Breaking

Thursday, June 24, 2021

കിരീട വരള്‍ച്ച തുടരുന്നു; ഇന്ത്യയ്ക്കും കോലിക്കും

രണ്ടു ദിവസം പൂർണമായും മൂന്ന് ദിവസം ഭാഗികമായും മഴ തടസപ്പെടുത്തിയ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനൊടുവിൽ ഇന്ത്യയ്ക്ക് വീണ്ടും കണ്ണീർ. മറ്റൊരു ഐ.സി.സി ടൂർണമെന്റിൽ കൂടി ഇന്ത്യ തലതാഴ്ത്തി മടങ്ങുന്നു. ഒരു ഐ.സി.സി കിരീടമെന്ന ടീം ഇന്ത്യയുടെ മോഹം എട്ടു വർഷം പിന്നിട്ട് മുന്നോട്ടുതന്നെ കുതിക്കുകയാണ്. തന്റെ ആദ്യ ഐ.സി.സി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ക്യാപ്റ്റൻ വിരാട് കോലിക്കും ഇത് നിരാശ നിറഞ്ഞ മത്സരമായി. എം.എസ് ധോനിയെന്ന ഇന്ത്യൻ ക്രിക്കറ്റിലെ അതികായൻ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ ശേഷം പിന്നീട് ഇതുവരെ ഇന്ത്യ ഒരു ഐ.സി.സി ടൂർണമെന്റിൽ കിരീടം നേടിയിട്ടില്ല. 2013-ൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെ തകർത്ത് കിരീടമുയർത്തിയതാണ് ഇന്ത്യയുടെ അവസാന ഐ.സി.സി ട്രോഫി വിജയം. പിന്നീട് അഞ്ച് ഐ.സി.സി ടൂർണമെന്റുകൾ പിന്നിട്ടെങ്കിലും മൂന്ന് തവണ സെമിയിലും രണ്ടു തവണ ഫൈനലിലും ഇന്ത്യയ്ക്ക് കാലിടറി. ഇപ്പോഴിതാ ആറാമത്തെ ടൂർണമെന്റിലും കലാശപ്പോരിൽ ഇന്ത്യയ്ക്കും കോലിക്കും പിഴച്ചു. കോലിക്കു കീഴിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും മികച്ച മുന്നേറ്റം നടത്തിയ ഇന്ത്യയ്ക്ക് പക്ഷേ കഴിഞ്ഞ എട്ടു വർഷമായി ഒരു ഐ.സി.സി കിരീടം നേടാനായിട്ടില്ല. 2014 ട്വന്റി 20 ലോകകപ്പ് 2014 ട്വന്റി20 ലോകകപ്പിന്റെ സെമിയിൽ വിരാട് കോലിയുടെ ഇന്നിങ്സിന്റെ മികവിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റു ചെയ്ത് ദക്ഷിണാഫ്രിക്ക 172 റൺസെടുത്തു. കോലി 44 പന്തിൽ നിന്ന് 72 റൺസോടെ പുറത്താകാതെ നിന്നു. ഫൈനലിലെ എതിരാളികൾ ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നാലു വിക്കറ്റിന് 130 റൺസെടുക്കാനേ സാധിച്ചുള്ളൂ. വിരാട് കോലി 77 റൺസെടുത്തു. യുവ്രാജ് സിങ്ങിന്റെ ബാറ്റിങ് വിമർശനങ്ങൾ വിളിച്ചുവരുത്തിയ മത്സരമായിരുന്നു അത്. മറുപടി ബാറ്റിങ്ങിൽ സംഗക്കാര 35 പന്തിൽ 52 റൺസടിച്ചതോടെ ലങ്ക നാലു വിക്കറ്റിന് ജയിച്ചുകയറി. 2015 ഏകദിന ലോകകപ്പ് രോഹിത് ശർമയുടെ സെഞ്ചുറി മികവിൽ ബംഗ്ലാദേശിനെ 109 റൺസിന് തകർത്താണ് ഇന്ത്യ സെമിയിൽ കടന്നത്. എതിരാളികൾ ആതിഥേയരായ ഓസ്ട്രേലിയ. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്റെ (105) മികവിൽ ഓസീസ് ഏഴിന് 328 റൺസെടുത്തപ്പോൾ ഇന്ത്യയുടെ പോരാട്ടം 46.5 ഓവറിൽ 233-ൽ അവസാനിച്ചു. 