Breaking

Wednesday, June 16, 2021

തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുക്കുന്നത് വൈകും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത് വൈകാൻ സാധ്യത. കോവിഡ് കാരണം വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധിയാണ് കാരണം. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്ക് തടസ്സം നേരിട്ടതോടെ വ്യോമയാനമേഖല കടുത്ത നഷ്ടത്തിലാണ്. വ്യോമയാന മേഖല സജീവമാകുന്നതുവരെ, നിലവിൽ ഏറ്റെടുത്ത വിമാനത്താവളങ്ങളിൽ പ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിക്കാനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. ഏറ്റെടുക്കൽ വൈകിപ്പിക്കാൻ അനുമതി ചോദിച്ച് അദാനി എയർപോർട്ട് ലിമിറ്റഡ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചതായി സൂചനയുണ്ട്. ജനുവരി 19-നാണ്, അടുത്ത 50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലനച്ചുമതലയും വികസനവും അദാനി ഗ്രൂപ്പിന് കൈമാറിയുള്ള കരാർ അദാനി എയർപോർട്ട് ലിമിറ്റഡും എ.എ.ഐ.യും ഒപ്പുവെച്ചത്. ആറുമാസത്തിനകം വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതായിരുന്നു. ആദ്യഘട്ടത്തിൽ നടത്തിപ്പവകാശം ലഭിച്ച മംഗളൂരു, അഹമ്മദാബാദ്, ലഖ്നൗ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ കോവിഡിന്റെ പശ്ചാത്തലത്തിൽ 2020-ൽ ആറുമാസംകൂടി സമയം അനുവദിച്ചിരുന്നു. നവംബറിലാണ് ഇവ അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. രണ്ടാംഘട്ടത്തിൽ അനുമതി ലഭിച്ച തിരുവനന്തപുരം, ഗുവാഹാട്ടി, ജയ്പുർ എന്നിവ ഏറ്റെടുക്കുന്നത് നീട്ടിവെക്കാനാണ് കമ്പനി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന. സ്വകാര്യവത്കരണത്തെ എതിർത്തുള്ള ഹർജിയുമായി സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3grNasQ
via IFTTT