വടക്കാഞ്ചേരി: മുള്ളൂർക്കര പഞ്ചായത്തിലെ വാഴക്കോട് വളവിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ വൻ സ്ഫോടനം. ക്വാറി ഉടമയുടെ സഹോദരൻ, വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകൻ അബ്ദുൾ നൗഷാദ് (46) മരിച്ചു. അഞ്ചുപേർക്ക് പരിക്കുണ്ട്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായ അബ്ദുൾ സലാമിന്റെ സഹോദരൻ അസീസ് ലൈസൻസിയായി നടത്തുന്ന കരിങ്കൽ ക്വാറിയാണിത്. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. മാസങ്ങളായി അടഞ്ഞുകിടന്ന ക്വാറിയിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ഇതിനോടു ചേർന്നുള്ള മീൻവളർത്തൽകേന്ദ്രത്തിൽ മീൻപിടിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുൾ നൗഷാദ് എന്നാണ് പറയുന്നത്. കൂടെയുണ്ടായിരുന്നവർക്കാണ് പരിക്ക്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ: മുള്ളൂർക്കര കുന്നുപറമ്പിൽ ഉമ്മർ (40), കുറ്റിയംമൂച്ചിക്കൽ അബൂബക്കർ (45), മൂലയിൽ അബ്ദുൾ അസീസ് (47), ബംഗാൾ സ്വദേശി ചോട്ടു (24), കോലോത്തുകുളം അലിക്കുഞ്ഞ് (34). തിങ്കളാഴ്ച വൈകീട്ട് 7.45-നാണ് സ്ഫോടനമുണ്ടായത്. 15 കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു. സമീപത്തെ വീടുകളിലേക്കെല്ലാം ചീളുകൾ തെറിച്ചു. വീടുകളുടെ വാതിലും ജനലും താനേ തുറക്കുകയും അടയുകയും ചെയ്തു. സ്ഥിരമായി ഭൂചലനമുണ്ടാകുന്ന മേഖലയായതിനാൽ ആളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി. സ്ഫോടനമുണ്ടായയിടത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കൂടുതൽ സ്ഫോടനമുണ്ടാകുമോയെന്ന സംശയത്തിൽ പ്രദേശത്തേക്ക് ആരെയും കടത്തിവിട്ടില്ല. സ്ഫോടനം മീൻപിടിത്തത്തിനിടെയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ക്വാറിയിലെ കുളത്തിൽ മീൻപിടിക്കുന്നതിന് തോട്ട പൊട്ടിക്കാനായി വെടിമരുന്ന് അശാസ്ത്രീയമായി കൂട്ടിയോജിപ്പിച്ച് വെച്ചിരുന്നു. അതാണ് ഉഗ്രസ്ഫോടനത്തിന് കാരണമായതെന്ന് കരുതുന്നു. Content Highlight: Massive blast at Mullurkara quarry
from mathrubhumi.latestnews.rssfeed https://ift.tt/3vLBvte
via
IFTTT