ബെംഗളൂരു: കർണാടക ബി.ജെ.പി.യിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള ദൗത്യവുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ബെംഗളൂരുവിലെത്തി. ബി.എസ്. യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബി.ജെ.പി. എം.എൽ.എ.മാർ ശക്തമായി രംഗത്തുവന്നതോടെയാണ് പാർട്ടിയിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. മുഖ്യമന്ത്രിയുമായി ഇടഞ്ഞുനിൽക്കുന്ന എം.എൽ.എ.മാർ അരുൺ സിങ്ങിനെ കണ്ട് പരാതിയറിയിക്കാൻ തയ്യാറായിനിന്നെങ്കിലും സാധിച്ചില്ല. പാർട്ടി ആസ്ഥാനമായ ജഗന്നാഥഭവനിൽ നേരത്തേത്തന്നെ എം.എൽ.എ.മാർ എത്തിച്ചേർന്നിരുന്നെങ്കിലും മന്ത്രിമാരുമായാണ് അരുൺസിങ് ആദ്യദിവസം ചർച്ച നടത്തിയത്. മുഖ്യമന്ത്രി യെദ്യൂരപ്പ, പാർട്ടി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ എന്നിവരും സംബന്ധിച്ചു. എം.എൽ.എ.മാരുമായി കൂടിക്കാഴ്ച വ്യാഴാഴ്ചയുണ്ടാകും.സംസ്ഥാനത്തെ പാർട്ടിയിൽ ഒരുതരത്തിലുള്ള വിഭാഗീയതയുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയശേഷം അരുൺ സിങ് മാധ്യമങ്ങളോട് പറഞ്ഞു. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയും കട്ടീലും ചേർന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. മൂന്നുദിവസത്തെ സന്ദർശനത്തിനാണ് പാർട്ടിയുടെ കർണാടകയുടെ ചുമതലയുള്ള അരുൺസിങ് എത്തിയത്. 18-ന് ചേരുന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ യോഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.യെദ്യൂരപ്പയുടെ നേതൃത്വത്തിനെതിരേ ഒരു വിഭാഗം എം.എൽ.എ.മാർ പടപ്പുറപ്പാടുമായി നിൽക്കുന്നത് പാർട്ടിക്കകത്ത് വലിയ വിഭാഗീയതയ്ക്ക് വഴിവെച്ചിരുന്നു. എം.എൽ.എ.മാരുടെ പരാതികൾ കേൾക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നാണ് പ്രധാന ആരോപണം. സർക്കാരിന്റെ പ്രവർത്തനത്തിൽ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ ഇടപെടുന്നെന്നാണ് മറ്റൊരാരോപണം. മന്ത്രി സി.പി. യോഗേശ്വർ, അരവിന്ദ് ബല്ലാഡ് എം.എൽ.എ. എന്നിവർ പരാതിക്കാരുടെ പ്രതിനിധികളായി അടുത്തിടെ പാർട്ടി ദേശീയനേതൃത്വത്തെ സമീപിച്ചിരുന്നു. അതിനിടെ യെദ്യൂരപ്പയോടൊപ്പമുള്ള എം.എൽ.എ.മാർ അദ്ദേഹത്തെ അനുകൂലിച്ച് ഒപ്പുശേഖരണം നടത്തി എതിർചേരിയെ നേരിട്ടു. മന്ത്രിമാരിൽ ഭൂരിഭാഗവും യെദ്യൂരപ്പയ്ക്കൊപ്പമാണ്. എന്നാൽ, എം.എൽ.എ.മാർ രണ്ടു ചേരികളിലായി തിരിഞ്ഞിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം അരുൺ സിങ് എത്തിയത്. യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റുമെന്ന അഭ്യൂഹത്തെ അരുൺ സിങ് നേരത്തേ തള്ളിയിരുന്നു. ഇതിനുപകരം ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിച്ചോ താക്കീതുചെയ്തോ പ്രശ്നങ്ങൾ പരിഹരിക്കാനാകും ശ്രമമെന്നാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/3iK8fAb
via
IFTTT