കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി തൃശ്ശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ 4.99 ശതമാനം ഓഹരി സ്വന്തമാക്കി. ഏതാണ്ട് 86 കോടി രൂപയാണ് ഇതിനായി അദ്ദേഹം മുതൽമുടക്കിയത്. ഇതോടെ, കേരളം ആസ്ഥാനമായ എല്ലാ ബാങ്കുകളിലും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഓഹരി പങ്കാളിത്തമായി. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയിൽ നിലവിൽ ഏതാണ്ട് അഞ്ചു ശതമാനത്തിനടുത്തുവീതം ഓഹരിയുണ്ട്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ ഏറ്റവും പുതിയതാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. 2017 മാർച്ചിലാണ് ഇത് നിലവിൽ വന്നത്. സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ബാങ്കിങ് സേവനങ്ങളെത്തിക്കാൻ സ്മോൾ ഫിനാൻസ് ബാങ്കുകൾക്ക് കഴിയുമെന്നും മികച്ച വളർച്ചാ സാധ്യതയുള്ളതിനാലാണ് ഇസാഫിൽ മൂലധന നിക്ഷേപം നടത്തുന്നതെന്നും എം.എ. യൂസഫലി 'മാതൃഭൂമി'യോട് പറഞ്ഞു. അദ്ദേഹത്തിന് നിക്ഷേപമുള്ള കാത്തലിക് സിറിയൻ ബാങ്കിന്റെ 51 ശതമാനം ഓഹരികൾ ഈയിടെ കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ നേതൃത്വത്തിലുള്ള ഫെയർഫാക്സ് ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്. ബാങ്കിന്റെ ആസ്ഥാനം തൃശ്ശൂരിൽ തന്നെ നിലനിർത്തുമെന്ന് പ്രേം വാട്സ ഉറപ്പു നൽകിയിട്ടുണ്ടെന്ന് യൂസഫലി വ്യക്തമാക്കി. സ്റ്റോക് ബ്രോക്കിങ് രംഗത്ത് പ്രവർത്തിക്കുന്ന ഡി.ബി.എഫ്.എസ്. എന്ന കമ്പനിയിലും യൂസഫലിക്ക് ഓഹരിയുണ്ട്. 6.9 ശതമാനം ഓഹരിയാണ് അദ്ദേഹത്തിന് കൊച്ചി ആസ്ഥാനമായുള്ള ഡി.ബി.എഫ്.എസിലുള്ളത്. ഖത്തറിലെ ദോഹ ബാങ്കിനും ഈ കമ്പനിയിൽ ഓഹരിയുണ്ട്. തൃശ്ശൂർ ജില്ലയിലെ തൃപ്രയാറിൽ ലുലു ഗ്രൂപ്പിന്റെ ഷോപ്പിങ് മാൾ ഉടൻ പ്രവർത്തനമാരംഭിക്കും. ജന്മനാടിനുള്ള സമ്മാനമാണ് 'വൈ മാൾ' എന്ന പേരിലുള്ള ഈ ഷോപ്പിങ് കേന്ദ്രം. തിരുവനന്തപുരത്തെ ലുലു ഷോപ്പിങ് മാൾ 2020 ജനുവരിയോടെ സജ്ജമാകുമെന്നും യൂസഫലി വ്യക്തമാക്കി. യു.കെ.യിലെ ബർമിങ്ഹാമിൽ 700 കോടി രൂപ മുതൽമുടക്കിൽ ഭക്ഷ്യസംസ്കരണ ശാലയും ലുലു ഗ്രൂപ്പ് നിർമിക്കുകയാണ്. 2019 നവംബറോടെ ഇത് പ്രവർത്തനമാരംഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2Dl29BJ
via
IFTTT