Breaking

Saturday, June 19, 2021

മിൽഖയുടെ മറുപടി കേട്ട് ഞാൻ ഞെട്ടി; മമ്മൂട്ടിയെക്കുറിച്ച് ബഷീർ പറഞ്ഞ അതേ മറുപടി

പഞ്ചാബുകാരനായ മിൽഖാ സിങ് ലോകത്തിന്റെ പലഭാഗങ്ങളിൽ ചെന്ന് ഒരുപാട് പേരെ ഓടി തോൽപ്പിച്ച് പറക്കും സിഖ് എന്ന പേര് നേടിയ കഥ, പാഠപുസ്തകത്തിലായിരുന്നു വായിച്ചത്. അന്നു തൊട്ട് കൊതിച്ചതാണ് അദ്ദേഹത്തെ ഒന്ന് കാണണമെന്ന്. 2001 ഓഗസ്റ്റ് മാസത്തിലാണ് അതിനുള്ള അവസരം വന്നത്. ട്രാക്കിനോട് വിടപറഞ്ഞ് ഏറെ കാലത്തിനു ശേഷം 66-കാരനായ മിൽഖാ സിങ്ങിന് അർജുന അവാർഡ് നൽകാൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. വൈകിയെത്തിയ അംഗീകാരം പക്ഷെ മിൽഖയെ ചൊടിപ്പിച്ചു. അനർഹരായ ഒരുപാട് പേർക്ക് നൽകപ്പെട്ട പുരസ്കാരം തനിക്ക് വേണ്ടെന്ന് മിൽഖ തുറന്നടിച്ചു. അതോടെ സംഗതി വിവാദമായി. വാദപ്രതിവാദങ്ങൾ മുറുകി. ആ സമയത്ത് മാതൃഭൂമിക്ക് വേണ്ടി മിൽഖയെ കണ്ട് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ എന്നെ അസൈൻ ചെയ്തു. ഏറെ കാത്തിരുന്ന അവസരം. മിൽഖയുടെ വീട്ടിലെ നമ്പർ സംഘടിപ്പിച്ച് പലതവണ വിളിച്ച് നോക്കി. ആരും ഫോണെടുക്കുന്നില്ല. അങ്ങനെ കാണാൻ മുൻകൂട്ടി അനുവാദം തേടാതെ തന്നെ മിൽഖയുടെ നഗരമായ ചണ്ഡീഗഡിലേക്ക് വണ്ടി കയറി. അവിടെയെത്തിയ ശേഷം ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹം തന്നെ ഫോണെടുത്തു. കാര്യം പറഞ്ഞപ്പോൾ അടുത്ത ദിവസം രാവിലെ വീട്ടിലേക്ക് ചെല്ലാൻ ക്ഷണം കിട്ടി. നഗരത്തിൽ സർദാർ മിൽഖാസിങ്ങിന്റെ വീട് കണ്ടെത്താൻ വിഷമമുണ്ടാവില്ലെന്നാണ് കരുതിയത്. എട്ടാം സെക്ടറിലാണ് വീടെന്ന് മിൽഖ തന്നെ പറഞ്ഞുതന്നിരുന്നു. സെക്ടർ എട്ടിൽ മിൽഖാ സിങ്ങിന്റെ വീടുവരെ പോവണമെന്ന് കേട്ടയുടനാണ് റിക്ഷക്കാരന്റെ അജ്ഞത വെളിപ്പെട്ടത്? ഏത് മിൽഖാസിങ്ങ്?അയാളുടെ കൂസലില്ലാത്ത ചോദ്യം. ഇന്ത്യയുടെ പഴയ അത്ലറ്റ്, പറക്കും സിഖ് എന്നെല്ലാം പറഞ്ഞു നോക്കി. രക്ഷയില്ല. അങ്ങനെ ഒരാളെക്കുറിച്ച് കേട്ടിട്ടുപോലുമില്ല അയാൾ. തന്റെ കൂലി ചോദിച്ചുവാങ്ങി റിക്ഷയുമായി അയാൾ പോയി. പിന്നെ കണ്ടത് സ്റ്റൺഗണ്ണുമായി നിൽക്കുന്ന രണ്ട് പോലീസുകാരെയാണ്. ഞങ്ങൾ അടുത്തുചെന്ന് അവർക്ക് അത്ര പരിചിതമല്ലാത്ത ഹിന്ദിയിൽ സംസാരിക്കാൻ തുടങ്ങിയപ്പോൾത്തന്നെ സംശയത്തോടെയാണ് പ്രതികരണം. കൈയിലെ തോക്കിൽ ഒന്നുകൂടി പിടിമുറുക്കി പോലീസുകാരൻ ചോദിച്ചു.