് യാക്കോബായ കത്തീഡ്രൽ വികാരി ഫാ. ഫെവിൻ ജോൺ, കൊച്ചി ഭദ്രാസന അരമന മാനേജർ ഫാ. ജോഷി മാത്യു, സഭാ സെക്രട്ടറി പീറ്റർ കെ. ഏലിയാസ്, വൈ.എം.സി.എ. പ്രസിഡന്റ് ഡോ. കോശി എം. ജോർജ്, യാക്കോബായ യൂത്ത് അസോസിയേഷൻ ഭാരവാഹികളായ ജോസ് സ്ലീബാ, ബൈജു മാത്താറ തുടങ്ങിയവരും ഉണ്ടായിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ചെലവുകളും മെത്രാപ്പോലീത്തയാണ് വഹിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3sODxZL
via
IFTTT