കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മുറിയിൽ അനാമിക നിൽക്കുന്നു. സാങ്കല്പികമായ പേരുപോലെ അവളുടെ മുഖവും കാണാനായില്ല. ആ സ്ത്രീയെ നോക്കി ഡോക്ടർ പറഞ്ഞു: ''ഇതൊരു അദ്ഭുതകരമായ തിരിച്ചുവരവാണ്. ശരീരത്തിലെ തൊലി മുഴുവൻ ഉരിഞ്ഞുപോയി ഒരു പെൺകുട്ടി. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്ന് ഞങ്ങളെല്ലാം ഭയന്ന ഒരു പെൺകുട്ടി. പക്ഷേ, ഇപ്പോൾ അവൾ ജീവിതത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു, രൂപവതിയായിത്തന്നെ.'' അനാമികയ്ക്കു സംഭവിച്ചത് ഏഴുവർഷംമുമ്പ് കല്യാണം കഴിഞ്ഞു വിദേശത്തുപോയ അനാമിക കുറച്ചുകാലംമുമ്പാണ് തിരിച്ചെത്തിയത്. കഴിഞ്ഞ 27-ന് അനാമികയുടെ ദേഹത്ത് ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. രണ്ടുദിവസം കഴിഞ്ഞപ്പോൾ കുമിളകൾക്ക് അസഹ്യമായ വേദനയായതോടെ ചികിത്സതേടി. ആശുപത്രിയിൽ പ്രവേശിപ്പിച്ച് അല്പനേരം കഴിഞ്ഞതോടെ ശരീരത്തിൽനിന്ന് തൊലി ഉരിയാൻ തുടങ്ങി. നോക്കിനിൽക്കേ തൊലി മുഴുവൻ ഉരിഞ്ഞ് അനാമിക ഭയംജനിപ്പിക്കുന്ന ഒരു രൂപമായി. ഡോക്ടർമാർ കണ്ടെത്തിയത് മെഡിക്കൽ ട്രസ്റ്റിലെ ഒഫ്താൽമോളജി തലവൻ ഡോ. സോണി ജോർജും ത്വഗ്രോഗവിദഗ്ധ ഡോ. പി. ജയശ്രീയും ഡോ. എബിൻ ജെ. കുളങ്ങരയും ചേർന്നാണ് ചികിത്സിച്ചത്. ''സ്റ്റീവൻ ജോൺസൺ സിൻഡ്രോം അല്ലെങ്കിൽ ടോക്സിക് എപ്പിഡെർമൽ നെക്രോലൈസിസോ ആകാം അനാമികയ്ക്കു ബാധിച്ചതെന്നു ഞങ്ങൾ മനസ്സിലാക്കി. ലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന ഈ രോഗത്തിനു ചികിത്സ തുടങ്ങുമ്പോൾ ഒരുപാട് വെല്ലുവിളികൾ മുന്നിലുണ്ടായിരുന്നു. കണ്ണുനീർ മുഴുവൻ ഇല്ലാതായി കാഴ്ച നഷ്ടമാകുമെന്ന അവസ്ഥയായിരുന്നു ഏറ്റവും പ്രധാനം. അണുബാധയ്ക്കുള്ള സാധ്യത കൂടിയതു മറ്റൊരു പ്രശ്നം.'' ഗർഭപാത്രത്തിലെ പരീക്ഷണം അത്യപൂർവമായൊരു ചികിത്സയാണ് അനാമികയ്ക്കു നിശ്ചയിച്ചത്. ഗർഭപാത്രത്തിൽ കുഞ്ഞിനെ പൊതിയുന്ന ബലൂൺപോലെയുള്ള ഭാഗത്തെ നേരിയ ആവരണമായിരുന്നു ചികിത്സയുടെ പ്രധാന മരുന്ന്. ആമ്നിയോട്ടിക് മെംബ്രയ്ൻ എന്ന ഈ ആവരണംകൊണ്ടുള്ള ചികിത്സയ്ക്കൊപ്പം അണുബാധ ഇല്ലാതാകാനുള്ള മറ്റു മരുന്നുകളും നൽകി. മൂന്നാഴ്ചനീണ്ട ചികിത്സയ്ക്കൊടുവിൽ അദ്ഭുതകരമായി അനാമികയുടെ ശരീരത്തിൽ പതിയെ തൊലി വന്നുതുടങ്ങി. വീണ്ടും അവൾ രൂപവതിയായി. സ്റ്റീവൻ ജോൺസൺ സിൻഡ്രോം കുമിളകൾവന്ന് ശരീരത്തിലെ തൊലി ഉരിഞ്ഞുപോകുന്ന അസുഖം. പത്തുശതമാനംവരെ തൊലി ഉരിഞ്ഞുപോകാം. ടോക്സിക് എപ്പിഡെർമൽ നെക്രോലൈസിസ് ആണെങ്കിൽ മുപ്പത് ശതമാനംവരെ തൊലിപോകും. സ്ത്രീകളെയാണ് ഈ അസുഖങ്ങൾ കൂടുതലായി ബാധിക്കാറ്. കുട്ടികളും 30 വയസ്സിൽ താഴെയുള്ളവരുമാണ് പ്രധാന ഇരകൾ. ചില മരുന്നുകളുടെ അലർജിയും അണുബാധയും രോഗകാരണമാകാം. Content Highlights:a young woman who suffering from skin disease back to normal life
from mathrubhumi.latestnews.rssfeed https://ift.tt/3i5Zw7L
via
IFTTT