ഭുവനേശ്വർ: ഒഡിഷയിൽ നിർത്തിയിട്ട കാർ തീപിടിക്കാനിടയാക്കിയത് വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസറാണെന്ന് സംശയം. ഭുവനേശ്വറിലെ രുചിക മാർക്കറ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കാറുടമയായ സഞ്ജയ് പത്ര സ്വന്തം മെഡിക്കൽഷോപ്പിന് സമീപം വാഹനം നിർത്തി പുറത്തിറങ്ങിയ ശേഷമായിരുന്നു തീപ്പിടിത്തമുണ്ടായത്. കാറിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഡാഷ്ബോർഡ്, സ്റ്റീയറിങ്, സീറ്റ് എന്നിവ സാറ്റിറ്റൈസർ ഉപയോഗിച്ച് സഞ്ജയ് അണുവിമുക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ വാഹനം നിർത്തി നൂറുമീറ്ററോളം നടന്നയുടനെ വാഹനത്തിന് തീപ്പിടിക്കുകയായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു. അഗ്നിരക്ഷാസേന അരമണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. തീപ്പിടിത്തത്തിന് രണ്ട് കാരണങ്ങളാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. ഷോർട്ട് സർക്യൂട്ടും കാറിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസറും. സാനിറ്റൈസർ ലീക്കായി എൻജിനിലെത്തിയതിനെ തുടർന്നുണ്ടായ ബാഷ്പം തീപ്പിടിത്തതിന് കാരണമാവാനിടയുണ്ടെന്ന് അഗ്നിരക്ഷാസേനാഉദ്യോഗസ്ഥർ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് പതിനഞ്ച് ദിവസം കൂടുമ്പോൾ കാറിനുള്ളിൽ അണുനശീകരണം നടത്തുന്നത് സഞ്ജയ് പത്രയുടെ പതിവായിരുന്നു. സംഭവദിവസം സാനിറ്റൈസറിന്റെ കുപ്പി അടച്ചിരുന്നോ എന്ന കാര്യത്തിൽ സഞ്ജയ് സംശയം പ്രകടിപ്പിച്ചു. വാഹനം സാനിറ്റൈസ് ചെയ്യുന്നതു കൊണ്ട് തീപ്പിടിത്തമുണ്ടാവാനാനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളഞ്ഞു. എന്നാൽ കുപ്പിയുടെ മൂടി തുറന്നിരുന്നാൽ സാനിറ്റൈസർ ബാഷ്പീകരിച്ച് അടച്ചിട്ട കാറിനുള്ളിൽ നിറയാനും വാഹനത്തിന്റെ ഉൾവശം ഒരു ഗ്യാസ് ചേംബറായിത്തീരാനും സാധ്യതയുണ്ടെന്നും ചെറിയൊരു തീപ്പൊരി വലിയ തീപ്പിടിത്തത്തിനിടയാക്കുമെന്നും വിദഗ്ധർ പറയുന്നു. വിവിധ ബ്രാൻഡുകളുടെ സാനിറ്റൈസറുകളിൽ വിവിധ അളവിലാണ് ആൽക്കഹോൾ അടങ്ങിയിരിക്കുന്നത്. ഇത് 60-80 ശതമാനം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. സാനിറ്റൈസറിലടങ്ങിയിരിക്കുന്ന ആൽക്കഹോളിന് തീപ്പിടിക്കാൻ 21 ഡിഗ്രി സെൽഷ്യസ് ഊഷ്മാവ് മതിയാകുമെന്ന് വിദഗ്ധർ പറയുന്നു. ഞായറാഴ്ച ഭുവനേശ്വറിൽ 35 ഡിഗ്രി സെൽഷ്യസായിരുന്നു പകൽ താപനില. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു. Content Highlights: Sanitiser on dashboard suspected of setting car ablaze at Bhubaneswar
from mathrubhumi.latestnews.rssfeed https://ift.tt/3hMNqRl
via
IFTTT