മിൽഖാ സിങ്ങോ, അദ്ദേഹം ഡൽഹിക്കാരനല്ലേ? മിൽഖയുടെ ചണ്ഡീഗഢിലെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ലേഖകൻ അല്ല ചണ്ഡീഗഢിലാണ് മിൽഖയുടെ വീടെന്ന് പറഞ്ഞപ്പോൾ പോലീസുകാരന് വിശ്വാസം പോര. നിങ്ങൾക്ക് അത്ര ഉറപ്പാണെങ്കിൽ മറ്റാരൊടെങ്കിലും തിരക്ക്. എനിക്കറിയില്ല. ഒട്ടും മയമില്ലാത്ത ഭാഷയിൽ പോലീസുകാരൻ പറഞ്ഞൊഴിഞ്ഞു. ഒന്നുരണ്ട് പേരോടുകൂടി തിരക്കി മിൽഖയുടെ വീട്. പക്ഷേ അവർക്കൊന്നും മിൽഖ ചണ്ഡീഗഢിലാണ് താമസമെന്നുപോലും ഉറപ്പില്ല. രാജ്യംമുഴുവൻ അറിയുന്ന, ബഹുമാനിക്കുന്ന കായികതാരം. 1960-ലെ റോം ഒളിമ്പിക്സിൽ ചരിത്രം കുറിച്ച പറക്കും സിഖ് സ്വന്തം നഗരത്തിൽ അജ്ഞാതൻ! അത്ഭുതം തോന്നി. ഇനി എന്തുചെയ്യും? വിഷമിച്ചു നിൽക്കുമ്പോഴാണ് ആറേഴ് വയസ്സുള്ള ഒരു സിഖ് ബാലന്റെ വരവ്. തലയിൽ കോഴിമുട്ടയുടെ വലുപ്പത്തിൽ മുടി ചുരുട്ടിക്കെട്ടിയിരിക്കുന്ന ഒരു തടിയൻ പയ്യൻ. മുതിർന്നവർക്കറിയാത്ത മിൽഖയുടെ വീട് ഇവനെങ്ങനെ അറിയാൻ? എങ്കിലും ഒന്നു പരീക്ഷിച്ചുകളയാമെന്ന് കരുതി. മിൽഖാ സിങ്ങിന്റെ വീടെവിടെയാണ്? മിൽഖാ എന്ന് കേട്ടപ്പോൾത്തന്നെ അവന്റെ മുഖത്ത് ഒരു പ്രസാദം. വരൂ അങ്കിൾ, ഞാൻ കാണിച്ചുതരാം. എന്റെ വീടിനടുത്താണ് അദ്ദേഹത്തിന്റെ താമസം. മൻജിത് (അതാണവന്റെ പേര്) ധൃതി പിടിച്ച് മുന്നിൽ നടന്നു. ഞാൻ ആരെന്നും എന്തിനാണ് മിൽഖയെ കാണുന്നതെന്നും അവൻ തിരക്കി. മിൽഖയോട് വഴിയിൽ കാണുമ്പോൾ സംസാരിക്കാറുണ്ടെന്ന് അൽപം അഭിമാനത്തോടെ മൻജിത്ത് പറഞ്ഞു. കുറച്ചുദൂരം നടക്കാനുണ്ട്. അപ്പോഴേക്കും മൻജിത്ത് കിതച്ചുതുടങ്ങി. എങ്കിലും മിൽഖയുടെ വീടിനുമുന്നിലെ വലിയ ഗെയിറ്റിനു മുന്നിൽ ഞങ്ങളെ കൊണ്ടുനിർത്തി. മിൽഖയുമായി ദിവസവും സംസാരിക്കുന്ന ആളല്ലേ. ഒന്നുകണ്ടിട്ട് പോവരുതോ എന്ന് ചോദിച്ചപ്പോൾ മൻജിത് പറഞ്ഞു: ഇപ്പോൾ ഞാനില്ല. അൽപം തിരക്കുണ്ട്. മനോഹരമായി ഒന്ന് പുഞ്ചിരിച്ചശേഷം അവൻ കിതച്ചുകൊണ്ട് തിരിച്ചുനടന്നു. ഗേറ്റ് തള്ളിത്തുറന്നപ്പോൾ വലിയൊരു നായയും