തിരുവനന്തപുരം: കെ.പി.സി.സി., ഡി.സി.സി. പുനഃസംഘടനയ്ക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി ബുധനാഴ്ച ചേരും. ജനപ്രതിനിധികൾക്ക് കെ.പി.സി.സി. ഭാരവാഹിയാകാൻ വിലക്കുണ്ടാകില്ല. ഡി.സി.സി. പ്രസിഡന്റായി എം.പി., എം.എൽ.എ.മാരെ നിയമിക്കില്ല. ജില്ലയിലാകെ പ്രവർത്തിക്കേണ്ടതിനാലാണിത്. ജംബോ സമിതികൾക്ക് പകരം പരമാവധി 15 ഭാരവാഹികളെന്നതാണ് കെ.പി.സി.സി. പ്രസിഡന്റിന്റെ താത്പര്യം. വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയും മൂന്ന് വീതവും സെക്രട്ടറിമാർ അഞ്ചും എന്ന നിർദേശമാണ് ഉയരുന്നത്. എന്നാൽ ഗ്രൂപ്പ് നേതൃത്വം കൂടുതൽ ഭാരവാഹികൾ വേണമെന്ന താത്പര്യത്തിലാണ്. ജനപ്രതിനിധികൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടെന്നാണ് ധാരണ. ഇടക്കാലത്ത് ഒരാൾക്ക് ഒരു പദവിയെന്ന നിബന്ധന നടപ്പാക്കിയിരുന്നെങ്കിലും അതിൽ കടുംപിടിത്തം ഉണ്ടാകില്ല. പ്രായപരിധിയും മാനദണ്ഡങ്ങളിൽപ്പെടില്ല. കെ.പി.സി.സി. പ്രസിഡന്റിന് ബാധകമാക്കാത്ത പ്രായപരിധി മറ്റ് ഭാരവാഹികൾക്ക് അടിച്ചേൽപ്പിക്കുന്നത് ഉചിതമല്ലെന്നാണ് ചിന്ത. ഹൈക്കമാൻഡിന്റെ അംഗീകാരത്തിനു ശേഷമായിരിക്കും പേരുകൾ വെച്ചുള്ള ചർച്ച. ജൂലായ് 15-നകം ഭാരവാഹികൾ നിലവിൽ വരണമെന്ന നിലയിൽ സമയക്രമം നിശ്ചയിക്കും. മാനദണ്ഡങ്ങൾക്ക് രൂപംനൽകാൻ കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റ് മുതിർന്ന നേതാക്കളുമായും ആശയവിനിമയം നടത്തിവരികയാണ്. മിക്ക ഡി.സി.സി.കളിലും പുതിയ പ്രസിഡന്റുമാർ വരും. കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികളെ നിശ്ചയിക്കുന്നത് ഒരു പാക്കേജിന്റെ ഭാഗമായിട്ടാകും നടപ്പാക്കുക. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായിരിക്കുന്ന ചിലർ ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് മാറാൻ സാധ്യതയുണ്ട്. സ്ഥാനമൊഴിയുന്ന ഡി.സി.സി. പ്രസിഡന്റുമാർ കെ.പി.സി.സി. ഭാരവാഹിത്വത്തിലേക്കും വന്നേക്കാം. കെ.പി.സി.സി., ഡി.സി.സി. പുനഃസംഘടനയിൽ സഹകരിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഗ്രൂപ്പ് നേതൃത്വം നൽകുന്ന പട്ടിക അതേപടി അംഗീകരിക്കുന്ന രീതിക്ക് മാറ്റംവരാം. ഗ്രൂപ്പിൽപ്പെട്ടവരായാലും കഴിവ് നോക്കിയായിരിക്കും തീരുമാനമെന്നാണ് സൂചന. വി.ഡി. സതീശനും കെ. സുധാകരനും താമസിയാതെ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിക്കും. പാർട്ടി പുനഃസംഘടനയടക്കമുള്ള കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
from mathrubhumi.latestnews.rssfeed https://ift.tt/3vVtnXr
via
IFTTT