2016 ട്വന്റി 20 ലോകകപ്പ് ഇത്തവണയും സെമിയിലാണ് ഇന്ത്യയ്ക്ക് കാലിടറിയത്. സെമിയിൽ വെസ്റ്റിൻഡീസിനെ നേരിട്ട ഇന്ത്യ 47 പന്തിൽ 89 റൺസെടുത്ത വിരാട് കോലിയുടെ മികവിൽ 192 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്റെ ക്രിസ് ഗെയ്ൽ, മർലോൺ സാമുവൽസ് എന്നീ വെടിക്കെട്ട് വീരൻമാരെ ആദ്യ മൂന്ന് ഓവറിനുള്ളിൽ തന്നെ മടക്കിയതോടെ ഇന്ത്യ ജയം സ്വപ്നം കണ്ടു. പക്ഷേ ലെൻഡൽ സിമൺസും (82), ജോൺസൺ ചാൾസും (52), ആന്ദ്രേ റസ്സലും (43) തകർത്തടിച്ചപ്പോൾ രണ്ടു പന്ത് ബാക്കിനിൽക്കേ വിൻഡീസ് ജയം കണ്ടു. ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് കിരീടവും സ്വന്തമാക്കി. 2017 ചാമ്പ്യൻസ് ട്രോഫി വിരാട് കോലിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ടൂർണമെന്റിനെത്തിയത്. മികച്ച പ്രകടനവുമായി ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. എതിരാളികൾ ബദ്ധവൈരികളായ പാകിസ്താൻ. ടൂർണമെന്റിൽ നേരത്തെ നേർക്കുനേർ വന്നപ്പോൾ 124 റൺസിന് ഇന്ത്യ പാകിസ്താനെ തകർത്തിരുന്നു. പക്ഷേ ഫൈനലിൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ പിഴച്ചു. ഓപ്പണർ ഫഖർ സമാന്റെ സെഞ്ചുറി (114) മികവിൽ പാക് ടീം 338 റൺസെടുത്തു. ബുംറയുടെ ഒരു നോബോൾ മത്സരത്തിന്റെ ഫലം തന്നെ നിർണയിച്ച കളിയായിരുന്നു ഇത്. മറുപടി ബാറ്റിങ്ങിൽ മുഹമ്മദ് ആമിർ ഇന്ത്യൻ മുൻനിര തകർത്തു. ഹാർദിക് പാണ്ഡ്യയുടെ ഒറ്റയാൾ പോരാട്ടം മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആശ്വാസം. ഒടുവിൽ ജഡേജയുമായുള്ള ധാരണപ്പിശകിൽ പാണ്ഡ്യ റണ്ണൗട്ടായതോടെ ഇന്ത്യൻ പോരാട്ടം 158 റൺസിൽ അവസാനിച്ചു. 2019 ഏകദിന ലോകകപ്പ് ഇത്തവണയും ടൂർണമെന്റ് ഫേവറിറ്റുകൾ ഇന്ത്യയായിരുന്നു. പക്ഷേ ഇത്തവണയും സെമിയിൽ ഇന്ത്യയ്ക്ക് കാലിടറി. കിവീസായിരുന്നു സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. മഴ മൂലം രണ്ടു ദിവസമായാണ് മത്സരം പൂർത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 239 റൺസിൽ ഒതുങ്ങിയപ്പോൾ ഇന്ത്യൻ ആരാധകർ ആഹ്ലാദംപൂണ്ടു. പക്ഷേ മറുപടി ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിട്ട ഇന്ത്യ 31 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 92 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ ധോനിയും ജഡേജയും ക്രീസിൽ ഒന്നിച്ചതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. ഏഴാം വിക്കറ്റിൽ ഇരുവരും 104 പന്തിൽ നിന്ന് 116 റൺസ് കൂട്ടിച്ചേർത്തു. 59 പന്തിൽ നിന്ന് 77 റൺസെടുത്ത ജഡേജ മടങ്ങിയതോടെ ധോനിയിലായി ഇന്ത്യയുടെ പ്രതീക്ഷ. പക്ഷേ ഗുപ്റ്റിലിന്റെ ഒരു ത്രോ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു. 72 പന്തിൽ നിന്ന് 50 റൺസെടുത്ത ധോനി റണ്ണൗട്ട്. ഇന്ത്യൻ ജേഴ്സിയിൽ അദ്ദേഹത്തിന്റെ അവസാന മത്സരം കൂടിയായിരുന്നു അത്. Content Highlights: India ICC tournament title drought continues


from mathrubhumi.latestnews.rssfeed https://ift.tt/3hf6bOz
via IFTTT