കാവൽക്കാരനും ഒരുമിച്ച് ചാടിവീണു. മിൽഖയെ കാണാൻ കേരളത്തിൽനിന്ന് വന്നതാണെന്ന് പറഞ്ഞപ്പോൾ കാവൽക്കാരൻ ഒന്നയഞ്ഞു. നായ പക്ഷേ, വിടാൻ ഭാവമില്ല. ഉറക്കെ കുരച്ച് ഞങ്ങളുടെനേരെ ചാടുന്നു. കാവൽക്കാരൻ നായയെ പിടിച്ചുനിർത്തി. സാമാന്യം വലിയൊരു ബംഗ്ലാവ് തന്നെയാണ് മിൽഖയുടേത്. വിശാലമായ ലോൺ, പൂന്തോട്ടം, മുറ്റത്ത് രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നു. ബഡി ദൂർ സെ ആയേഹെ.... പ്യാര് കാ തോഫാലാ യേഹേ........ പരുക്കൻ ശബ്ദത്തിൽ ഉറക്കെയുള്ള പാട്ട് വരാന്തയിൽനിന്ന് കേൾക്കുന്നു. മിൽഖ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമത്തിലാണ്. വലിയൊരു കസേരയിൽ ചാരിയിരുന്ന് കണ്ണടച്ച് കൈകൊണ്ട് താളംപിടിച്ചുകൊണ്ട് പാടുകയാണ്. ആരോ കാണാൻ വന്നിരിക്കുന്നുവെന്ന് കാവൽക്കാരൻ പറഞ്ഞപ്പോൾ ചാടി എഴുന്നേറ്റു. നേരത്തെ ഫോണിൽ വിളിച്ചിരുന്നതുകൊണ്ടാവാം പരിചയപ്പെടുത്തേണ്ടിവന്നില്ല. അകത്തേക്കു ക്ഷണിച്ചു. പാടുന്നതുപോലെ ഉറക്കെയാണ് സംസാരവും. പരുക്കനായ മനുഷ്യനാവും മിൽഖാ സിങ്ങ് എന്ന് എന്തുകൊണ്ടോ ഞാൻ കരുതിയിരുന്നു. എന്നാൽ വളരെ സ്നേഹത്തോടെ, വാൽസല്യത്തോടെയാണ് അദ്ദേഹം ഞങ്ങളോട് ഇടപെട്ടത്. വീട്ടിനകത്തേക്ക് കൊണ്ടു പോയി തനിക്ക് കിട്ടിയ മെഡലുകളും സമ്മാനങ്ങളുമെല്ലാം കാണിച്ചു തന്നു. ഭാര്യ നിർമൽ കൗറിനെ പരിചയപ്പെടുത്തി. ദേശീയ വനിതാ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന നിർമലയെ മിൽഖ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. മിൽഖ കാൾ ലൂയിസിനൊപ്പം ഞങ്ങളുടേത് യഥാർഥ സ്പോർട്സ് കുടുംബമാണ്. ഞാൻ അത്​ലറ്റ്. നിർമല വോളി താരം. മകൻ ജീവ് ഗോൾഫ് കളിക്കാരനും. പൊട്ടിച്ചിരിയുടെ അകമ്പടിയോടെ അദ്ദേഹം പറഞ്ഞു. അന്തർദേശീയ തലത്തിൽ ഏറെ വിജയങ്ങൾ നേടിയ ഗോൾഫ് താരവും ലോക ഗോൾഫ് റാങ്കിങ്ങിൽ ആദ്യമായി നൂറിനുള്ളിൽ സ്ഥാനം നേടിയ ആദ്യ ഇന്ത്യക്കാരനുമായ ജീവ് മിൽഖയാണ് മിൽഖാ സിങ്ങിന്റെ മകൻ. മിൽഖയുടെ ബാല്യകാലത്തെ കുറിച്ച് ചോദിച്ചു കൊണ്ടാണ് ഞാൻ അഭിമുഖത്തിന് തുടക്കമിട്ടത്. ഓർക്കാൻ ഇഷ്ടമില്ലാത്തതെന്തോ ഓർമിച്ചതുപോലെ അദ്ദേഹത്തിന്റെ മുഖം ഇരുണ്ടു. എന്നിട്ട് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു തുടങ്ങി. അതൊക്കെ വലിയ ട്രാജഡിയാണ്. എങ്കിലും പറയാം. 