Breaking

Wednesday, June 23, 2021

ആയിഷയ്ക്ക് കുരുക്കുമുറുക്കി ഭരണകൂടം

കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനുപുറമേ ആയിഷ സുൽത്താനയ്ക്ക് കുരുക്കുമുറുക്കി ലക്ഷദ്വീപ് ഭരണകൂടം. ചോദ്യംചെയ്യലിന് രണ്ടാമതും ഹാജരാകാൻ കവരത്തി പോലീസ് നോട്ടീസ് നൽകി. ദ്വീപിലെ ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചതിന് കളക്ടർ താക്കീത് നൽകുകയും ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്ന് നോട്ടീസും നൽകി. രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ബുധനാഴ്ച രാവിലെ 10.30-ന് വിണ്ടും കവരത്തി പോലീസ് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഞായറാഴ്ച ചോദ്യംചെയ്ത് വിട്ടയച്ചപ്പോൾ ദ്വീപ് വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ടിരുന്നു. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റുണ്ടാവുകയാണെങ്കിൽ ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ആയിഷ ദ്വീപിലെ ഹോം ക്വാറന്റീൻ ചട്ടങ്ങൾ ലംഘിച്ചെന്ന് കാണിച്ച് കളക്ടർ എസ്. അസ്കർ അലിയാണ് നോട്ടീസ് നൽകിയത്. ഞായറാഴ്ച പോലീസ് ചോദ്യം ചെയ്യലിനുശേഷം പൊതുസ്ഥലങ്ങളിൽ മറ്റുള്ളവരുമായി സംസാരിച്ചെന്നാണ് കണ്ടെത്തൽ. ആയിഷ ദ്വീപ് പഞ്ചായത്ത് ഓഫീസ് സന്ദർശിച്ചതിന്റെയും അംഗങ്ങളുമായി യോഗം നടത്തിയതിന്റെയും വീഡിയോയും ചിത്രങ്ങളും ഭരണകൂടം ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ദ്വീപിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രം ആയിഷ സന്ദർശിച്ചതും കോവിഡ് രോഗികളുമായി സംസാരിച്ചതും ഗുരുതര ചട്ടലംഘനമായാണ് ഭരണകൂടം വിലയിരുത്തുന്നത്. ഹോം ക്വാറന്റീൻ ലംഘിക്കുന്നത് ആവർത്തിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ച ജർമൻ പൗരനെ ജാമ്യവ്യവസ്ഥ തെറ്റിച്ചെന്നാരോപിച്ച് ലക്ഷദ്വീപ് പോലീസ് തടവിലാക്കിയിരുന്നു. ഇയാൾ മോചനത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന് സമാനമായാണ് ആയിഷക്കെതിരേയുള്ള നടപടികളും നീങ്ങുന്നതെന്നാണ് സൂചന. Content Highlight: Lakshadweep police question Aisha Sultana


from mathrubhumi.latestnews.rssfeed https://ift.tt/3qi7b8x
via IFTTT