Breaking

Wednesday, September 2, 2020

ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നു

ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി.കെ. ശശികലയുടെ 300 കോടിയോളം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചു. ചെന്നൈയിലും പരിസരത്തുമായി ശശികല വാങ്ങിക്കൂട്ടിയ ഭൂമിയടക്കമുള്ള 65 ആസ്തികളാണ് ആദായനികുതി വകുപ്പിന്റെ ബിനാമി നിരോധന യൂണിറ്റ് കണ്ടുകെട്ടാൻ നടപടി തുടങ്ങിയത്. ഇതിനു മുന്നോടിയായി ശശികലയുടെ ബിനാമി കമ്പനികൾക്കും വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലും അധികൃതർ നോട്ടീസ് നൽകിയിരുന്നു. ചെന്നൈ പോയസ് ഗാർഡനിലുള്ള ജയലളിതയുടെ വീടായ വേദനിലയത്തിനു സമീപം ശശികല പണിയുന്ന ബംഗ്ലാവും കണ്ടുകെട്ടുന്നവയിൽ ഉൾപ്പെടും. അനധികൃത സ്വത്തുസമ്പാദനക്കേസിൽ ബെംഗളൂരു അഗ്രഹാര ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് ശശികല. ജയിൽമോചിതയാകുമ്പോൾ താമസിക്കാനാണ് വേദനിലയത്തിനു സമീപം ശശികല വീടു നിർമിക്കുന്നത്. 1995 മാർച്ചിൽ ഹൈദരാബാദിൽ രജിസ്റ്റർചെയ്ത ശ്രീ ഹരിചന്ദന എസ്റ്റേറ്റ്‌സ് എന്ന സ്ഥാപനം ശശികലയുടെ ബിനാമി കന്പനിയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം വഴി 2003-2005 കാലയളവിൽ 200 ഏക്കർ വരുന്ന 65-ഓളം വസ്തുവകകൾ ശശികല വാങ്ങിയെന്നും നിലവിൽ അതിന്‌ 300 കോടി രൂപ വിലമതിക്കുമെന്നും ഐ.ടി. വൃത്തങ്ങൾ അറിയിച്ചു. കാളിയപെരുമാൾ, ശിവകുമാർ എന്നിവരുടെ പേരിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ജാസ് സിനിമാസ്, മിഡാസ് ഗോൾഡൻ ഡിസ്റ്റിലറീസ് എന്നിവയിലും ശശികലയാണ് മുഖ്യപങ്കാളി. പോയസ് ഗാർഡനു പുറമേ ചെന്നൈയിൽ ആലന്തൂർ, താംബരം, ഗുഡുവാഞ്ചേരി, ശ്രീപെരുമ്പത്തൂർ എന്നിവിടങ്ങളിലെ സ്വത്തുക്കളും കണ്ടുകെട്ടുന്നവയിൽ ഉൾപ്പെടും. ഇവ വാങ്ങാൻ ആവശ്യമായ ബിസിനസോ വരുമാനമോ കമ്പനിക്ക് ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 2017-ൽ ആദായനികുതി വകുപ്പ് ശശികലയുടെയും കുടുംബത്തിന്റെയും 180-ഓളം സ്വത്തുക്കളിൽ തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞവർഷം ശശികലയുടെ ബിനാമികളിൽനിന്ന് 1600 കോടിയുടെ ആസ്തി ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. 2017-ലാണ് അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശശികല ജയിലിലാകുന്നത്. നാലുവർഷത്തെ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുന്ന ശശികലയുടെ രാഷ്ട്രീയപ്രവേശം തടയാനുള്ള എ.ഐ.എ.ഡി.എം.കെ.യുടെ നീക്കങ്ങളാണ് നിലവിലെ നടപടിക്കു കാരണമെന്ന് പറയപ്പെടുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/34T9plZ
via IFTTT