Breaking

Friday, December 4, 2020

'എനിക്ക് സാധിക്കുമെങ്കില്‍ ആര്‍ക്കും സാധിക്കും',ടൈം മാസികയുടെ കിഡ് ഓഫ് ദ ഇയര്‍ ഗീതാഞ്ജലി പറയുന്നു

ന്യൂയോർക്ക്: ആധുനികജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് പരിഹാരിക്കാമെന്ന് തെളിയിച്ച പതിനഞ്ചുകാരി ഗീതാഞ്ജലി റാവുവിന് ടൈം മാസികയുടെ ആദ്യ കിഡ് ഓഫ് ദ ഇയർ ബഹുമതി. മലിനജലം ശുദ്ധീകരിക്കാനും സൈബർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനും മയക്കുമരുന്നിൽ നിന്ന് മോചനം നേടാനും തുടങ്ങി നാം നേരിടുന്ന പല പ്രശ്നങ്ങൾക്കും ഈ കുട്ടി ശാസ്ത്രജ്ഞ തന്റേതായ പരിഹാരമാർഗം കണ്ടെത്തിക്കഴിഞ്ഞു. അവാർഡിനായി ടൈം മാസികയുടെ പരിഗണനയ്ക്കെത്തിയ അയ്യായിരം പേരിൽ നിന്നാണ് ഇന്ത്യൻ-അമേരിക്കനായ ഗീതാഞ്ജലി റാവു തിരഞ്ഞെടുക്കപ്പെട്ടത്. ടൈമിന് വേണ്ടി അഭിനേത്രിയും ആക്ടിവിസ്റ്റുമായ ആഞ്ജലീന ജോളിയാണ് ഗീതാഞ്ജലിയുമായി പ്രത്യേക അഭിമുഖം നടത്തിയത്. തന്റെ പ്രവർത്തനശൈലിയിൽ നിരീക്ഷണം, മസ്തിഷ്കോദ്ദീപനം, ഗവേഷണം, നിർമാണം, ആശയവിനിമയം എന്നിവ ഉൾപ്പെടുന്നുവെന്ന് അഭിമുഖത്തിനിടെ ഗീതാഞ്ജലി പറഞ്ഞു. ലോകം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനായി യുവഗവേഷകർ ഉൾപ്പെടുന്ന ആഗോള സമൂഹനിർമാണമാണ് ലക്ഷ്യമിടുന്നതെന്ന് ഗീതാഞ്ജലി റാവു വ്യക്തമാക്കി. എല്ലാ പ്രശ്നവും പരിഹരിക്കാനുള്ള ശ്രമം നടത്തുന്നതിന് പകരം നമ്മെ ഏറ്റവുമധികം ആകർഷിക്കുന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നാണ് ഗീതാഞ്ജലി റാവുവിന്റെ അഭിപ്രായം. കാലങ്ങളായുള്ള പ്രശ്നങ്ങൾക്കൊപ്പം കോവിഡ് മുതൽ മനുഷ്യവകാശലംഘനം ഉൾപ്പെടെയുള്ള നിരവധി പുതിയ പ്രശ്നങ്ങളും തന്റെ തലമുറയിൽ പെട്ടവർ നേരിടേണ്ടി വരുന്നുണ്ടെന്ന് ഗീതാഞ്ജലി പറയുന്നു. കാലാവസ്ഥാ വ്യതിയാനം, സൈബർ ആക്രമണം തുടങ്ങി പുതിയ തലമുറയുടെ ഭാഗത്ത് നിന്ന് സൃഷ്ടിക്കപ്പെടാത്ത പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തേണ്ട ഉത്തരവാദിത്തം നമ്മളിലുണ്ട്. നമുക്ക് ആവേശം തോന്നിപ്പിക്കുന്ന വിഷയങ്ങൾക്ക്, അത് നിസാരമായിക്കൊള്ളട്ടെ, പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതാണ് നല്ലത്- ഈ മിടുക്കിയുടെ വാക്കുകൾ. ദിവസേന ഒരു വ്യക്തിയുടെ മുഖത്തെങ്കിലും പുഞ്ചിരി വിടർത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും നാം തങ്ങുന്നിടത്ത് പോസിറ്റീവിറ്റി വരുത്താൻ ശ്രമിക്കണമെന്നും ഗീതാഞ്ജലി റാവു പറഞ്ഞു. ചാനലുകളിൽ സ്ഥിരമായി കാണുന്നത് വെളുത്ത വർഗക്കാരായ, പ്രായമേറിയ ശാസ്ത്രജ്ഞരെയാണ്. ലിംഗം, പ്രായം, ത്വക്കിന്റെ നിറം എന്നിവ അടിസ്ഥാനമാക്കി വ്യക്തികൾക്ക് കർമമേഖല നിശ്ചയിക്കുന്നതിനോട് തനിക്ക് വിയോജിപ്പുണ്ടെന്നും അവൾ വ്യക്തമാക്കി. സാമൂഹികപരിവർത്തനത്തിന് വേണ്ടി ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ച് കുട്ടിക്കാലം മുതൽ ചിന്തിച്ചിരുന്നതായും പത്ത് വയസ് മാത്രമുള്ളപ്പോൾ കാർബൺ നാനോട്യൂബ് സെൻസർ ടെക്നോളജിയിൽ ഗവേഷണം നടത്തണമെന്ന് മാതാപിതാക്കളെ അറിയിച്ചതായും ഗീതാഞ്ജലി പറഞ്ഞു. ഒരു സാധാരണ പതിനഞ്ചുകാരി ചെയ്യുന്നതു പോലെ കേക്കും മറ്റുമുണ്ടാക്കാൻ കോവിഡ് അവധിക്കാലം ചെലവിട്ടതായും കേക്കുണ്ടാക്കുന്നതിലും ഒരു ശാസ്ത്രവശമുണ്ടെന്നും ഗീതാഞ്ജലി കൂട്ടിച്ചേർത്തു. Meet TIMEs first-ever Kid of the Year https://t.co/8ExwjanZfE pic.twitter.com/UkPscbp63H — TIME (@TIME) December 3, 2020 Content Highlights: Indian-American Gitanjali Rao, 15, First-Ever TIME "Kid Of The Year"


from mathrubhumi.latestnews.rssfeed https://ift.tt/3mHKecd
via IFTTT