വണ്ടിപ്പെരിയാർ(ഇടുക്കി): ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ചന്ദ്രവനം പ്രിയദർശിനി കോളനിയിൽ ആദിലക്ഷ്മി (31)യെ കൊലപ്പെടുത്തിയ ഭർത്താവ് രാജയെന്ന് വിളിക്കുന്ന രാജൻ (35) ആണ് അറസ്റ്റിലായത്. നീണ്ട നാളുകളായി നിലനിന്നിരുന്ന കുടുംബവഴക്കാണ് കൊലപാതക കാരണമെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ രാജ അടുക്കളയിൽ കറിവയ്ക്കുകയായിരുന്ന ആദിലക്ഷ്മിയോട് തട്ടിക്കയറുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. ആദിലക്ഷ്മി എതിർത്തു. ഇതിൽ പ്രകോപിതനായ രാജ സമീപത്തിരുന്ന കത്തിയെടുത്ത് ആദിലക്ഷ്മിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഇത് കണ്ടുനിന്ന രാജയുടെ അമ്മ ഉറങ്ങിക്കിടന്ന കുട്ടിയെയുമെടുത്തുക്കൊണ്ട് നിലവിളിച്ച് പുറത്തേക്ക് ഓടി സമീപവാസികളോട് കാര്യം പറഞ്ഞു. ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നതിനാൽ സമീപവാസികൾ അതത്ര കാര്യമാക്കിയില്ല. കുത്തിക്കൊന്നെന്ന് അലമുറയിട്ട് കരഞ്ഞതോടെ നാട്ടുകാർ ഇവരുടെ വീട്ടിലേക്ക് ഓടിയെത്തി. ആദിലക്ഷ്മിയുടെ മരണം ഉറപ്പാക്കിയ രാജ ഇവരുടെ ശരീരം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് കട്ടിലിൽ കിടത്തി. നാട്ടുകാർ കൂടിയതോടെ രാജ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ സംഘം നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു. രാജയുടെ അമ്മയുടെ പേരിലുള്ള സ്ഥലം തന്റെ പേരിലാക്കണമെന്ന് ആദിലക്ഷ്മി ആവശ്യപ്പെട്ടതിനെ തുടർന്ന് രാജയുമായി ദീർഘനാളുകളായി തർക്കമുണ്ടായിരുന്നതായും കേസ് കോടതിയുടെ പരിഗണനയിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ആദിലക്ഷ്മി പത്തുവർഷംമുൻപാണ് ആദ്യ ബന്ധം വേർപെടുത്തി രാജയ്ക്കൊപ്പം താമസിച്ചുതുടങ്ങിയത്. ഇവർക്ക് ആറുവയസ്സ് പ്രായമായ കുട്ടിയുമുണ്ട്. ആദ്യബന്ധത്തിൽ ആദിലക്ഷ്മിക്ക് പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്മോഹൻ, എസ്.ഐ. ടി.ഡി.സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. രാജയുടെ അമ്മയെയും കുട്ടിയെയും ബന്ധുവീട്ടിലേക്ക് മാറ്റി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Content Highlights: husband killed wife in vandiperiyar idukki
from mathrubhumi.latestnews.rssfeed https://ift.tt/2VDhiGm
via
IFTTT