Breaking

Thursday, June 24, 2021

ഇത്‌ ചേട്ടനുറങ്ങാത്ത വീട്‌; കണ്ണീർക്കൂട്ടിൽ പറക്കമുറ്റാത്ത സഹോദരങ്ങളുമായി നാഗരാജ്

ബദിയടുക്ക: അച്ഛനും അമ്മയും ഇല്ലാത്ത കൂട്ടിൽ പറക്കമുറ്റാത്ത മൂന്ന് സഹോദരങ്ങളെ ചേർത്തുപിടിച്ച് ഒരു കുഞ്ഞുചേട്ടൻ. ബദിയഡുക്ക കുംബഡാജെ കാജ കാരയ്ക്കാട് എസ്.സി. കോളനിയിലെ നാഗരാജ് ആണ് സഹോദരങ്ങളായ ഹർഷരാജ്, അപർണ, സനത്ത്രാജ് എന്നിവരുടെ കൈപിടിച്ച് ജീവിതം തുഴയുന്നത്. അച്ഛൻ രാഘവന്റെയും അമ്മ സീതയുടെയും ആകസ്മികമായ മരണമാണ് പതിനെട്ടുകാരനായ നാഗരാജിനെ കുടുംബനാഥനാക്കിയത്. ദുരിതങ്ങൾക്കിടയിലും കുട്ടികളെ പഠിപ്പിക്കുന്നതിലായിരുന്നു രാഘവന്റെയും സീതയുടെയും ശ്രദ്ധ. രാപകൽ ജോലിചെയ്തും കടംവാങ്ങിയും അത്യാവശ്യം സൗകര്യമുള്ള വീടും അവർ നിർമിച്ചു. നാഗരാജ് പ്ലസ് ടു ജയിച്ചെത്തുേന്പാഴേക്കും തലയിൽ അർബുദം ബാധിച്ച് സീത മരിച്ചു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്ന രാഘവൻ ഏപ്രിൽ 13-ന് സ്വയം മരണംവരിച്ചു. ദുരന്തങ്ങളിൽ പകച്ചുപോയെങ്കിലും വിധിക്ക് കീഴടങ്ങാതെ സഹോദരങ്ങളുടെ ജീവിതം ഭദ്രമാക്കാനുള്ള നീക്കത്തിലാണ് നാഗരാജ്. വല്ലപ്പോഴും കൂലിപ്പണിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് വീട്ടിലെ അടുപ്പ് പുകയുന്നത്. സ്വന്തം പഠനം ഉപേക്ഷിച്ചാലും നാലിലും പത്തിലും പഠിക്കുന്ന അനിയന്മാരെയും അഞ്ചാം ക്ലാസിലെ അനിയത്തിയെയും പഠിപ്പിക്കാനുള്ള ദൃഢനിശ്ചയവുമായി മുന്നോട്ടുപോവുകയാണ് നാഗരാജ്. അതിനിടയിൽ ഐ.ടി.ഐ.യിൽ ചേർന്ന് വെൽഡിങ് പഠിച്ച് സ്വയംതൊഴിൽ ചെയ്യാനും നാഗരാജിന് ആഗ്രഹമുണ്ട്. വീട് നിർമിക്കാനായി രക്ഷിതാക്കൾ എടുത്ത കടം ഇപ്പോഴും ബാക്കിയാണ്. എസ്.സി. ബാങ്കിൽനിന്നെടുത്ത എഴുപത്തഞ്ചായിരം രൂപ വായ്പയിൽ ഇരുപതിനായിരം മാത്രമേ അടച്ചിട്ടുള്ളൂ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പന്ത്രണ്ടായിരത്തോളം രൂപയും അടയ്ക്കാൻ ബാക്കിയുണ്ട്. ഈ കടങ്ങൾ എങ്ങനെ വീട്ടുമെന്നതും നാഗരാജിന് മുന്നിലെ വെല്ലുവിളിയാണ്. പഠനം ഓൺലൈനാവുമ്പോൾ സ്മാർട്ട് ഫോണും ഓൺലൈൻ ക്ലാസും ഇവർക്ക് സ്വപ്നംകാണാൻപോലും കഴിയുന്നില്ല. കൂലിപ്പണിയിൽനിന്ന് കിട്ടുന്ന ചെറിയ വരുമാനം ഭക്ഷണത്തിനുതന്നെ തികയാതെ വരുമ്പോൾ സ്മാർട്ട് ഫോൺ വാങ്ങാനോ മാസംതോറും റീചാർജ് ചെയ്യാനോ എങ്ങനെ കഴിയുമെന്ന ആശങ്കയിലാണ് നാഗരാജ്.


from mathrubhumi.latestnews.rssfeed https://ift.tt/2UBKEYJ
via IFTTT