1928-ൽ പടിഞ്ഞാറൻ പാകിസ്താനിലെ മുസാഫർഗഢിലാണ് ഞാൻ ജനിച്ചത്. 16 മക്കളായിരുന്നു ഞങ്ങൾ. അതുകൊണ്ടുതന്നെ പട്ടിണിയും പരിവട്ടവും പതിവായിരുന്നു. വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള സ്കൂളിലായിരുന്നു പഠനം. ചുട്ടുപൊള്ളുന്ന മണ്ണിലൂടെ ചെരിപ്പിടാതെ സ്കൂളിലേക്കുള്ള യാത്ര ഇന്നും ഞാനോർക്കുന്നു. കാല് പൊള്ളാതിരിക്കാൻ ഓടും. അങ്ങനെയാണ് ഞാനൊരു ഓട്ടക്കാരനായത്. അല്ലാതെ ചെറുപ്പത്തിൽ എനിക്കാരും ട്രെയിനിങ്ങ് തന്നിട്ടില്ല. എന്റെ പതിനെട്ടാം വയസ്സിലായിരുന്നു ഇന്ത്യാ-പാക് വിഭജനം. ലഹളക്കാരെത്തി. നിർദയരായിരുന്നു അവർ. എന്റെ മൂന്നു സഹോദരന്മാർ വാളിനിരയായി. കലാപഭൂമിയിൽ നിന്ന് ജീവനുംകൊണ്ട് ഓടുകയായിരുന്നു. എങ്ങനെയൊക്കെയോ ഇന്ത്യയിലെത്തി. അനാഥൻ, തൊഴിൽരഹിതൻ. കുറേ അലഞ്ഞു. പിന്നെ ജോലിക്കായുള്ള നെട്ടോട്ടം. ഒടുവിൽ പട്ടാളത്തിൽ, ഇ.എം.ഇ.യിൽ ജോലി കിട്ടി. ആർമിയിൽവെച്ചാണ് ഞാൻ അത്ലറ്റായത്. ഇന്ത്യൻ ആർമിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ആർമി ക്യാമ്പിലുണ്ടായിരുന്ന ഹവിൽദാർ ഗുർദേവ് സിങ്ങാണ് മികച്ചൊരു സ്പ്രിന്റർക്കുവേണ്ട പ്രത്യേകതകൾ മിൽഖയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്.ദിവസേനയുള്ള ട്രെയ്നിങ്ങ് സമയത്ത് മിൽഖ ഓടുന്നത് കണ്ട ഗുർദേവ് വിളിപ്പിച്ചു. പട്ടാളക്കാർക്കുവേണ്ടി നടത്തുന്ന ഗെയിംസിൽ 400 മീറ്ററിൽ പങ്കെടുക്കുന്നതിനായി പ്രാഥമിക പരിശീലനം നൽകി. ആർമിയിൽ പങ്കെടുത്ത മൽസരങ്ങളിലെല്ലാം തുടരെ ജയിച്ച് 1965-ലെ ദേശീയ അത്ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി. പക്ഷേ, ദേശീയ മീറ്റിൽ മിൽഖക്ക് അഞ്ചാം സ്ഥാനമേ കിട്ടിയുള്ളൂ. പക്ഷേ മത്സരം കാണാനെത്തിയ പാട്യാല മഹാരാജാവ് മിൽഖ ഓടുന്ന ശൈലിയിൽ ആകൃഷ്ടനായി അദ്ദേഹത്തെ മെൽബൺ ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ദേശീയ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു. ആദ്യമായായിരുന്നു മിൽഖ പ്രൊഫഷണലായ ഒരു പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗത്തിൽ മിൽഖയുടെ പ്രകടനം മെച്ചപ്പെടാൻ തുടങ്ങി. പക്ഷേ, ക്യാമ്പിലുണ്ടായിരുന്ന ചില അത്ലറ്റുകൾക്ക് അതത്ര പിടിച്ചില്ല.