കൊച്ചി: കൊച്ചിയിൽ 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന ആരോപണം ബലപ്പെടുന്നു. റെയ്ഡിൽ ഏഴ് പേരെ പിടികൂടിയെങ്കിലും കോടതിയിൽ ഹാജരാക്കിയപ്പോൾ ഇത് അഞ്ചായി ചുരുങ്ങി. റെയ്ഡിൽ പിടൂകൂടിയ യുവതിയേയും മറ്റൊരാളേയും എക്സൈസ് ഒഴിവാക്കിയാണ് കോടതിയിൽ ഹാജരാക്കിയത്. തിരുവനന്തപുരത്ത് നിന്നെത്തിയ സ്പെഷ്യൽ സ്ക്വാഡാണ് കാക്കാനാട്ടെ ഫ്ളാറ്റുകളിൽ നിന്ന് എംഡിഎംഎ പിടികൂടുന്നത്. ഇതിനോടൊപ്പം പിടികൂടിയ രണ്ടുപേരെ എറണാകുളം റേഞ്ച് എക്സൈസ് ഓഫീസിൽ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസും കസ്റ്റംസും ചേർന്ന് മറ്റു രണ്ട് ഫ്ളാറ്റുകൾ റെയ്ഡ് ചെയ്ത് ഏഴു പേരെ പിടികൂടുന്നത്. ഏഴുപേരുടേയും ചിത്രങ്ങളും വിവരങ്ങളുമടക്കം കസ്റ്റംസ് പുറത്തുവിട്ടിരുന്നു. ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയെന്ന് ആദ്യ വിവരമുണ്ടായിരുന്നെങ്കിലും കോടതിയിലെത്തിയപ്പോൾ 84 ഗ്രാമായി. ഒപ്പം ഏഴ് പ്രതികൾ അഞ്ചായി ചുരുങ്ങുകയും ചെയ്തു. റെയ്ഡ് സമയത്ത് വന്ന രണ്ടുപേരെയാണ് ഒഴിവാക്കുന്നതെന്നാണ് മഹസറിൽ എക്സൈസ് ഇതിന് നൽകുന്ന വിശദീകരണം. അതേ സമയം റെയ്ഡ് സമയത്ത് വന്നവരെ എന്തിന് പിടികൂടിയെന്നും പ്രതികൾക്കൊപ്പം അവരുടെ ചിത്രങ്ങൾ എന്തിന് പുറത്തുവിട്ടുവെന്നും എക്സൈസിന് ഉത്തരമില്ല. എന്നാൽ കേസിൽ കൃത്യമായി അട്ടിമറി നടന്നുവെന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നതെന്നാണ് ആരോപണം. ഒരു കിലോ എംഡിഎംഎ ആരിൽ നിന്ന് പിടികൂടി എന്നൊന്നും എഫ്ഐആറിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3kfIoPG
via
IFTTT