Breaking

Thursday, June 17, 2021

മുറിവുണക്കാൻ ഹൈക്കമാൻഡ്; ചെന്നിത്തലയെ രാഹുൽ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനകോൺഗ്രസിൽ മുറിവുണക്കാൻ ഹൈക്കമാൻഡ് ശ്രമം. മുതിർന്നനേതാവ് രമേശ് ചെന്നിത്തലയെ രാഹുൽഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച ഇരുവരും കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച പുതിയ കെ.പി.സി.സി. പ്രസിഡന്റായി കെ. സുധാകരൻ ചുമതലയേറ്റെടുക്കുന്നതിന് തൊട്ടുമുമ്പാണ് ചെന്നിത്തലയെ രാഹുൽ വിളിച്ചത്. രമേശ് ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും ഹൈക്കമാൻഡ് അവഗണിച്ചെന്ന പരാതി ഐ, എ ഗ്രൂപ്പുകളിൽ വ്യാപകമായിരുന്നു. ഇതേത്തുടർന്ന് മുതിർന്നനേതാക്കളുടെ അകൽച്ച കൂടുതൽ പ്രശ്നങ്ങളിലേക്ക് എത്താതിരിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പുഫലം വന്നശേഷം കേന്ദ്രനേതൃത്വവുമായി ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും ബന്ധം അത്ര സുഖകരമായിരുന്നില്ല. പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ സോണിയാഗാന്ധി രമേശിനെ വിളിച്ചത് മാത്രമാണ് ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടൽ. ഫലം വന്നശേഷം രാഹുൽഗാന്ധിയുമായി സംസാരവും ഉണ്ടായില്ല.പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് ചെന്നിത്തലയുടെ പേര് ഉമ്മൻചാണ്ടി പിന്തുണച്ചിട്ടും ഹൈക്കമാൻഡ് വി.ഡി. സതീശനിലേക്ക് തിരിഞ്ഞതാണ് ഗ്രൂപ്പുകളുടെ അതൃപ്തിക്കു കാരണം. തുടർന്ന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പേര് നിർദേശിക്കുന്നതിൽനിന്ന് ഉമ്മൻചാണ്ടിയും രമേശും വിട്ടുനിന്നു. കെ. സുധാകരന്റെ നിയമനവും ഗ്രൂപ്പ് താത്പര്യങ്ങൾക്കപ്പുറമായിരുന്നു. വർക്കിങ് പ്രസിഡന്റുമാരായി ഗ്രൂപ്പുതീരുമാനങ്ങൾക്കതീതമായി നിലകൊണ്ടവരെ നിയോഗിച്ചതും ഗ്രൂപ്പുകളെ ചൊടിപ്പിച്ചു. ഹൈക്കമാൻഡിനോട് എതിർപ്പുപ്രകടിപ്പിച്ചെങ്കിലും ഉമ്മൻചാണ്ടിയും ചെന്നിത്തലയും പരസ്യപ്രതികരണത്തിനോ കലഹത്തിനോ തയ്യാറായില്ല. അനുനയത്തിന് മുൻകൈയെടുക്കാൻ ഹൈക്കമാൻഡിന് ഇതും സഹായമായി.ദേശീയതലത്തിൽ കോൺഗ്രസ് പുനഃസംഘടന ആവശ്യപ്പെടുന്ന നേതാക്കളുടെ കൂട്ടായ്മയായ ജി 23-ലെ അംഗങ്ങളും രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ടിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3q2Oq99
via IFTTT