മിൽഖ കാരണം അവരുടെ അവസരം നഷ്ടമാവുമെന്ന ഭയമായിരുന്നു കാരണം. രാത്രി ഉറങ്ങിക്കിടക്കുന്ന മിൽഖയെ അവർ ആക്രമിച്ചു. ഭാഗ്യത്തിന് ചെറിയ പരിക്കേ പറ്റിയുള്ളൂ. ഒളിമ്പിക്സ് ടീമിലേക്ക് സെലക്ഷൻ കിട്ടിയ മിൽഖ അവിടെ ആദ്യറൗണ്ടിൽത്തന്നെ തോറ്റ് ഞാൻ പുറത്താവുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം 1958-ലെ കോമൺവെൽത്ത് ഗെയിംസിൽ മിൽഖ സ്വർണം നേടി. ആദ്യമായിരുന്നു കോമൺവെൽത്ത് ഗെയിംസിൽ ഒരു ഇന്ത്യൻ അത്​ലറ്റ്സ്വർണമണിയുന്നത്. ആ മെഡൽ നേടിയ ഉടൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മിൽഖയെ ഫോണിൽ വിളിച്ചു. എന്ത് സമ്മാനം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്ത് ചോദിച്ചാലും പണ്ഡിറ്റ്ജി കൊടുക്കുമായിരുന്നു. പക്ഷേ, മിൽഖ ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ഈ വിജയത്തിന്റെ ആഹ്ലാദസൂചകമായി രാജ്യത്ത് ഒരു ദിവസത്തെ പൊതുഅവധി നൽകണമെന്നായിരുന്നു അത്. കായികതാരങ്ങളുടെ മനസ്സറിഞ്ഞ നേതാവായിരുന്നു അദ്ദേഹം. പണ്ഡിറ്റ്ജിയെപ്പോലുള്ള ഭരണകർത്താക്കൾ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ സ്പോർട്സ് രക്ഷപ്പെട്ടുപോവുമായിരുന്നു. - മിൽഖ പറഞ്ഞു. 1960-ൽ വീണ്ടുമൊരു ഒളിമ്പിക്സിൽ മൽസരിക്കാൻ റോമിലേക്ക് പോവുമ്പോൾ മിൽഖ ഏറെ മാറിക്കഴിഞ്ഞിരുന്നു. വർഷങ്ങളുടെ പരിശീലനവും അത് നൽകിയ ആത്മവിശ്വാസവും വലുതായിരുന്നു. മെഡൽ നേടാനാവുമെന്ന് ഉറപ്പിച്ചാണ് യാത്രതിരിച്ചത്. ഹീറ്റ്സിൽ മികച്ച പ്രകടനമായിരുന്നു. അന്നത്തെ ഒളിമ്പിക്സ് റെക്കോർഡ് തകർത്തു. ഫൈനലിനുമുമ്പേ മിൽഖയ്ക്കാവും സ്വർണമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. വെടിയൊച്ച കേട്ട ഉടൻ മുന്നോട്ട് കുതിച്ച മിൽഖയായിരുന്നു 200 മീറ്റർ പിന്നിടുമ്പോൾ മുന്നിൽ. പിന്നെ വലിയൊരു അബദ്ധം കാണിച്ചു. എത്ര പിന്നിലാണ് പ്രതിയോഗികൾ എന്നറിയാൻ ഒന്നു തിരിഞ്ഞുനോക്കി. അത് വൻദുരന്തമായി. തിരിഞ്ഞുനോക്കാനെടുത്ത സമയംകൊണ്ട് രണ്ടുപേർ മുന്നിൽക്കയറി. പിന്നെ മിൽഖ ഉൾപ്പെടെ രണ്ടുപേർ ഒരുമിച്ച് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. സ്വർണവും വെള്ളിയും നേടിയവരുടെ പേരുകൾ ഉടൻ അനൗൺസ് ചെയ്തു. വെങ്കലമെഡൽ ആർക്കാണെന്ന് വ്യക്തമല്ല. ഫോട്ടോഫിനിഷിങ്ങിലാണ് തീരുമാനം. കുറച്ചുകഴിഞ്ഞാണ് അനൗൺസ്മെന്റ് വന്നത്. സെക്കന്റിന്റെ പത്തിൽ ഒരംശം വ്യത്യാസത്തിൽ മിൽഖയ്ക്ക് മെഡൽ നഷ്ടമായി. നാലാംസ്ഥാനംമാത്രം. എന്റെ അച്ഛനും അമ്മയും മരിച്ചശേഷം ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. പിന്നീട് ഒരുപാട് രാത്രികളിൽ ആ ഫിനിഷിങ് സ്വപ്നത്തിൽക്കണ്ട് ഞെട്ടി ഉണർന്ന് കരഞ്ഞിട്ടുണ്ട്. രാജ്യത്തിന് ഒരു ഒളിമ്പിക്സ് മെഡൽ സമ്മാനിക്കാൻ എനിക്ക് കഴിയാതെ പോയി. - വർഷങ്ങളേറെ കഴിഞ്ഞിട്ടും മിൽഖയുടെ ഹൃദയത്തിൽ നിന്ന് ആ മുറിപ്പാട് മാഞ്ഞിട്ടില്ല. സത്യത്തിൽ പറക്കും സിഖ് എന്ന പേര് നൽകിയത് പാകിസ്താൻകരാണ്. 1960-ൽ പാകിസ്താൻ സന്ദർശിക്കാൻ മിൽഖക്ക് ക്ഷണം വന്നു. കുട്ടിക്കാലത്തെ ദുരന്തസ്മരണകൾ കാരണം അവിടേക്ക് പോവാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നു. പിന്നീട് ജവഹർലാൽ നെഹ്റുവിന്റെ പ്രേരണയിലാണ് അദ്ദേഹം അങ്ങോട്ട് പോയത്. അവിടെ പാകിസ്താനിലെ ഏറ്റവും മികച്ച ഓട്ടക്കാരനും ടോക്കിയോ ഏഷ്യാഡിലെ 100 മീറ്റർ ജേതാവുമായ അബ്ദുൾ അലീഖുമായി മത്സരിച്ചു ജയിച്ചു. പാക് പ്രസിഡന്റ് അയൂബ്ഖാൻ മത്സരം കാണാൻ വന്നിരുന്നു. അദ്ദേഹമാണ് ആദ്യമായി പറക്കും സിഖ് എന്ന് മിൽഖയെ വിളിച്ചത്. രണ്ട് മണിക്കൂറിലധികം നീണ്ട അഭിമുഖം അവസാനിക്കുമ്പോൾ അർജുന അവാർഡ് നിരസിക്കാൻ എന്തായിരുന്നു കാരണമെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. രോഷം ഉള്ളിൽ അടക്കികൊണ്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്. മകൻ ജീവിനൊപ്പം രാജ്യം തരുന്ന ബഹുമതികൾ വിലപ്പെട്ടതാണ്. എനിക്ക് പത്മശ്രീ തന്നപ്പോൾ അത് സന്തോഷത്തോടെ സ്വീകരിച്ചിരുന്നു. പക്ഷേ 2001-ൽ എനിക്ക് അർജുന തന്നപ്പോൾ അത് സ്വീകരിക്കാൻ പറ്റാതായിരുന്നു. കാരണം, ആ അവാർഡ് നിശ്ചയിക്കുന്നവർതന്നെ അതിന്റെ വിലയിടിച്ചുകളഞ്ഞു. അർജുന അവാർഡ് ഒന്ന് എന്റെ വീട്ടിലുണ്ട്. എന്റെ മകൻ ജീവ് മിൽഖാസിങ്ങിന് ലഭിച്ചത്. അവൻ ഗോൾഫ് താരമാണ്. എന്റെ മകന് അർജുന ലഭിച്ച് വർഷങ്ങൾക്കുശേഷമാണ് എനിക്ക് ആ അവാർഡ് തരണമെന്ന് അവർക്ക് തോന്നിയത്. എന്തൊരു തമാശയാണത്. പക്ഷേ, നിരസിച്ചത് അതുകൊണ്ടല്ല, എനിക്കൊപ്പം അവാർഡ് നൽകുന്നവരുടെ പട്ടിക കണ്ട് ഞാൻ ഞെട്ടിപ്പോയി. ദേശീയ മീറ്റുകളിൽ പോലും മികച്ചപ്രകടനം നടത്താത്ത ചിലർ. സ്പോർട്സ് അസോസിയേഷനുകളുടെയും കേന്ദ്ര സ്പോർട്സ് മന്ത്രാലയത്തിന്റെയും സ്വന്തക്കാരായിരുന്നു പലരും. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഞാൻ അന്നത്തെ സ്പോർട്സ് മന്ത്രി ഉമാഭാരതിക്ക് കത്തെഴുതി. പക്ഷേ, അവാർഡ് നിർണയത്തിലെ അപാകതകൾ തിരുത്തുന്നതിനുപകരം എന്നോട് അവാർഡ് സ്വീകരിക്കാൻ അഭ്യർഥിക്കുകയായിരുന്നു അവർ ചെയ്തത്. അതിന് ഈ മിൽഖയെ കിട്ടില്ല. മിൽഖ സിങ്ങ് അങ്ങിനെയാണ്. വികാരങ്ങൾ പ്രകടിപ്പിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന മനുഷ്യൻ. മാസങ്ങൾക്ക് ശേഷം പഞ്ചാബിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ ദീപംകൊളുത്താൻ വിശിഷ്ടാതിഥിയായി ക്ഷണികപ്പെട്ടത് മിൽഖയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഉൾപ്പെടെയുള്ളവർ നോക്കി നിൽക്കെ ഗെയിംസ് ദീപം കൊളുത്താൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് തീനാളങ്ങൾ പാറുന്നത് വ്യക്തമായി കാണുന്നുണ്ടായിരുന്നു. ഉദ്ഘടന ചടങ്ങിന്റെ പൊലിമക്കിടയിൽ ആരുമത് വലിയ കാര്യമാക്കിയില്ല. പക്ഷെ അതിനെ കുറിച്ച് അദ്ദേഹത്തിന്റെ കമന്റ് എടുക്കണമെന്ന് തോന്നി. ചടങ്ങ് അവസാനിച്ചപ്പോൾ മീഡിയാ ബോക്സിൽ നിന്നിറങ്ങി. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇരിക്കുന്ന വി.ഐ.പി ഗ്യാലറിക്ക് താഴെ വരെ ചെന്നു. പക്ഷെ മുകളിലേക്ക് പോലീസുകാർ കടത്തി വിടുന്നില്ല. കുറച്ചു നേരം കാത്തു നിന്നപ്പോൾ മിൽഖ ഇറങ്ങി വരുന്നു. ഞാൻ അടുത്തു ചെന്ന് പരിചയം പുതുക്കി. ദീപം കൊളുത്തുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം രോഷത്തോടെ തന്നെ പറഞ്ഞു, തീ പാറി എന്റെ താടി കത്തിയേനേ. ആദരിക്കാനല്ല. അപമാനിക്കാനാണിവർ എന്നെ ഇവിടെ കൊണ്ടു വന്നത്. മിൽഖ പി.