Breaking

Monday, June 7, 2021

ഒരെണ്ണത്തിന്റെ വില 1000 രൂപ വരെ; നൂര്‍ ജഹാന്‍ മാമ്പഴത്തിന് ഇത്തവണയും വന്‍ ഡിമാന്‍ഡ്‌

ഭോപ്പാൽ: പതിവ് തെറ്റിയില്ല, നൂർ ജഹാൻ മാമ്പഴത്തിന് ഇക്കൊല്ലവും മാർക്കറ്റിൽ വൻ ഡിമാൻഡ് തന്നെ. 500 മുതൽ 1000 രൂപ വരെയാണ് ഒരു മാമ്പഴത്തിന്റെ വില. അനുകൂല കാലാവസ്ഥ ലഭിച്ചതിനാൽ ഇപ്രാവശ്യത്തെ വിളവെടുപ്പും പഴത്തിന്റെ വലിപ്പവും കഴിഞ്ഞ തവണത്തേക്കാൾ ഏറെ മെച്ചമാണെന്ന് കർഷകർ പറയുന്നു. പേരിൽ പോലും ആഢ്യത്വം തുളുമ്പുന്ന ഈ മാമ്പഴത്തിന്റെ ജന്മദേശം അഫ്ഗാനിസ്ഥാനാണ്. ഇന്ത്യയിൽ മധ്യപ്രദേശിലെ അലിരാജ്പുർ ജില്ലയിൽ കത്തിയവാഡിൽ മാത്രമാണ് നൂർ ജഹാൻ കൃഷി ചെയ്യുന്നതെന്ന് കർഷകർ അവകാശപ്പെടുന്നു. ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് അലിരാജ്പുർ. ഇൻഡോറിൽ നിന്ന് 250 കിലോമീറ്റർ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. തന്റെ തോട്ടത്തിലെ മൂന്ന് നൂർ ജഹാൻ മാവുകളിൽ നിന്ന് 250 മാങ്ങയാണ് ലഭിച്ചതെന്ന് ശിവ് രാജ് സിങ് ജാദവ് എന്ന കർഷകൻ പറയുന്നു. 500 മുതൽ 1000 രൂപ വരെ ഓരോ മാങ്ങയ്ക്കും വില നിശ്ചയിച്ചിട്ടുണ്ടെന്നും പഴങ്ങളെല്ലാം തന്നെ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യപ്രദേശ് കൂടാതെ ഗുജറാത്തിൽ നിന്നും നൂർ ജഹാന് ആവശ്യക്കാരുണ്ടെന്ന് ശിവ് രാജ് പറയുന്നു. രണ്ട് മുതൽ മൂന്നര കിലോ വരെ തൂക്കമുണ്ടാകും ഒരു മാമ്പഴം. കഴിഞ്ഞ സീസണിലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാവുകൾ വേണ്ട വിധത്തിൽ പൂത്തിരുന്നില്ലെന്നും എന്നാൽ ഇക്കൊല്ലം നല്ല രീതിയിൽ പൂവിടുകയും കായ്ക്കുകയും ചെയ്ത സന്തോഷത്തിലാണ് കർഷകർ. പക്ഷെ കോവിഡ് വ്യാപനം വിൽപനയെ ബാധിക്കുമോ എന്ന ആശങ്കയും അവർ പങ്കു വെച്ചു. 2019 ൽ ശരാശരി 2.75 കിലോഗ്രാം ഭാരം മാമ്പഴങ്ങൾക്കുണ്ടായിരുന്നതായും 1,200 രൂപ വരെ വില ലഭിച്ചതായും ശിവ് രാജ് ഓർമിച്ചു. ജൂൺ ആദ്യത്തോടെയാണ് നൂർ ജഹാൻ മാവുകൾ വിളവെടുപ്പിന് തയ്യാറാവുന്നത്. ജനുവരി-ഫെബ്രുവരി മാസത്തിലാണ് പൂവിടൽ. ഒരടി വരെ നൂർ ജഹാൻ മാങ്ങയ്ക്ക് വലിപ്പമുണ്ടാകാറുണ്ടെന്നും മാങ്ങയുടെ വിത്തിന് 150 മുതൽ 200 ഗ്രാം വരെ ഭാരമുണ്ടാകാറുണ്ടെന്നും കർഷകർ പറയുന്നു. Content Highlights: Noor jahan Mango Cultivated In Madhya Pradesh Costs Up To Rs 1,000 Per Piece


from mathrubhumi.latestnews.rssfeed https://ift.tt/2T5jjNs
via IFTTT