Breaking

Thursday, June 10, 2021

സിനിമാക്കഥപോലെ ജീവിതം; പേടിമാറാതെ റഹ്മാനും സജിതയും

അയിലൂർ (പാലക്കാട്): അയൽവാസികളായ യുവതിക്കും യുവാവിനും പരസ്പരം തോന്നിയ ഇഷ്ടം... രണ്ടുപേരും ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചതോടെ, പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റലായി. വീട്ടുകാർപോലും അറിയാതെ കാമുകിയെ തന്നോടൊപ്പം വീട്ടിലെ മുറിയിൽ താമസിപ്പിച്ചു. ദിവസങ്ങളോ മാസങ്ങളോ അല്ല, 10 വർഷം! സിനിമാക്കഥയെ വെല്ലുന്ന ജീവിതമായിരിക്കുകയാണ് നെന്മാറ അയിലൂർ കാരക്കാട്ടുപറമ്പിലെ റഹ്മാന്റെയും സജിതയുടെയും പ്രണയകഥ.പേടിയോടെ ഒരു പ്രണയംറഹ്മാന്റെ വീട്ടിൽനിന്നു പത്തുവീട് അകലെയാണ് സജിതയുടെ വീട്. റഹ്മാന്റെ സഹോദരിയുടെ സുഹൃത്തുകൂടിയായിരുന്ന സജിത വല്ലപ്പോഴും വീട്ടിലേക്ക് വരുമായിരുന്നു. ഇതാണ് പ്രണയത്തിന് വഴിമരുന്നായത്. രണ്ടുസമുദായക്കാരായ ഇവരുടെ ബന്ധത്തിൽ വീട്ടുകാർക്ക് താത്പര്യമില്ലെന്നറിഞ്ഞതോടെ എങ്ങനെയും ഒരുമിക്കണമെന്നായി. 18-ാം വയസ്സിൽ സജിത വീടുവിട്ടിറങ്ങി. സൗകര്യങ്ങളൊന്നുമില്ലാത്ത, തന്റെ ഓടിട്ട ചെറിയവീട്ടിൽ റഹ്മാൻ താത്കാലികമായി സജിതയെ താമസിപ്പിച്ചു. റഹ്മാന്റെ വീട്ടുകാർപോലും ഇക്കാര്യം അറിഞ്ഞില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. സജിതയെ കാണാതായതോടെ വീട്ടുകാർ പോലീസിൽ പരാതിനൽകി. റഹ്മാനുൾപ്പെടെ സ്ഥലത്തെ പലരെയും പോലീസ് ചോദ്യംചെയ്തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. റഹ്മാൻ നാട്ടിൽത്തന്നെയുണ്ടായിരുന്നതിനാൽ സംശയവും തോന്നിയില്ല. സജിതയുടെ തിരോധാനം പോലീസും വീട്ടുകാരും മറന്നപ്പോഴും വീട്ടുകാരുടെ തൊട്ടടുത്ത് അവൾ ജീവിക്കുന്നുണ്ടായിരുന്നു.മുറിക്കകത്തെ പത്തുവർഷം; തുണച്ചത് ഇലക്‌ട്രിക് സംവിധാനങ്ങൾചുമരുകൾ വിണ്ടുകീറിയ, ഇരുട്ടുമൂടിയ ഒറ്റമുറി. കാലുനീട്ടി കിടക്കാൻപോലും ഇടമില്ല. റഹ്മാന്റെ വീട്ടിലെ ഈ മുറിയിലാണ് പത്തുവർഷത്തോളം സജിത കഴിഞ്ഞത്. വിവരം പുറത്തറിഞ്ഞാൽ എന്താവുമെന്ന് ഭയന്നത്തോടെ ഇലക്‌ട്രീഷ്യനായ റഹ്മാൻ സജിതയെ പുറത്തുകാണിക്കാതിരിക്കാൻ പല ഉപായങ്ങളും തേടി. പുറത്തുനിന്ന് പൂട്ടുമ്പോൾ വാതിലിന്റെ അകത്തുള്ള ഓടാമ്പലും താനേ അടയുന്ന ലോക്കിങ് സിസ്റ്റമായിരുന്നു ആദ്യത്തേത്. പൂട്ടിക്കിടക്കുന്ന ഓടാമ്പലിൽ ആരെങ്കിലും തൊട്ടാൽ ചെറിയ ഷോക്കടിക്കും. അതിനാൽ റഹ്മാൻ ജോലിക്കുപോകുമ്പോഴും വീട്ടിലുള്ളവർ വാതിലിൽ തൊടില്ല. പ്രാഥമിക കൃത്യനിർവഹണങ്ങൾക്ക് രാത്രിമാത്രമാണ് സജിത പുറത്തേക്കിറങ്ങുക. ഇതിനായി മുറിയിലുള്ള ചെറിയ ജനലിലെ അഴികൾ എടുത്തുമാറ്റി. ആരോടും മിണ്ടാതെ മുറിക്കകത്തിരിക്കുന്ന സജിത ജോലികഴിഞ്ഞ്‌ റഹ്മാൻ വരുമ്പോൾ മാത്രമാണ് സംസാരിക്കുക. അപ്പോഴെല്ലാം മുറിയിലെ ചെറിയ ടി.വി. ശബ്ദംകൂട്ടിവെക്കുമെന്ന് പോലീസിനോട് പറഞ്ഞു. മൂന്നുമാസംമുമ്പ് വീട്ടിൽനിന്ന്‌ റഹ്മാനെ കാണാതായി. പോലീസ് അന്വേഷണത്തിനിടെ, റഹ്മാനെ നെന്മാറയിൽവെച്ച് സഹോദരൻ കാണുകയും പോലീസിൽ അറിയിക്കുകയുംചെയ്തു. താൻ ഇപ്പോൾ വാടകവീട്ടിലാണെന്നും ഒപ്പം സജിതയും ഉണ്ടെന്നും ചോദ്യംചെയ്യലിൽ പറഞ്ഞതോടെയാണ് ഒരുപതിറ്റാണ്ടുനീണ്ട പ്രണയജീവിതത്തിന്റെ ചുരുളഴിഞ്ഞത്. ഞെട്ടലിൽ പോലീസും നാട്ടുകാരുംപ്രണയകഥ കേട്ടറിഞ്ഞതിന്റെ ഞെട്ടലിലാണ് പോലീസും നാട്ടുകാരും. ബുധനാഴ്ച ഇരുവർക്കുമൊപ്പം റഹ്മാന്റെ വീട്ടിലെത്തിയ പോലീസിനോട്, റഹ്മാനും സജിതയും പത്തുവർഷത്തെ ജീവിതം വിവരിച്ചു. പിന്നെ സ്വന്തം സാധനങ്ങളെല്ലാമെടുത്ത് വീടുവിട്ടിറങ്ങി. വർഷങ്ങൾക്കിപ്പുറം യുവതിയെ കണ്ടതിന്റെ ഞെട്ടൽ വീട്ടുകാർക്കുമുണ്ട്. കോടതി ഇടപെട്ട് പ്രായപൂർത്തിയായ ഇരുവർക്കും സ്വന്തം ഇഷ്ടപ്രകാരം താമസിക്കാൻ അനുമതിനൽകി. ഇപ്പോൾ, വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് ഇരുവരും.


from mathrubhumi.latestnews.rssfeed https://ift.tt/3v3HlG4
via IFTTT