തൃശ്ശൂർ: സ്കൂളിൽ അധ്യാപകനിയമനത്തിന് 25 ലക്ഷം രൂപ നൽകി വഞ്ചിക്കപ്പെട്ടെന്ന പരാതി അന്വേഷിച്ച പോലീസ് കണ്ടെത്തിയത് ഒരു ക്രിസ്ത്യൻ സഭയുടെ അസാധാരണ സാമ്പത്തികവളർച്ച. കുന്നംകുളം ആസ്ഥാനമായ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പേരിലായിരുന്നു പരാതി. സഭയുടെ വരുമാനരേഖകൾ പരിശോധിച്ച പോലീസ് കണ്ടെത്തിയത് ഭണ്ഡാരവരുമാന ഇനത്തിലെ കോടികളുടെ വർധന. 2016വരെ വർഷം ശരാശരി പത്തുലക്ഷത്തിൽത്താഴെ ഭണ്ഡാരവരവുണ്ടായിരുന്ന സഭയുടെ വരുമാനം തുടർവർഷങ്ങളിൽ 2.63 കോടി രൂപയായിരുന്നെന്നു കണ്ടെത്തി. 2016മുതൽ 2018 മേയ് വരെയാണ് ഈ തുക ഭണ്ഡാരവരവായി കാണിച്ചിരിക്കുന്നത്. ഇക്കാലയളവിൽ പലരിൽനിന്നായി സ്കൂളിൽ അധ്യാപകനിയമനത്തിനായി വൻതുക ഈടാക്കിയതായി കണക്കാക്കാമെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഷൊർണൂർ കൊളപ്പുള്ളിയിലെ ജിജി പി. ചേറപ്പനാണ് 25 ലക്ഷം നൽകി വഞ്ചിക്കപ്പെട്ടെന്ന് ഗുരുവായൂർ േപാലീസിൽ പരാതി നൽകിയത്. സഭയുടെ തൊഴിയൂരിലെ സ്കൂളിൽ താത്കാലിക അധ്യാപികയായിരുന്ന ജിജിക്ക് സ്ഥിരംനിയമനം നൽകാമെന്ന് വാഗ്ദാനം നൽകി 25 ലക്ഷം വാങ്ങുകയായിരുന്നു. എന്നാൽ, ഒഴിവുവന്ന തസ്തികയിൽ മറ്റൊരാൾക്ക് നിയമനം നൽകി. ഇതേപ്പറ്റി ചോദിച്ച ജിജിയെ പിരിച്ചുവിട്ടു. വാങ്ങിയ പണം തിരികെ കൊടുത്തതുമില്ല. തുടർന്നാണ് പരാതിനൽകിയത്. ഭർത്താവ് അകാലത്തിൽ മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുകയും സ്വർണം വിറ്റും കടം വാങ്ങിയതുമായ തുകയും ചേർത്താണ് അർബുദചികിത്സയിലുള്ള ജിജി പണം നൽകിയത്. ഗുരുവായൂർ പോലീസ്, സഭയുടെ വരവുചെലവ് കണക്കുകൾ പരിശോധിച്ചതിലാണ് വരുമാനത്തിൽ കോടികളുടെ അന്തരം കണ്ടെത്തിയത്. സഭാകൗൺസിലിന്റെ മിനിറ്റ്സ് ബുക്കും കസ്റ്റഡിയിലെടുത്തു. മൂന്ന് എൽ.പി. സ്കൂൾ ഉൾപ്പെടെ നാലുസ്കൂളുകളുള്ള സഭയുടെ പരമാധ്യക്ഷനും ട്രസ്റ്റിയും എജ്യുക്കേഷണൽ സൊസൈറ്റി കോർപ്പറേറ്റ് മാനേജരും സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്തയാണ്. കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ചോദ്യംചെയ്തു. കുറ്റപത്രം ഉടൻ കോടതിയിൽ നൽകുമെന്ന് പോലീസ് പറഞ്ഞു. content highlights: bribe money found in a Kerala Christian church
from mathrubhumi.latestnews.rssfeed https://ift.tt/33TDCiP
via
IFTTT