തിരുവനന്തപുരം : കേരള കോൺഗ്രസ് തർക്കത്തിൽ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായതോടെ, പാർട്ടിയുടെ അംഗീകാരവും വിപ്പും സംബന്ധിച്ച പ്രശ്നം പി.ജെ. ജോസഫ് വിഭാഗത്തെ പ്രതിസന്ധിയിലാക്കി. ഒപ്പം ജോസഫ് ഗ്രൂപ്പിന് അനുകൂല നിലപാടെടുത്തിരുന്ന യു.ഡി.എഫ്. നേതൃത്വവും വെട്ടിലായി. ജോസ് കെ. മാണി വിഭാഗത്തിനാകട്ടെ വിലപേശൽശക്തി വർധിക്കുകയും ചെയ്തു. പാർട്ടിയും ചിഹ്നവും ജോസ് വിഭാഗത്തിനാണെന്ന് വന്നതോടെ യു.ഡി.എഫ്. അവരോടുള്ള സമീപനത്തിൽ അയവുവരുത്തുന്നുവെന്ന സൂചനകളും പുറത്തുവന്നു. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യു.ഡി.എഫ്. നേതൃയോഗം മാറ്റിവെച്ചു. ഇതിൽ ജോസ് വിഭാഗത്തെ പൂർണമായി തിരസ്കരിക്കുമെന്ന ധാരണയാണുണ്ടായിരുന്നത്.ജോസ് വിഭാത്തിന് കൂടുതൽ ‘മൂല്യം’ജനപ്രതിനിധികളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും എണ്ണത്തിന്റെ മൂല്യത്തിൽ ജോസ് വിഭാഗം വ്യക്തമായ മേൽക്കൈ നേടി. എം.പി.യുടെ മൂല്യം ഏഴ് നിയമസഭാ മണ്ഡലമെന്ന കണക്ക് അടിസ്ഥാനമാക്കി ഏഴായാണ് കൂട്ടുക. രണ്ട് എം.പി.മാരും അഞ്ച് എം.എൽ.എ.യുമടക്കം 19 ആണ് മൂല്യം. അതുപ്രകാരം 16 പോയന്റ് ജോസ് വിഭാഗത്തിനും മൂന്ന് പോയന്റ് ജോസഫ് വിഭാഗത്തിനുമായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടിക രണ്ടുകൂട്ടരും പ്രത്യേകം നൽകി. 400-ല്പരം സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽനിന്ന് തർക്കമുള്ളവരെ മാറ്റി 300 പേരുടെ പട്ടികയാണ് കമ്മിഷൻ നോക്കിയത്. അതിലും ഭൂരിപക്ഷം ജോസ് വിഭാഗത്തിനായിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ പട്ടികയിലും ജോസ് വിഭാഗം മേധാവിത്വം പുലർത്തിയപ്പോൾ അംഗീകാരം ജോസ് വിഭാഗത്തിനായി. ജോസഫിനും മോൻസിനും വിപ്പും പാർട്ടിയും പ്രശ്നമാകും ജോസ് വിഭാഗത്തിന്റേതാണ് ഔദ്യോഗിക കേരള കോൺഗ്രസ് എം എന്നു വന്നതോടെ രണ്ട് പ്രശ്നമാണ് ജോസഫ് വിഭാഗം നേരിടുന്നത്. ജോസഫ് വിഭാഗം എം.എൽ.എ.മാർക്ക് തിരഞ്ഞെടുക്കപ്പെട്ട കാലയളവിൽ മാതൃപാർട്ടിവിട്ട് മറ്റൊരു സംവിധാനത്തിൽ പ്രവർത്തിക്കാനാകാതെവരും. ചിഹ്നം നൽകിയ പാർട്ടിയെന്നനിലയിൽ അവർ കേരള കോൺഗ്രസ് എമ്മുകാരാണ്. അതുവിട്ട് മറ്റ് പാർട്ടിയുണ്ടാക്കുന്നത് അയോഗ്യത ക്ഷണിച്ചുവരുത്തും. രാജ്യസഭാ തിരഞ്ഞെടുപ്പ്, അവിശ്വാസപ്രമേയ വോട്ടിങ് എന്നിവയിലൂടെ അല്ലെങ്കിൽതന്നെ പി.ജെ. ജോസഫും മോൻസ് ജോസഫും വിപ്പ് ലംഘനപ്രശ്നം നേരിടുന്നുണ്ട്. അംഗീകരിക്കപ്പെട്ട പാർട്ടിയെന്നനിലയിൽ റോഷി അഗസ്റ്റിന്റെ വിപ്പാണ് അവർക്കും ബാധകം. സി.എഫ്. തോമസ് ജോസഫിനൊപ്പമാണെങ്കിലും നിയസഭയിൽ ഹാജരായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിപ്പ് ബാധകമാകില്ല.യു.ഡി.എഫ്. നിലപാടിൽ അയവ് കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ചതിന് യു.ഡി.എഫ്. നേതൃയോഗത്തിലേക്ക് ക്ഷണിക്കേണ്ടെന്ന തീരുമാനമേ മുന്നണി എടുത്തിട്ടുള്ളൂവെന്നും യു.ഡി.എഫിൽനിന്ന് പുറത്താക്കിയിട്ടില്ലെന്നുമുള്ള വിശദീകരണമാണ് നേതൃത്വം നൽകുന്നത്. യു.ഡി.എഫിലേക്ക് അവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തവുമാണ്. എന്നാൽ, പാർട്ടിക്ക് അംഗീകാരമായതോടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെന്നനിലയിൽ മുൻകാലത്ത് നൽകിയ സീറ്റുകൾ തങ്ങൾക്കുതന്നെ കിട്ടണമെന്ന ആവശ്യം അവർ മുന്നോട്ടുവെക്കും. വ്യക്തമായ ഫോർമുല ഉണ്ടാകാതെ ഒരു തിരിച്ചുപോക്കിന് അവർ തയ്യാറാകില്ല. പാർട്ടി യു.പി.എ.യുടെകൂടി ഭാഗമായതിനാൽ ദേശീയതലത്തിൽതന്നെ ഇതുസംബന്ധിച്ച ധാരണയുണ്ടാകണമെന്ന ആവശ്യവും ഉയർന്നേക്കും. ഇതേസമയം യു.ഡി.എഫ്. തങ്ങളെ പുറത്താക്കിയതിനാൽ ഇടതുമുന്നണിയുമായി സഹകരിക്കണമെന്ന ആവശ്യം ജോസ് വിഭാഗത്തിൽ പ്രകടമായുണ്ട്. യു.ഡി.എഫ്. രാഷ്ട്രീയം ഈ അച്ചുതണ്ടിലായിരിക്കും കുറച്ചുകാലത്തേക്ക് കറങ്ങുക.
from mathrubhumi.latestnews.rssfeed https://ift.tt/34T9pT1
via
IFTTT