Breaking

Thursday, June 24, 2021

ജംബോ ഇല്ല; കെ.പി.സി.സി.യിൽ ഭാരവാഹികളടക്കം 51 പേർ മാത്രം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം പാർട്ടി സംഘടനാസംവിധാനം പൊളിച്ചുപണിയാൻ കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. ജംബോ കമ്മിറ്റികൾ ഒഴിവാക്കും. 51 അംഗങ്ങളായിരിക്കും സംസ്ഥാന-ജില്ലാ കമ്മിറ്റികളിലുണ്ടാകുക. വനിതകൾക്കും പട്ടികവിഭാഗങ്ങൾക്കും സ്ഥാനങ്ങളിൽ പത്തുശതമാനം വീതം നീക്കിവെക്കും. അടിസ്ഥാനയൂണിറ്റായി പുതിയ അയൽക്കൂട്ടസമിതി രൂപവത്കരിക്കും. ജനങ്ങളുമായുള്ള ഇടപെടൽ കാര്യക്ഷമമാക്കുന്നതിനാണിത്. കർമശേഷി മാത്രമായിരിക്കും പദവിക്കുള്ള മാനദണ്ഡമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഭാരവാഹികൾ 75-ൽനിന്ന് 23-ലേക്ക് കെ.പി.സി.സി. ഭാരവാഹികളുടെ എണ്ണം കുത്തനെ കുറച്ചാകും പുതിയ കമ്മിറ്റി. വർക്കിങ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എന്നിവരടക്കം 75 ഭാരവാഹികളാണ് നിലവിൽ കെ.പി.സി.സി.ക്കുള്ളത്. ഇത് 23 ആക്കിമാറ്റും. പ്രസിഡന്റ്, മൂന്ന് വർക്കിങ് പ്രസിഡന്റുമാർ, മൂന്ന് വൈസ് പ്രസിഡന്റുമാർ, 15 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ ഇതാണ് പുതിയ ഭാരവാഹികൾ. ഇതിനൊപ്പം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെക്കൂടി ഉൾപ്പെടുത്തുമ്പോഴാണ് 51 അംഗങ്ങളാകുന്നത്. സെക്രട്ടറിമാർ ഉണ്ടാകുമെങ്കിലും അവർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളല്ല. പക്ഷേ, സെക്രട്ടറി എന്നനിലയിൽ അവർക്ക് എക്സിക്യുട്ടീവ് യോഗത്തിൽ പങ്കെടുക്കാം. പരമാവധി 15 സെക്രട്ടറിമാർ എന്നതാണ് ധാരണയെന്ന് സുധാകരൻ പറഞ്ഞു. നിലവിൽ നൂറിലധികം സെക്രട്ടറിമാരാണ് കെ.പി.സി.സി.ക്കുള്ളത്. കെ.പി.സി.സി.യുടെ അതേ ഘടനതന്നെയാണ് ഡി.സി.സി.കൾക്കും ഉണ്ടാകുക. എന്നാൽ, കാസർകോട്, വയനാട്, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ചെറിയ ജില്ലകളിൽ കമ്മിറ്റിക്ക് ആനുപാതികമായ കുറവുണ്ടാകും. ഭാരവാഹികൾ മുഴുവൻസമയ പ്രവർത്തകർ ഭാരവാഹികളാകുന്നവർ മുഴുവൻസമയ പ്രവർത്തകരാകണം. ഇവരുടെ പ്രവർത്തനം വിലയിരുത്താൻ പ്രത്യേക സംവിധാനമുണ്ടാകും. പ്രവർത്തനത്തിൽ മതിപ്പില്ലെങ്കിൽ മാറ്റും. 30 മുതൽ 50 വീടുകൾക്ക് ഒരു അയൽക്കൂട്ടം എന്നനിലയിലാണ് രൂപവത്കരിക്കുക. പാർട്ടി പ്രവർത്തകർ ജനങ്ങളിൽനിന്ന് അകന്നുപോയത് മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് സുധാകരൻ പറഞ്ഞു. Content Highlight: Complete reshuffle in KPCC


from mathrubhumi.latestnews.rssfeed https://ift.tt/3xN1ty1
via IFTTT