ടി ഉഷയ്ക്കും മോഹൻലാലിനുമൊപ്പം രണ്ട് വർഷത്തിനു ശേഷം മാതൃഭൂമി സ്പോർട്സ് മാസികയുടെ മികച്ച കായിക താരത്തിനുള്ള അവാർഡ് അഞ്ജു ബോബി ജോർജിന് സമ്മാനിക്കുന്നതിനായി മാതൃഭൂമിയുടെ ക്ഷണം സ്വീകരിച്ച് മിൽഖ നിർമൽ കൗറിനൊപ്പം കേരളത്തിൽ വന്നു. അഞ്ജുവിന്റെ ഭർത്താവും പരിശീലകനുമായ റോബർട്ട് ബോബിയുടെ നാടായ പേരാവൂരിൽ വെച്ചായിരുന്നു അവാർഡ്ദാനചടങ്ങ്. കോഴിക്കോട്ടേയും പേരാവൂരിലേയും സ്വീകരണവും നാട്ടുകാർ നൽകിയ സ്നേഹവും മിൽഖയെ ഏറെ സന്തോഷിപ്പിച്ചു. തിരിച്ചുപോവുന്നതിന് മുമ്പ് ഔപചാരികതയുടെ ഭാഗമായി അദ്ദേഹത്തോട് ചോദിച്ചു. ഞങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച്ചകളൊന്നും ഉണ്ടായില്ലല്ലോ? അദ്ദേഹത്തിന്റെ മറുപടി എന്നെ ഞെട്ടിച്ച് കളഞ്ഞു. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് കേരളത്തിൽ ജനിച്ചാൽ മതി. അത്രയ്ക്ക് ഭംഗിയുള്ള നാടാണിത്. നിങ്ങൾ മലയാളികൾ സ്നേഹമുള്ളവരാണ്. ഇത് പറക്കും സിഖ് നൽകുന്ന സർട്ടിഫിക്കറ്റാണ്. മിൽഖയുടെ നല്ല വാക്കുകളിൽ ഒരു നിമിഷം ഞാൻ മതിമറന്നു പോയി. 2013-ൽ മിൽഖയുടെ ജീവിതം ഇതിവൃത്തമാക്കി രാകേഷ് ഓംപ്രകാശ് മെഹ്റ ഭാഗ് മിൽഖ ഭാഗ് എന്ന പേരിൽ സിനിമ സംവിധാനം ചെയ്തു. അതിൽ മിൽഖയായി ബോളിവുഡ് താരം ഫർഹാൻ അക്തർ അഭിനയിച്ച് തകർത്തു. ബോക്സോഫീസിൽ ഹിറ്റായി മാറിയ സിനിമ കണ്ടതിന്റെ അടുത്ത ദിവസം രാവിലെ മിൽഖയെ വിളിച്ചു. പടം നന്നായിരിക്കുന്നു. ഫർഹാൻ അവതരിപ്പിച്ച മിൽഖ സുന്ദരനായിരിക്കുന്നു. എന്നാണ് ഞാൻ പറഞ്ഞത്. ഉടൻ വന്നു മറുപടി. അക്കാലത്ത് ഞാൻ ഫർഹാനേക്കാളും സുന്ദരനായിരുന്നു. ആ മറുപടി എന്നെ ഞെട്ടിച്ചു കളഞ്ഞു. കാരണം മതിലുകൾ എന്ന നോവൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കിയപ്പോൾ അതിൽ തന്റെ വേഷത്തിൽ അഭിനയിച്ച മമ്മൂട്ടി സുന്ദരനാണല്ലോയെന്ന് ആരോ ചോദിച്ചപ്പോൾ സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ അതേ മറുപടിയായിരുന്നു അത്. Content Highlights: the flying sikh Indias track and field sprinter legend Milkha Singh


from mathrubhumi.latestnews.rssfeed https://ift.tt/3vyOu1m
via IFTTT